ബീജിങ്: ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിക്ക് എത്തിയ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഇത്തവണയും തന്റെ പതിവ് യാത്രാ രീതി മാറ്റിയില്ല. ഉത്തര കൊറിയയില്‍ നിന്ന് സ്വന്തം ട്രെയിനില്‍ സായുധ അകമ്പടിയോടെയാണ് കിം ചൈനയിലെത്തിയത്.
അനന്തരാവകാശിയെന്ന് കരുതപ്പെടുന്ന മകള്‍ കിം ജു ഏയും കിം ഒപ്പം കൂട്ടി. ജപ്പാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട ചൈനയുടെ വിജയദിന പരേഡില്‍ പങ്കെടുക്കാനാണ് കിമ്മും മകളും എത്തിയത്. 1959 ന് ശേഷം ഇതാദ്യമായാണ് ഒരു ഉത്തരകൊറിയന്‍ ഭരണാധികാരി ചൈനയുടെ സൈനിക പരേഡില്‍ പങ്കെടുക്കുന്നത്.
സ്വകാര്യ ജെറ്റില്‍ പറക്കുന്ന മിക്കവാറും ലോക നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി വേഗത കുറഞ്ഞ, പരമ്പരാഗത യാത്രാ മാര്‍ഗമായ, എന്നാല്‍ കനത്ത സുരക്ഷയുള്ളതുമായ ട്രെയിനാണ് കിം യാത്രക്കായി തിരഞ്ഞെടുക്കുന്നത്.
2011 ല്‍ കിം അധികാരമേറ്റെടുത്തതു മുതല്‍, പച്ചയും മഞ്ഞയും നിറത്തിലുള്ള ഈ ട്രെയിന്‍ ലോകത്തിന് അത്ഭുതമാണ്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയ വിമാനയാത്ര ഒഴിവാക്കി കിം ട്രെയിന്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ ചരിത്ര പ്രാധാന്യമുള്ള പല കാരണങ്ങളുണ്ട്.
ഇതില്‍ ഒരു കാരണം കുടുംബ ചരിത്രമാണ്. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലും മുത്തച്ഛന്‍ കിം ഇല്‍ സുങും വിമാന യാത്രയെ ഭയപ്പെട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. 1982 ല്‍ അവരുടെ ജെറ്റിന്റെ പരീക്ഷണ പറക്കലിനിടെ ഒരു സ്‌ഫോടനം കണ്ടപ്പോഴാണ് ഈ ഭയം ആരംഭിച്ചതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് വര്‍ഷത്തിന് ശേഷം കിം ഇല്‍ സുങ് സോവിയറ്റ് യൂണിയനിലേക്ക് നടത്തിയതായിരുന്നു അവസാന വിമാന യാത്ര. പിന്നീട് ഉത്തര കൊറിയന്‍ നേതാക്കള്‍ വിമാന യാത്ര പൂര്‍ണമായും ഉപേക്ഷിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വിമാന യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കിയ കിം ജോങ് ഇല്‍ ചൈനയിലേക്കും റഷ്യയിലേക്കും കവചിത ട്രെയിനില്‍ മാത്രമായിരുന്നു പിന്നീട് സന്ദര്‍ശനം നടത്തിയത്. 2001 ല്‍ അദേഹം നടത്തിയ യാത്ര ഏറെ ചര്‍ച്ചയായിരുന്നു.

ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങില്‍ നിന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്ക് 20,000 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് അദേഹം നടത്തിയത്. ഈ യാത്രയ്ക്കായി ഏകദേശം 24 ദിവസം അദേഹം ചെലവഴിച്ചു. തന്റെ അവസാന നാളുകളിലും കിം ജോങ് ഇല്‍ ട്രെയിന്‍ യാത്ര ഉപേക്ഷിച്ചില്ല. 2011 ല്‍ ട്രെയിന്‍ യാത്രക്കിടെയാണ് അദേഹം ഹൃദയാഘാതം മൂലം മരിച്ചത്.
കുടുംബ ചരിത്രത്തിന് പുറമെ ഉത്തര കൊറിയന്‍ നേതാക്കള്‍ ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം സുരക്ഷയാണ്. പതിറ്റാണ്ടുകളായി ഉത്തര കൊറിയന്‍ നേതാക്കള്‍ മന്ദഗതിയിലുള്ളതും എന്നാല്‍ ശക്തമായതുമായ റെയില്‍ ശൃംഖലയെയാണ് യാത്രക്കായി തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ പഴയ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കവചിത ട്രെയിന്‍ കൂടുതല്‍ സുരക്ഷയും സുഖമായ യാത്രയും ലഭ്യമാക്കുന്നു എന്നാണ് വിശദീകരണം.
ഉത്തര കൊറിയന്‍ നേതാക്കള്‍ ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ മറ്റൊരു തന്ത്രപരമായ ലക്ഷ്യവുമുണ്ട്. പറക്കലിനിടെ വിമാനം ആക്രമിക്കപ്പെട്ടാല്‍ അതിജീവനത്തിനുള്ള സാധ്യത വളരെ കുറവായിരിക്കും. എന്നാല്‍ ട്രെയിനിന് വേഗത കുറവാണെങ്കിലും, അതിജീവന സാധ്യത കൂടുതലാണ്.
മാത്രമല്ല നേതാവിന്റെ നീക്കങ്ങള്‍ ശത്രുക്കള്‍ക്കടക്കം പ്രവചിക്കാനും പ്രയാസകരമാകുന്നു. കൂടാതെ ട്രെയിന്‍ യാത്രയില്‍ റൂട്ടുകള്‍ മാറ്റാനും സ്റ്റോപ്പുകള്‍ ക്രമീകരിക്കാനും കഴിയും. ലക്ഷ്യസ്ഥാനത്ത് എത്തുന്ന കൃത്യമായ സമയം വളരെ അപൂര്‍വമായി മാത്രമേ മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന മെച്ചവും ട്രെയിന്‍ യാത്രയ്ക്കുണ്ടെന്നാണ് ഉത്തര കൊറിയന്‍ നേതാക്കള്‍ പറയുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.