കാന്‍ബറ: കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദശം നല്‍കി ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ബോംബ് സ്‌ഫോടനം നടത്താന്‍ സാധ്യതയുള്ളതിനാല്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തേക്കു പോകരുതെന്നാണ് ഇരു രാജ്യങ്ങളും നല്‍കിയ നിര്‍ദേശം.
അതേസമയം വിമാനത്താവളത്തിന്റെ പരിസരത്താണ് പൗരന്മാര്‍ ഉള്ളതെങ്കില്‍ കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറണമെന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
ആറ് ഓസ്ട്രേലിയന്‍ ഫ്‌ളൈറ്റുകളിലും ഒരു ന്യൂസിലാന്‍ഡ് ഫ്‌ളൈറ്റിലുമായി കഴിഞ്ഞ രാത്രി 1200 പേരെ ഒഴിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഒഴിപ്പിക്കല്‍ ദൗത്യം ആരംഭിച്ചതിനുശേഷം ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് സേനകള്‍ 4,000 ത്തിലധികം ആളുകളെ പുറത്തെത്തിച്ചു. ഇതു പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയാണെന്നു മോറിസണ്‍ പറഞ്ഞു. കാബൂളില്‍നിന്ന് ആളുകളെ പുറത്തെത്തിക്കുക എന്ന ദൗത്യം കൂടുതല്‍ അപകടകരമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എസ് ബോംബാക്രമണ ഭീഷണിയെതുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അമേരിക്കയും ബ്രിട്ടനും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'അഫ്ഗാനിസ്ഥാനിലെ സ്ഥിതി വളരെ അപകടകരമാണ്. തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് അകന്നു നില്‍ക്കാനും സുരക്ഷയ്ക്കായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും ജാഗ്രത പാലിക്കാനും ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ സേഫ് ട്രാവല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം 80,000 ല്‍ അധികം ആളുകളെയാണ് സഖ്യസേന കാബൂളില്‍ നിന്ന് സുരക്ഷാ വിമാനങ്ങളില്‍ പുറത്തെത്തിച്ചത്. ഇപ്പോഴും ആയിരക്കണക്കിന് ആളുകളാണ് അഫ്ഗാനില്‍നിന്നു പുറത്തു കടക്കാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26