'ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല... നിങ്ങളെ പിന്തുടര്‍ന്ന് വേട്ടയാടും... ഇതിന് കണക്ക് ചോദിക്കും'- ജോ ബൈഡന്‍
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങളില്‍ മരണം 75 ആയി. 120 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) അഫ്ഗാന്‍ ഘടകമായ ഐ.എസ് ഖൊറാസന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയെയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഐ.എസ് അറിയിച്ചു.
13 യു.എസ് ദൗത്യസംഘാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കുണ്ട്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നിലെ ആബ്ബേ കവാടത്തിനു സമീപമാണ് ആദ്യം സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവില്‍ അമേരിക്കന്‍ സൈന്യത്തിനാണ്.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രാജ്യം വിടാന്‍ വിമാനത്താവളത്തിനു സമീപം തടിച്ചു കൂടിയിരുന്ന ആയിരക്കണക്കിന് ആളുകളുടെ ഇടയിലാണ് സ്ഫോടനം നടന്നത്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളുമുണ്ട്.
'ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടര്‍ന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും', സ്‌ഫോടനവിവരം സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വികാരാധീനനായാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനും ഭീകരര്‍ക്ക് താവളം നല്‍കുന്നവര്‍ക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15നാണ് താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.