കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ ജില്ലകളിലേയ്ക്ക്. അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗ ചികിത്സ. സെപ്റ്റംബര്‍ ഒന്നിനും മൂന്നിനും പ്രത്യേക യോഗം.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ആയിരിക്കും കര്‍ഫ്യൂ. പ്രതിവാര രോഗവ്യാപന തോത് (ഡബ്ല്യൂ.പി.ആര്‍) ഏഴിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഞാറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പുതിയ സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത്. സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും. അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയില്‍ എത്തുന്നില്ലെങ്കില്‍ രോഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും.
അനുബന്ധ രോഗികളുടെ കാര്യത്തില്‍ ആദ്യത്തെ ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി പോയാല്‍ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതി പല കേസുകളിലും ഉണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടര്‍മാര്‍, ചികിത്സാ പരിചയമുള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ദ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം ചേരും. സെപ്റ്റംബര്‍ ഒന്നിനാണ് ആദ്യ യോഗം.
തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം സെപ്റ്റംബര്‍ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനത്തിന്റെ പക്കലും വാക്സിന്‍ നല്‍കിയതിന്റെ കണക്ക് വേണമെന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഐടിഐ പരീക്ഷ എഴുതേണ്ടവര്‍ക്ക് മാത്രം പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫീസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടെയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങള്‍ വീണ്ടും ചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടകളില്‍ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്സിന്‍ എടുക്കാത്തവര്‍ വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.