അല്‍ ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനെ 2011 ല്‍ വധിച്ച അതേ യൂണിറ്റില്‍ നിന്നുള്ള പ്രഗത്ഭരായ കമാന്‍ഡോകള്‍ ആയിരുന്നു ഈ ഓപ്പറേഷനിലും ഉണ്ടായിരുന്നത്.
'മൃതദേഹങ്ങള്‍ മുങ്ങിപ്പോകുന്നതിനായി കമാന്‍ഡോകള്‍ ബോട്ടിലുണ്ടായിരുന്നവരുടെ ശ്വാസകോശം കത്തി ഉപയോഗിച്ച് തുളച്ചു. വൈകാതെ ദൗത്യം റദ്ദാക്കി അവര്‍ മടങ്ങി' - എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്.
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ നിരീക്ഷിക്കുന്നതിനായി അമേരിക്കന്‍ നേവി നടത്തിയ ശ്രമവും അതിന്റെ പരാജയവും വ്യക്തമാക്കുന്ന എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്. വിഷയവുമായി ബന്ധമുള്ള രണ്ട് ഡസനോളം പേരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പത്രം പറയുന്നു.
അമേരിക്കന്‍ നേവിയുടെ എലൈറ്റ് യൂണിറ്റായ സീല്‍സാണ് അതി സാഹസികമായ ഈ ദൗത്യം കൈകാര്യം ചെയ്തത്. എന്നാല്‍ ദൗത്യം പരാജയപ്പെടുകയും യു.എസ് കമാഡോകളുടെ ആക്രമണത്തില്‍ ഉത്തര കൊറിയയിലെ സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
കിമ്മിനെ നിരീക്ഷിക്കുന്നതിനായി ഒരു ശ്രവണ ഉപകരണം സ്ഥാപിക്കുന്നതിനുള്ള അതി സാഹസികമായ ദൗത്യത്തിന് 2019 ലാണ് സീല്‍സ് ഒരുങ്ങിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണ കാലത്ത് കിമ്മുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും തമ്മില്‍ നിര്‍ണായകമായ ആണവ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
അക്കാലത്താണ് ഇത്തരമൊരു ദൗത്യത്തിനായി സീല്‍സ് ഒരുങ്ങിയത്. അതിസാഹസികമായ ദൗത്യമായതിനാല്‍ പ്രസിഡന്റിന്റെ അംഗീകാരം ആവശ്യമായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ദൗത്യത്തെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. താനതിനെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നതെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
മാസങ്ങളോളം പരിശീലനം നടത്തിയിരുന്നെങ്കിലും ദൗത്യം പരാജയപ്പെടുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. അല്‍ ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനെ 2011 ല്‍ വധിച്ച അതേ യൂണിറ്റില്‍ നിന്നുള്ള പ്രഗത്ഭരായ കമാന്‍ഡോകള്‍ ആയിരുന്നു ഈ ഓപ്പറേഷനിലും ഉണ്ടായിരുന്നത്.
ചെറിയ മുങ്ങിക്കപ്പലുകളിലാണ് ഇവര്‍ ഉത്തര കൊറിയയെ ലക്ഷ്യമാക്കി നീങ്ങിയത്. മണിക്കൂറുകളോളം അതിശൈത്യമുള്ള വെള്ളത്തില്‍ കഴിഞ്ഞ ശേഷം കമാന്‍ഡോകള്‍ തീരത്തേക്ക് നീന്തി. പ്രദേശം വിജനമാണെന്ന് സീല്‍സ് കരുതിയെങ്കിലും അവിടെ മറ്റൊരു ബോട്ട് ഉണ്ടായിരുന്നു. ചെറിയ ബോട്ട് മുങ്ങിക്കപ്പലുകള്‍ക്ക് സമീപത്തേക്കെത്തി.
ബോട്ടിലുണ്ടായിരുന്നവരുടെ കയ്യില്‍ ഫ്ളാഷ് ലൈറ്റുകള്‍ ഉണ്ടായിരുന്നു. ബോട്ടില്‍ നിന്ന് ഒരാള്‍ വെള്ളത്തിലേക്ക് ചാടുകയും ചെയ്തു. അപകട സാഹചര്യമാണെന്ന തോന്നലില്‍ മുതിര്‍ന്ന സീല്‍ ഉദ്യോഗസ്ഥന്‍ ബോട്ടിന് നേരെ വെടിയുതിര്‍ത്തു. ബാക്കിയുള്ള കമാന്‍ഡോകളും വെടിയുതിര്‍ത്തു.
അടുത്തെത്തിയപ്പോഴാണ് കടല്‍ വിഭവങ്ങള്‍ ശേഖരിക്കാനെത്തിയവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് കമാന്‍ഡോകള്‍ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ മുങ്ങിപ്പോകുന്നതിനായി കമാന്‍ഡോകള്‍ ബോട്ടിലുണ്ടായിരുന്നവരുടെ ശ്വാസകോശം കത്തി ഉപയോഗിച്ച് തുളച്ചു. ദൗത്യം റദ്ദാക്കി കമാന്‍ഡോകള്‍ മടങ്ങി.
ഈ ദൗത്യം നിരവധി സൈനിക പുനപരിശോധനകള്‍ക്ക് കാരണമായെന്നും സാധാരണക്കാരുടെ കൊലപാതകങ്ങള്‍ ന്യായീകരിക്കാവുന്നതാണെന്ന നിഗമനത്തിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുനപരിശോധനകളുടെ ഫലങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.