കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സ്ത്രീ ഓസ്‌ട്രേലിയയില്‍ പിടിയിലായി

കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സ്ത്രീ ഓസ്‌ട്രേലിയയില്‍ പിടിയിലായി

സിഡ്‌നി: ട്രക്കില്‍ ഘടിപ്പിച്ച കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന് ക്വീന്‍ഡ് ലാന്‍ഡ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയിലായി. ന്യൂ സൗത്ത് വെയില്‍സില്‍നിന്നുള്ള 49 വയസുകാരിയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പോലീസ് പിടിലയിലായത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന കമ്പിളി പുതുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമിടയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്.


കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്ന യുവതിയെ പോലീസ് കണ്ടെത്തിയപ്പോള്‍.

ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. അതിര്‍ത്തിയില്‍ വച്ചു നടന്ന പോലീസ് പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. ട്രക്ക് തടഞ്ഞ പോലീസ് അതില്‍ കെട്ടിവച്ചിരുന്ന സെഡാന്റെ ഡിക്കി തുറക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ഡിക്കിയില്‍ നിറച്ചുവച്ചിരുന്ന കമ്പിളി പുതപ്പുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമിടയില്‍ ഒളിച്ചിരുന്ന സ്ത്രീയെ കണ്ടെത്തിയ പോലീസ് പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പോലീസ് വാഹനത്തില്‍ കയറ്റി ന്യൂ സൗത്ത് വെയില്‍സിലെ ബോഗാബില്ലയിലേക്ക് കൊണ്ടുപോയി. അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചതിന് സ്ത്രീക്ക് 4,135 ഡോളര്‍ പിഴ ചുമത്തി.

തന്റെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ക്വീന്‍സ് ലാന്‍ഡിലേക്കു മാറാനുള്ള ശ്രമത്തിലായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനവുമായി ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തിന് കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. അത് ഒരു മാസം കൂടി നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. മുന്‍പ് രണ്ടു തവണയും ഇതേ യുവതിയ്ക്ക് അതിര്‍ത്തിയില്‍ വച്ച് ക്വീന്‍സ് ലാന്‍ഡിലേക്കു പ്രവേശനം നിഷേധിച്ചിരുന്നതായി പോലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26