ജ്യുസെപ്പെ മൊസ്‌കാതി: വിശുദ്ധനായ വൈദ്യന്‍

ജ്യുസെപ്പെ മൊസ്‌കാതി: വിശുദ്ധനായ വൈദ്യന്‍

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഒമ്പതാം ഭാഗം.

ത്മായര്‍ക്ക് വിശുദ്ധി അപ്രാപ്യമല്ല എന്നതിന്റെ ഉത്തമ നിദര്‍ശനമാണ് ജ്യുസെപ്പെ മൊസ്‌കാതി. 1987 ല്‍ അത്മായര്‍ക്കുവേണ്ടിയുള്ള സിനഡിന്റെ അവസാനം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയാണ് ജ്യുസെപ്പെ മൊസ്‌കാതി. 1880 സെപ്റ്റംബര്‍ 25 നു ഇറ്റലിയിലെ ബെനെവെന്തോ എന്ന സ്ഥലത്താണ് ജ്യുസെപ്പെ മൊസ്‌കാതിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനത്തില്‍ അസാധാരണ മികവ് പുലര്‍ത്തിയിരുന്നു.


അദ്ദേഹത്തിന്റെ പിതാവ് ഒരു നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്നെങ്കിലും മൊസ്‌കാതി വൈദ്യത്തിലേക്കാണ് തിരിഞ്ഞത്. 1884 ല്‍ അവരുടെ കുടുംബം നാപ്പോളിയിലേക്ക് സ്ഥലം മാറി. തന്റെ പന്ത്രണ്ടാം വയസില്‍ ജ്യേഷ്ഠ സഹോദരനായ ആല്‍ബെര്‍ത്തോയ്ക്കുണ്ടായ രോഗാവസ്ഥയില്‍ അദ്ദേഹത്തിന് ലഭിച്ച വൈദ്യ പരിചണം വൈദ്യ മേഖലയിലേക്ക് തിരിയാന്‍ മൊസ്‌കാതിയെ പ്രേരിപ്പിച്ചു. സൈന്യ സേവനത്തിനിടയില്‍ കുതിരപ്പുറത്തു നിന്നു വീണ ആല്‍ബെര്‍ത്തോ സുഖപ്പെടുത്താനാവാത്ത വിധം തലക്ക് പരിക്കേറ്റ് കിടപ്പായി.

അദ്ദേഹത്തെ പരിചരിച്ച വൈദ്യ മേഖലയിലുള്ളവര്‍ മൊസ്‌കാതിയെ വളരെ സ്വാധീനിച്ചു. തന്റെ ജീവിതം ശാരീരികവും ആത്മീയവുമായ കഷ്ടതകള്‍ കുറക്കാനുള്ള ഒരു നിയോഗമായി അദ്ദേഹം കണക്കാക്കി. അദ്ദേഹത്തിന്റെ വൈദ്യശുശ്രൂഷ പലപ്പോഴും സൗജന്യമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ജീവിതനിയോഗം എത്രത്തോളം സേവനനിഷ്ഠമായിരുന്നു എന്നതിന്റെ ഉദാഹരണമാണ്. ബിരുദം പൂര്‍ത്തിയാക്കിയ 1897 ല്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. 1903 ല്‍ വൈദ്യ ശാസ്ത്രത്തില്‍ അദ്ദേഹം ഗവേഷണപഠനം പൂര്‍ത്തീകരിച്ചു.

ഒന്നാം ലോകമഹായുദ്ധ കാലത്ത് മൊസ്‌കാതി സൈനിക സേവനത്തിനു വിളിക്കപ്പെട്ടിരിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശുശ്രൂഷ കൂടുതല്‍ ആവശ്യമായത് മുറിവേറ്റവരെ സുഖപ്പെടുത്തുന്ന മേഖലയിലാണെന്ന് മനസിലാക്കി അധികൃതര്‍ തിരിച്ചയച്ചു.
തന്നെ കാണാന്‍ വരുന്ന രോഗികളില്‍നിന്നും പണം വാങ്ങാതെ അവര്‍ക്ക് മരുന്നിനുള്ള പണം മൊസ്‌കാതി അങ്ങോട്ട് നല്‍കുമായിരുന്നു. വൈദ്യമല്ല കരുണയാണ് ലോകത്തെ മാറ്റുന്നത് എന്ന് തന്റെ വിദ്യാര്‍ത്ഥികളൊട് അദ്ദേഹം പറയുമായിരുന്നു. തന്റെ കരുണയുടെ ശുശ്രൂഷ തുടരുന്നതിനും കരുണയുള്ള മറ്റു ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്നതിനുമായി അദ്ദേഹം തനിക്ക് ലഭിച്ച പല സ്ഥാനങ്ങളും വേണ്ടെന്നു വെച്ചു.


ഓരോ രോഗിയെയും കാണുന്നതിനു മുന്‍പ് കര്‍ത്താവിനോട് അല്‍പസമയം പ്രാര്‍ത്ഥിച്ചു തയ്യാറാകുന്നതായിരുന്നു മൊസ്‌കാതിയുടെ രീതി. രോഗികളെ പരിചരിക്കുന്നതാണ് തന്റെ ജീവിത നിയോഗം എന്ന് തിരിച്ചറിഞ്ഞു തന്റെ ജീവിതം മുഴുവന്‍ ഈ ലക്ഷ്യപ്രാപ്തിക്കായി അദ്ദേഹം ക്രമീകരിച്ചു. തന്റെ ജീവിതത്തെപ്പറ്റിയോ നിയോഗത്തെപ്പറ്റിയോ പ്രസംഗിക്കാനോ എഴുതാനോ തുനിയാതെ നിശബ്ദമായി ജീവിത മാതൃകകൊണ്ട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. ശാരീരികമായ കാരുണ്യ പ്രവര്‍ത്തികള്‍ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ആളാണ് ജ്യുസെപ്പെ മൊസ്‌കാതി.

വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും രോഗികളെ സന്ദര്‍ശിക്കാനും തെരുവില്‍ കഴിയുന്നവരെ സഹായിക്കാനും അദ്ദേഹം പ്രത്യേകം ഉത്സാഹിച്ചു. ആത്മീയമായ കാരുണ്യ പ്രവര്‍ത്തികളും ഉത്സാഹപൂര്‍വ്വം ചെയ്തിരുന്നു. അറിവില്ലാത്തവരെ പഠിപ്പിക്കുക, വിശേഷാല്‍ ധാര്‍മികമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക എന്നത് മൊസ്‌കാതിയുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു നിയോഗമായിരുന്നു. ജീവിതം മുഴുവന്‍ ബ്രഹ്മചാരിയായി തുടര്‍ന്നയാളാണ് മൊസ്‌കാതി. തന്റെ മുപ്പത്തിനാലാം വയസില്‍ അദ്ദേഹം തന്നെത്തന്നെ ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിച്ചു. ശാസ്ത്രമല്ല, ഉപവിയാണ് ലോകത്തെ മാറ്റുന്നതെന്നു ഒരിക്കല്‍ തന്റെയൊരു വിദ്യാര്‍ത്ഥിക്ക് അദ്ദേഹം എഴുതുകയുണ്ടായി.

ഏകദേശം ഇരുപതോളം വൈദ്യ മേഖലകളില്‍ അദ്ദേഹം നിപുണനായിരുന്നു. പരമ്പരാഗത അറിവുകളെ നവീനമായ കണ്ടുപിടുത്തങ്ങളോട് കൂട്ടിച്ചേര്‍ത്തു പുതിയ ചികിത്സാവിധികള്‍ രൂപപ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. രോഗികളെ പരിശോധിക്കുന്നത് കാണാനും മനസിലാക്കാനും മറ്റു ഡോക്ടമാര്‍ മൊസ്‌കാതിയോടൊപ്പം പോകാറുണ്ടായിരുന്നു. അവരോട് ശരീരത്തെ മാത്രമല്ല ആത്മാവിനെയും കൂടിയാണ് ചികിത്സിക്കേണ്ടത് എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുമായിരുന്നു. തന്റെ അമ്മയുടെ മരണമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള പരീക്ഷണങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചത്.

1914 ല്‍ സംഭവിച്ച അമ്മയുടെ മരണം ഈ മേഖലയില്‍ കൂടുതല്‍ പഠിക്കാന്‍ പ്രേരണ നല്‍കി. ഇന്നും കുട്ടികളിലെ ഡയബെറ്റിസ് നിയന്ത്രിക്കുന്ന മേഖലയില്‍ മൊസ്‌കാതിയുടെ സംഭാവനകള്‍ ശാസ്ത്രലോകം നന്ദിയോടെ സ്മരിക്കുന്നു. ഇറ്റലിയില്‍ ഇന്‍സുലിന്‍ ചികിത്സ ആദ്യമായി ആരംഭിക്കുന്നത് മൊസ്‌കാതിയാണ്. ആധുനിക ഡയബറ്റിക് പഠനങ്ങളുടെയും (Diabetology) എന്‍ഡോക്രൈന്‍ പഠനങ്ങളുടെയും (Endocrinology) ഒരു തുടക്കക്കാരനായി അദ്ദേഹത്തെ ഗണിക്കാവുന്നതാണ്. കിഡ്‌നിയിലെ നെഫ്രെറ്റിസ് (Nephritis) എന്ന സ്ഥലത്തുള്ള രക്തത്തിന്റെ അളവ് കണ്ടെത്താന്‍ ഹശഴവ ോശരൃീരെീു്യ എന്ന രീതി പ്രയോഗിക്കുന്നതിന്റെ സാധ്യതകളും അദ്ദേഹം പഠനവിഷയമാക്കി.

1927 ഏപ്രില്‍ 12 നു മൊസ്‌കാതി ഈ ലോകത്തിലെ ശുശൂഷ പൂര്‍ത്തീകരിച്ച് യാത്രയായി. 1975 ല്‍ അദ്ദേഹം വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തപ്പെട്ടു. 1987 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ശാസ്ത്രമേഖലയില്‍ വ്യാപരിക്കുന്ന അത്മായര്‍ക്കും വിശുദ്ധരാകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജ്യുസെപ്പെ മൊസ്‌കാതി. സഭാവിരുദ്ധമായ ഒരു പഠനസാഹചര്യത്തില്‍ പഠിച്ച, പൗരോഹിത്യത്തെ അവമതിച്ച ഒരു സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ ക്രിസ്തീയ വിശ്വാസത്തിനു ജീവിതം കൊണ്ട് സാക്ഷ്യം വഹിച്ചയാള്‍ എന്ന നിലയില്‍ ജ്യുസെപ്പെ മൊസ്‌കാതി നമ്മുടെ കാലഘട്ടത്തിനു തന്നെ മാതൃകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.