സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഒക്ടോബറോടെ കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം 1,500 മുതല്‍ 6,000 വരെ ഉയര്‍ന്നേക്കുമെന്നു പുതിയ പഠനങ്ങള്‍. സിഡ്‌നി സര്‍വകലാശാലയുടെ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണ്ടെത്തലുള്ളത്. കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനശേഷി, നിലവിലെ ലോക്ഡൗണ്‍ ക്രമീകരണങ്ങള്‍, വാക്‌സിന്‍ വിതരണത്തിലെ പുരോഗതി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
അടുത്ത ആറാഴ്ച വരെ കോവിഡ് കണക്കുകള്‍ വലിയ തോതില്‍ ഉയര്‍ന്നേക്കില്ല എന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ പ്രതിദിന കോവിഡ് കേസുകള്‍ 40,000 ആയി ഉയര്‍ന്നേക്കും. തുടര്‍ന്നുള്ള മാസത്തില്‍, അര ദശലക്ഷം ആളുകള്‍ക്കു വരെ രോഗബാധയുണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ് രണ്ടു ഡോസും എടുത്തിട്ടുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്. ഇന്നലെ സംസ്ഥാനത്ത് 1,029 പുതിയ പ്രാദേശിക കേസുകളാണ് സ്ഥിരീകരിച്ചത്. ഓസ്ട്രേലിയയില്‍ ഒരു പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യയാണിത്.
ഓഗസ്റ്റ് 25 വരെ ലഭ്യമായ ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. 80 ശതമാനം മുതിര്‍ന്നവരും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്താലും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കിയാല്‍, പ്രതിദിന കേസുകള്‍ 40,000 വരെ ഉയരാമെന്നാണ് നിഗമനം.
തുടര്‍ച്ചയായ കോവിഡ് പരിശോധന, ഐസൊലേഷന്‍, ക്വാറന്റൈന്‍, അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ എന്നിവ നടപ്പാക്കിയാല്‍ പോലും തുടര്‍ന്നുള്ള മാസത്തില്‍ അര ദശലക്ഷം ആളുകളെ വൈറസ് ബാധിച്ചേക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്.
80 ശതമാനം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാലും ചില കോവിഡ് നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനാണ് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയറിന്റെയും ചീഫ് ഹെല്‍ത്ത് ഓഫീസറുടെയും തീരുമാനം. അതേസമയം ഏതൊക്കെ നിയന്ത്രണങ്ങളാണ് നിലനിര്‍ത്തുകയെന്നത് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് പ്രോത്സാഹജനകമാണെങ്കിലും, ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ കേസുകളില്‍ വേഗത്തിലുള്ള വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ മിഖായേല്‍ പ്രോകോപെന്‍കോ പറഞ്ഞു. ജനസംഖ്യയുടെ 80 ശതമാനവും രണ്ട് ഡോസ് കുത്തിവയ്പ്പും എടുത്തുകഴിഞ്ഞാല്‍ നവംബറോടെ ലോക്ഡൗണ്‍ നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിക്കുക എന്നതാണ് കേസുകള്‍ വര്‍ധിക്കുന്നത് തടയാനുള്ള ഏക പോംവഴി. നിയന്ത്രണങ്ങള്‍ പെട്ടെന്നു പിന്‍വലിച്ചാല്‍ ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്ന് മിഖായേല്‍ പ്രോകോപെന്‍കോ പറഞ്ഞു. ലോക്ക്ഡൗണിന് ശേഷമുള്ള വര്‍ധന കുട്ടികള്‍ ഉള്‍പ്പെടെ കുത്തിവയ്പ് എടുക്കാത്തവരെയും ബാധിച്ചേക്കും. കേസുകള്‍ പെട്ടെന്നു വര്‍ധിക്കുമ്പോള്‍ ആശുപത്രി സംവിധാനങ്ങള്‍ അതിനനുസൃതമായി തയ്യാറാകാത്തത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.
ഡിസംബര്‍ പകുതിയോടെ കേസുകളുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്ന് പ്രൊഫസര്‍ പ്രോകോപെന്‍കോ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26