സിഡ്‌നി: ഏഴായിരത്തോളം ട്രക്ക് ഡ്രൈവര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്കിനെതുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ആഭ്യന്തര ചരക്ക് നീക്കം തടസപ്പെട്ടു. ഈ രംഗത്തെ വമ്പന്മാരായ ടോള്‍ ഗ്രൂപ്പിന്റെ ഡ്രൈവര്‍മാരാണ് ഒരു ദിവസത്തെ സമരം നടത്തുന്നത്. പണിമുടക്ക് പ്രധാന നഗരമായ സിഡ്‌നിയില്‍ ഉള്‍പ്പെടെ മരുന്ന് വിതരണത്തെ ബാധിച്ചതായി ടോള്‍ ഗ്രൂപ്പ് അറിയിച്ചു. കെട്ടിക്കിടക്കുന്ന ചരക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി ശനിയാഴ്ച്ച അധിക സര്‍വീസുകള്‍ നടത്താനാണു തീരുമാനം.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ചരക്ക് കമ്പനിയായ ടോള്‍ ഗ്രൂപ്പില്‍ നാല്‍പതിനായിരത്തോളം ഡ്രൈവര്‍മാരാണ് ജോലി ചെയ്യുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയനില്‍പെട്ട ഏഴായിരത്തോളം പേരാണ് കമ്പനിയുടെ പുതിയ വേതന പരിഷ്‌കാരത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് പണിമുടക്കിനിറങ്ങിയത്. സ്ഥാപനവും തൊഴിലാളികളും തമ്മിലുണ്ടാക്കുന്ന എന്റര്‍പ്രൈസ് ബാര്‍ഗെയ്‌നിംഗ് എഗ്രിമെന്റ് പ്രകാരമാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്.
അടുത്ത രണ്ടു വര്‍ഷത്തേക്ക് രണ്ടു ശതമാനം ശമ്പള വര്‍ധനയാണ് ടോള്‍ ഗ്രൂപ്പ് വാഗ്ദാനം ചെയ്തത്. കൂടാതെ ആയിരം ഡോളര്‍ ബോണസും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മൂന്നു ശതമാനം വേതന വര്‍ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സമരത്തിനിറങ്ങിയത്. പണിമുടക്കിനു മുന്നോടിയായി യൂണിയനും സ്ഥാപനവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. സ്ഥിരം ജീവനക്കാര്‍ക്കുള്ള ഓവര്‍ടൈം വെട്ടിച്ചുരുക്കാനും താല്‍ക്കാലിക കരാറുകാരെയും ജീവനക്കാരെയും കുറഞ്ഞ വേതനത്തില്‍ നിയമിക്കാനുള്ള ടോള്‍ ഗ്രൂപ്പിന്റെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും അവരുടെ തൊഴില്‍ സുരക്ഷിതത്വത്തെയും ജീവിത സാഹചര്യത്തെയും പിന്നോട്ടടിക്കുന്ന നയമാണ് ടോള്‍ ഗ്രൂപ്പ് സ്വീകരിക്കുന്നതെന്നും യുണിയന്‍ കുറ്റപ്പെടുത്തി. സ്ഥിരം ജീവനക്കാരെ ഓവര്‍ ടൈം ഡ്യൂട്ടിക്ക് അടക്കം പൂര്‍ണമായും ഉപയോഗിച്ച ശേഷം മാത്രമേ താല്‍ക്കാലികക്കാരെ നിയമിക്കൂ എന്നായിരുന്നു ടോള്‍ ഗ്രൂപ്പ് യൂണിയനുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ കമ്പനി തന്നെ ഇതു തെറ്റിക്കുന്നു എന്നാണ് യൂണിയന്റെ ആരോപണം.
ഓവര്‍ ടൈമിനെ ആശ്രയിച്ചാണ് പല ഡ്രൈവര്‍മാരുടെയും നിലനില്‍പ്പ് എന്നും അതുകൂടി നിലച്ചാല്‍ ജീവിതം കൂടുതല്‍ ബുന്ധിമുട്ടിലാകും എന്നും യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു.
ജൂനിയര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്ക് 21.53 ഡോളറാണ് മണിക്കൂറിന് പ്രതിഫലം. സീനിയര്‍ വര്‍ക്കര്‍മാര്‍ക്ക് അത് 27.53 ഡോളറാണ്. ഞായറാഴ്ച്ചകളില്‍ അടക്കം ഓവര്‍ടൈം ജോലി ചെയ്താല്‍ ഇതിന്റെ ഇരട്ടിയോളം ലഭിക്കും.
ആഭ്യന്തര ചരക്കു നീക്കത്തില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് ടോള്‍.
റീട്ടെയില്‍, ബിവറേജസ്, ആശുപത്രികള്‍, കാര്‍ഷിക ബിസിനസ്, ഖനനം തുടങ്ങി നിരവധി വ്യവസായ മേഖലകളില്‍ ടോളിന് ഉപഭോക്താക്കളുണ്ട്. ആശുപത്രികളില്‍ മരുന്ന് അടക്കം എത്തിക്കുന്നത് ഇവരുടെ ട്രക്ക് ഡ്രൈവര്‍മാരാണ്.
സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍മാരായ കോള്‍സ് ആന്‍ഡ് വൂള്‍സ് വര്‍ത്ത്, ഭക്ഷ്യ നിര്‍മ്മാതാക്കളായ മോണ്ടെലെസ്, ഫാസ്റ്റ് ഫുഡ് ചെയിന്‍ മക്‌ഡൊണാള്‍ഡ്‌സ് ഉള്‍പ്പെടെ ചരക്ക് നീക്കത്തിന് ടോളിനെ ആശ്രയിക്കുന്നുണ്ട്.
യൂണിയനില്‍ അംഗങ്ങളല്ലാത്ത താല്‍ക്കാലിക ജീവനക്കാരെയും കരാറുകാരെയും ചരക്ക് നീക്കത്തിന് ഉപയോഗിച്ചതായി ടോള്‍ ഗ്ലോബല്‍ എക്‌സ്പ്രസ് പ്രസിഡന്റ് അലന്‍ ബീച്ചം പറഞ്ഞു. കാട്ടുതീ, കോവിഡ് ഭീഷണി, സൈബര്‍ അറ്റാക്ക് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ സ്ഥാപനത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്‌നങ്ങള്‍ നേരിടാന്‍ കഴിഞ്ഞതായി അലന്‍ പറഞ്ഞു. സമരത്തെതുടര്‍ന്ന് നിലച്ച ചരക്ക് നീക്കം ശനിയാഴ്ച്ചയോടെ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കും. നിരവധി ക്ലയന്റുകള്‍ക്ക് അവരുടെ സാധനങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടെങ്കിലും അതു പരിഹരിക്കാന്‍ കഴിഞ്ഞതായും അലന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26