മറയൂര്‍: കാട്ടാനയില്‍ നിന്ന് സ്വന്തം ജീവന്‍ കൊടുത്ത് ഉടമയെയും കുടുംബത്തെയും രക്ഷിച്ച് ടോമി എന്ന വളര്‍ത്തു നായ. കലി പൂണ്ടു പാഞ്ഞടുത്ത കാട്ടാന ടോമിയെ കൊമ്പില്‍ കോര്‍ത്തെടുത്തപ്പോഴും ആനയുടെ കണ്ണില്‍ മാന്തി നായ അഞ്ചംഗ കുടുംബത്തെ കാക്കുകയായിരുന്നു.
കാന്തല്ലൂരിലാണ് വീട് ആക്രമിക്കാനെത്തിയ ഒറ്റയാന്‍ വളര്‍ത്തുനായയെ കുത്തിക്കൊന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വനാതിര്‍ത്തിയിലെ കൃഷികള്‍ ചവിട്ടിമെതിച്ച ശേഷം ആന കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ പറമ്പിലേക്കു കയറാന്‍ ശ്രമിക്കവേ കമ്പിവേലിയില്‍ കുരുങ്ങി. ഇതോടെ കലിയിളകിയ ആന വേലി തകര്‍ത്ത് സോമന്റെ വീടിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവര്‍ വീടിനുള്ളില്‍ത്തന്നെ ഇരുന്നു.
മുറ്റത്തെത്തിയ ഒറ്റയാന്‍ വീടിന്റെ തൂണില്‍ പിടിച്ചു. പറമ്പില്‍ കെട്ടിയിട്ട വളര്‍ത്തുനായ ടോമി ഇതോടെ തുടല്‍ പൊട്ടിച്ച് ഓടിയെത്തുകയായിരുന്നു. നായ കാലില്‍ കടിച്ചതോടെ ആനയുടെ നായയുടെ നേരെ പാഞ്ഞടുത്തു. വീണ്ടും കുരച്ചുകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച ടോമിയെ ആന കൊമ്പില്‍ കോര്‍ത്തെടുത്തു. വയറ്റില്‍ ആനക്കൊമ്പ് തുളഞ്ഞുകയറിയെങ്കിലും ആനയുടെ കണ്ണില്‍ ടോമി മാന്തി. ഇതോടെ നായയെ കുടഞ്ഞെറിഞ്ഞ് ആന സ്ഥലംവിട്ടു. ഗുരുതരമായി പരുക്കേറ്റ ടോമി ഇന്നലെ ഉച്ചയോടെ ചത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.