കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. സംഭവത്തിന്റെ വിശദമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ നിന്നുള്ളതെന്ന് കരുതപ്പെടുന്ന നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനം നടന്നതായി പെന്റഗണ്‍ സ്ഥീരീകരിച്ചെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമായില്ലെന്നാണ് പറഞ്ഞത്.
വിമാനത്താവളത്തിലെ ഒരു പ്രധാന ഗേറ്റിനടുത്താണ് സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നതായാണ് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും താലിബാന്‍ തീവ്രവാദികളുമടക്കം 13 പേര്‍ മരിച്ചതായി അഫ്ഗാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിതി വിലയിരുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ സ്‌ഫോടനം നടന്നത് കാബൂള്‍ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകള്‍ക്ക് മുന്നില്‍ സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിരുന്നു. ഇന്നലെ സ്‌ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.