നിറകണ്ണുകളോടെ അന്റോണിയയും ആന്‍ഡ്രിയയും... ആധുനിക ലോകം കണ്ട ഏറ്റവും ഭാഗ്യപ്പെട്ട ക്രൈസ്തവ ദമ്പതികള്‍

നിറകണ്ണുകളോടെ അന്റോണിയയും ആന്‍ഡ്രിയയും... ആധുനിക ലോകം കണ്ട ഏറ്റവും ഭാഗ്യപ്പെട്ട ക്രൈസ്തവ ദമ്പതികള്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയില്‍ നിരവധി വിശുദ്ധരുണ്ട്. സഭ വിശുദ്ധരെ പ്രഖ്യാപിക്കുന്നത് പുതുമയുള്ള കാര്യവുമല്ല.

എന്നാല്‍ തങ്ങളുടെ മക്കളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. വിശുദ്ധ പദവി നിര്‍ണയ പ്രക്രിയ പൂര്‍ണമായി പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ എടുത്തേക്കാം എന്നതാണ് കാരണം.

ആ അനിതര സാധാരണ സൗഭാഗ്യമാണ് ഞായറാഴ്ച വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ മാതാപിതാക്കളായ അന്റോണിയ സല്‍സാനോയ്ക്കും ആന്‍ഡ്രിയ അക്യുട്ടിസിനും ലഭിച്ചത്. സഹോദരി അന്റോണിയ അക്യുട്ടിസ്, ഇളയ സഹോദരന്‍ മിഷേല്‍ അക്യുട്ടിസ് എന്നിവരും തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു.

സഭയുടെ ആധുനിക ചരിത്രത്തില്‍ തങ്ങളുടെ മക്കളുടെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് അമ്മമാര്‍ക്കേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. അത് കാര്‍ലോയുടെ മാതാവ് അന്റോണിയ സല്‍സാനോയും 1950 ജൂണ്‍ 24 ന് വിശുദ്ധയായി ഉയര്‍ത്തപ്പെട്ട മരിയ ഗൊരേത്തിയുടെ അമ്മ അസുന്ത കാര്‍ലിനി ഗൊരേത്തിയുമാണ്. മരിയ ഗൊരേത്തിയുടെ പിതാവ് 1900 ല്‍ മരണമടഞ്ഞിരുന്നു.

വിശുദ്ധ മരിയ ഗൊരേത്തിയുടെ മാതാവ് അസുന്ത കാര്‍ലിനി ഗൊരേത്തിയും വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ അമ്മ അന്റോണിയ സല്‍സാനോയും.

കാര്‍ലോ അക്യുട്ടിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയെയും വിശുദ്ധരായി ഉയര്‍ത്തുന്ന തിരുക്കര്‍മങ്ങള്‍ക്കിടെ നടന്ന ദിവ്യബലിയില്‍ പ്രതിവചന സങ്കീര്‍ത്തനം ചൊല്ലാനും കാഴ്ച സമര്‍പ്പണത്തില്‍ പങ്കെടുക്കുവാനും അക്യുട്ടിസിന്റെ കുടുംബാംഗങ്ങള്‍ക്ക് അവസരം ലഭിച്ചു.

കുര്‍ബാന മധ്യേയുള്ള പഴയനിയമ വായന നടത്തിയത് കാര്‍ലോയുടെ ഇളയ സഹോദരനായ മിഷേലായിരുന്നു. വചന വായനയ്ക്കു ശേഷം ലോകം കാത്തിരുന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം വന്നപ്പോള്‍ സകല കാമറ കണ്ണുകളും ബലിവേദിയോടു ചേര്‍ന്നുള്ള വിവിഐപി ഗാലറിയില്‍ ഉണ്ടായിരുന്ന കാര്‍ളോയുടെ കുടുംബാംഗങ്ങളുടെ മുഖത്തായിരുന്നു. ദൈവ മഹത്വത്തിന് നന്ദി പറഞ്ഞ് ഈറനണിഞ്ഞ കണ്ണുകളോടെ അവര്‍ നിലകൊണ്ടു.

നിറ കണ്ണുകളാല്‍ പുഞ്ചിരി തൂകിക്കൊണ്ടുള്ള അമ്മ അന്റോണിയ സല്‍സാനോയുടെ ചിത്രങ്ങള്‍ തിരുക്കര്‍മങ്ങള്‍ക്ക് തൊട്ടു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

താന്‍ വലിയ ദൈവ വിശ്വാസിയായിരുന്നില്ലെന്നും വിശ്വാസത്തില്‍ ആഴപ്പെടുത്തിയത് കാര്‍ലോയുടെ സ്വാധീനമായിരിന്നുവെന്നും നിരവധി തവണ അഭിമുഖങ്ങളില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുക്കര്‍മങ്ങള്‍ക്ക് പിന്നാലെ വിശുദ്ധ കാര്‍ളോയുടെ കുടുംബം മാര്‍പാപ്പയുമായി കൂടിക്കാഴ്ചയും നടത്തി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.