അനധികൃതമായി ഇറക്കുമതി ചെയ്ത തോക്കുകളുടെ വന്‍ ശേഖരവുമായി പെര്‍ത്തില്‍ യുവാവ് പിടിയില്‍

അനധികൃതമായി ഇറക്കുമതി ചെയ്ത തോക്കുകളുടെ വന്‍ ശേഖരവുമായി പെര്‍ത്തില്‍ യുവാവ് പിടിയില്‍

പെര്‍ത്ത്: ചൈനയില്‍ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത് വിവിധയിനം തോക്കുകള്‍ കൈവശം വച്ച യുവാവ് ഓസ്‌ട്രേലിയയില്‍ പിടിയില്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഹെലീന വാലിയില്‍ നടന്ന റെയ്ഡിലാണ് ഡസന്‍ കണക്കിന് തോക്കുകളും തോക്ക് നിര്‍മിക്കാനുപയോഗിക്കുന്ന യന്ത്രഭാഗങ്ങളും പിടിച്ചെടുത്തത്. സംഭവത്തില്‍ പെര്‍ത്ത് സ്വദേശിയായ 31 വയസുകാരനെയാണ് അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പെര്‍ത്തിനു സമീപം ഹെലേന വാലിയില്‍ പ്രതിയുടെ വീട് പരിശോധിച്ചത്. 50,000 ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളടക്കമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.

ലൈസന്‍സുള്ളതും ലൈസന്‍സില്ലാത്തതുമായ നിരവധി തോക്കുകളും തോക്കിന്റെ യന്ത്രഭാഗങ്ങളും റെയ്ഡില്‍ കണ്ടെത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ത്രീഡി പ്രിന്റര്‍ ഉപയോഗിച്ച് തോക്കിന്റെ യന്ത്രഭാഗങ്ങള്‍ ഇയാള്‍ നിര്‍മ്മിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത തോക്കുകള്‍ നവീകരിച്ച് കൂടുതല്‍ മാരകശേഷിയുള്ള ആയുധങ്ങളായി ഇയാള്‍ മാറ്റിയെടുത്തിരുന്നതായി പോലീസ് പറഞ്ഞു.

ചൈനയില്‍നിന്ന് ഓണ്‍ലൈനായാണ് ഇയാള്‍ തോക്കുകളും അതു നിര്‍മിക്കാനുള്ള യന്ത്രഭാഗങ്ങളും ഇറക്കുമതി ചെയ്തിരുന്നത്. തോക്കുകള്‍ നിര്‍മിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഹരം കണ്ടെത്തുന്നയാളാണ് പ്രതിയെന്ന് സാര്‍ജന്റ് സോണി അല്‍ബുക്കര്‍ക്കി പറഞ്ഞു. ഇത്തരം തോക്കുകള്‍ തെറ്റായ കൈകളില്‍ എത്തിപ്പെടുമ്പോഴുള്ള ഭവിഷ്യത്ത് വളരെ ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ രാജ്യത്തേക്ക് തോക്കുകള്‍ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതും അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. അത്തരം വ്യക്തികള്‍ക്കെതിരെ നിയമനടപടിയുണ്ടാകും.

ഇറക്കുമതി ചെയ്ത ഒന്‍പത് സ്റ്റീല്‍ ബാരലുകള്‍, അഞ്ച് സെലന്‍സറുകള്‍, രണ്ട് ത്രീ ഡി പ്രിന്ററുകള്‍, 6,000 ത്തിലധികം വെടിയുണ്ടകള്‍, തോക്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ എന്നിവ തെരച്ചിലില്‍ പിടിച്ചെടുത്തു.

തോക്ക് കൈവശം വയ്ക്കാനുള്ള പെര്‍ത്ത് സ്വദേശിയുടെ ലൈസന്‍സ് റദ്ദാക്കി. ഇയാളെ മിഡ്ലാന്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അനധികൃതമായി തോക്കുകള്‍ നിര്‍മ്മിച്ചതിന് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26