കോവിഡിൽ ജോലി നഷ്ട്ടപെട്ട യുവാക്കള്‍ക്ക് കൃഷി വരുമാനമേകി

കോവിഡിൽ ജോലി നഷ്ട്ടപെട്ട യുവാക്കള്‍ക്ക് കൃഷി വരുമാനമേകി

കോവിഡ് മഹാമാരി എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ വ്യത്യസ്ത കൃഷിയിലൂടെ പുതിയ ജീവിതവഴി കണ്ടെത്തിയിരിക്കുകയാണ് രണ്ടു യുവാക്കൾ. കോവിഡ് പ്രതിസന്ധികൾ ഇവർക്ക് നൽകിയത് തീറ്റപ്പുൽകൃഷിയുടെ പാഠങ്ങളായിരുന്നു. ഇപ്പോൾ മികച്ച നേട്ടംകൊയ്ത സന്തോഷത്തിലാണ് ഇരുവരും.

കറുകുറ്റി സ്വദേശി മാഞ്ചേരി ഷിജോ നെടുമ്പാശ്ശേരിയിൽ എക്യുപ്മെന്റ് ഓപ്പറേറ്ററായിരുന്നു. അങ്കമാലി മൂലൻ ജോബി കുരിയാക്കോസ് ഖത്തർ വിമാനത്താവളത്തിൽ ഹോട്ടൽ മാനേജ്മെന്റ് ജോലിയിലും. എന്നാൽ, കോവിഡ് മൂലം 2019 മാർച്ചിൽ ജോലി നഷ്ടപ്പെട്ടു. ഇതോടെയാണ് ഉള്ളിലുണ്ടായിരുന്ന കൃഷി താല്പര്യം ഇരുവർക്കും ഉണ്ടായത്. ആ താൽപര്യം തീറ്റപ്പുൽ കൃഷി എന്ന ആശയത്തിലേക്ക് നയിച്ചു.

വെറ്റിലപ്പാറ എക്സ് സർവീസ്മെൻ കോളനിയുടെ സ്ഥലം കൃഷിക്ക് പാട്ടത്തിന് നൽകുന്നുണ്ടെന്നറിഞ്ഞ് ഇവർ 12 ഏക്കർ പാട്ടത്തിനെടുത്തു. പല ഭാഗത്തും ആവശ്യത്തിന് പുല്ല് ലഭിക്കാത്തതിനാൽ ഫാമുകൾ പൂട്ടിയ വിവരം കേട്ടതിനെ തുടർന്ന് അധികമാരും ചെയ്തിട്ടില്ലാത്ത തീറ്റപ്പുൽകൃഷിയിലേക്കെത്തി ആലോചനകൾ. മികച്ച പുല്ലിനങ്ങളായ സൂപ്പർ നേപ്പിയർ, കേരളത്തിൽ അധികം കാണാത്ത റെഡ് നേപ്പിയർ എന്നിവയാണ് കൃഷിചെയ്യുന്നത്.

എട്ടേക്കറിൽ പുല്ലും നാലേക്കറിൽ പയർ, വാഴ, ചേന, മത്ത, കുമ്പളം തുടങ്ങിയവയും നട്ടു. ഇവിടെത്തന്നെ പശു, എരുമ ഫാം തുടങ്ങാനും പദ്ധതിയുണ്ട്. ഇടുക്കി, കണ്ണൂർ, ആലപ്പുഴ, എറണാകുളം തൃശൂർ തുടങ്ങി വിവിധ ജില്ലകളിലേക്കാണ് തീറ്റപ്പുൽ വിൽപ്പന. ആനകൾക്കും ഇവിടെനിന്ന് പുല്ല് എത്തിക്കുന്നുണ്ട്. കിലോയ്ക്ക് മൂന്നര, നാല് രൂപ. ദിവസേന മൂന്ന് ടൺ പുല്ലിന് ഓർഡർ ഉണ്ടെങ്കിലും ആവശ്യത്തിന് നൽകാൻ പലപ്പോഴും സാധിക്കുന്നില്ലെന്ന് ഇവർ പറയുന്നു. അതിനാൽ, മറ്റു തീറ്റപ്പുൽ കർഷകരിൽനിന്നും പുല്ല് എടുക്കുന്നുണ്ട്.

കോവിഡ് ബാധിച്ച ക്ഷീരകർഷക കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ സന്നദ്ധപ്രവർത്തകരുടെ ആവശ്യപ്രകാരം ഇവരുടെ ഫാമിൽനിന്ന് സൗജന്യമായി പുല്ല് എത്തിച്ചുനൽകിയിരുന്നു. ഇവരുടെ തോട്ടത്തിൽനിന്ന് ആദ്യമായി വിളവെടുത്ത പച്ചക്കറികൾ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സൗജന്യമായി നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.