കോതമംഗലം: ഇടമലയാര്‍-പൂയംകുട്ടി വനത്തില്‍ പരസ്പരം ഏറ്റുമുട്ടി ആനയും കടുവയും ജീവന്‍ വെടിഞ്ഞു. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി കോളനിയില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെ കൊളുത്തിപെട്ടി ഭാഗത്തെ പുല്‍മേടിലാണ് കടുവയും ആനയും ചത്തു കിടക്കുന്നത്. വാരിയം വനം വകുപ്പ് ഔട്ട് പോസ്റ്റിലെ വനപാലകരാണ് ബുധനാഴ്ച ജഡം കണ്ടത്.
മോഴയിനത്തില്‍പ്പെട്ട ആനയ്ക്ക് 15 വയസും കടുവയ്ക്ക് ഏഴു വയസും പ്രായമുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെടുന്ന ജീവികളാണ് ഇവ. ജഡങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ഏറ്റുമുട്ടല്‍. പത്ത് വര്‍ഷം മുമ്പ് സൈലന്റ് വാലി വനപ്രദേശത്ത് ഇത്തരമൊരു സംഘടനം ക്യാമറയില്‍ പതിഞ്ഞതായി വനപാലകര്‍ പറയുന്നുണ്ട്.
ആനകളെ അക്രമിക്കാന്‍ ധൈര്യമുള്ള ഏക മൃഗം കടുവയാണ്. സാധാരണ നിലയില്‍ കടുവകള്‍ മുതിര്‍ന്ന ആനകളെ അക്രമിക്കില്ല. എന്നാല്‍ കുട്ടിയാനകളെ പിന്തുടരാറും ആക്രമിക്കാറുമുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
മലയാറ്റൂര്‍ ഡി.എഫ്.ഒ രവികുമാര്‍ മീണ, ഇടമലയാര്‍ റേഞ്ച് ഓഫീസര്‍ പി.എസ്. നിധിന്‍, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരായ ഡേവിഡ്, അനുമോദ്, വനപാലകരായ ഷിജുമോന്‍, സിയാദ്, അജു, സാദിഖ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.