ഇന്തോനേഷ്യയില്‍ 7200 വര്‍ഷം മുമ്പ് മരിച്ച ഒരു സ്ത്രീയുടെ അവശിഷ്ടങ്ങളില്‍ നിന്നും ഡിഎന്‍എ വേര്‍തിരിച്ച് പഠനം നടത്തിയതായി ഗവേഷകര്‍. ആദ്യകാല മനുഷ്യരുടെ കുടിയേറ്റത്തെക്കുറിച്ച് മുമ്പ് അറിഞ്ഞ കാര്യങ്ങളെയെല്ലാം വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ് ഈ പുതിയ കണ്ടെത്തലെന്ന് ഗവേഷകര്‍ പറയുന്നു. ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയിലെ ലിയാങ് പാനിംഗെ ഗുഹയില്‍ നിന്നാണ് ബെസ്സേ എന്ന വിളിപ്പേരുള്ള കൗമാരക്കാരിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
2015 ലാണ് ഇവിടെ ആദ്യമായി ഖനനം നടത്തിയത്. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടുപിടിത്തം ഏഷ്യന്‍ ഭൂഖണ്ഡത്തിനും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള സമുദ്രത്തിലെ ദ്വീപുകളുടെയും പവിഴദ്വീപുകളുടെയും വിശാലമായ ശൃംഖലയായ വാലേസിയയില്‍ കണ്ടെത്തിയ ആദ്യത്തെ പുരാതന മനുഷ്യ ഡിഎന്‍എ ആണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗ്രിഫിത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ ആദം ബ്രും പറഞ്ഞത് കേടുകൂടാത്ത ഈ ഡിഎന്‍എ അപൂര്‍വമായ ഒരു കണ്ടെത്തലാണെന്നാണ്. കാരണം ഈര്‍പ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങള്‍ പുരാതന മനുഷ്യന്റെ എല്ലുകളിലെയും പല്ലുകളിലെയും ഡിഎന്‍എ സംരക്ഷണത്തെ സഹായിക്കുന്ന തരത്തിലുള്ളതല്ല' ബ്രൂം പറഞ്ഞു.
ബെസ്സെയെ 'ജനിതക ഫോസില്‍' എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അവള്‍ക്ക് അതുല്യമായ ഒരു പൂര്‍വ്വിക ചരിത്രമുണ്ടെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഇന്ന് ജീവിക്കുന്ന ആരുമായും അത് ബന്ധപ്പെടുന്നില്ല. പുരാതന കാലത്തെ അറിയപ്പെടുന്ന മനുഷ്യരുമായും ഇല്ലെന്ന് ബ്രൂം പറയുന്നു. ബെസ്സെയുടെ ജനിതക ഘടനയുടെ പകുതിയോളം ഇന്നത്തെ തദ്ദേശീയരായ ഓസ്ട്രേലിയക്കാര്‍ക്കും ന്യൂ ഗിനിയയില്‍ നിന്നും പടിഞ്ഞാറന്‍ പസഫിക് ദ്വീപുകളില്‍ നിന്നുമുള്ള ആളുകള്‍ക്കും സമാനമാണ്. അവളുടെ പൂര്‍വ്വികര്‍ ഏഷ്യയിലെ പ്രധാന ഭൂപ്രദേശത്ത് നിന്ന് ഈ വാലസന്‍ ദ്വീപുകളിലൂടെ കുടിയേറിയ ആദിമ മനുഷ്യരുടെ ഭാഗമായിരുന്നിരിക്കാം. ഇന്ന് നമ്മള്‍ സാഹുല്‍ എന്ന് വിളിക്കുന്ന ഓസ്‌ട്രേലിയയുടെയും ന്യൂ ഗിനിയയുടെയും സംയുക്ത ഹിമഭൂമിയായിരുന്നു അത്.
ബെസ്സെയുടെ ഡിഎന്‍എ കിഴക്കന്‍ ഏഷ്യയിലേക്കുള്ള ഒരു പുരാതന ബന്ധവും കാണിക്കുന്നുണ്ട്. ഇത് വാലേഷ്യയിലേക്കുള്ള കുടിയേറ്റത്തിന്റെ സമയക്രമത്തെക്കുറിച്ച് മുമ്പ് അറിയപ്പെട്ടിരുന്നതിനെ വെല്ലുവിളിക്കുന്ന വിവരമാണ്. ആദ്യമായി ഏഷ്യന്‍ വംശജരായ ആളുകള്‍ ഇങ്ങോട്ട് പ്രവേശിച്ചത് മൂവായിരമോ നാലായിരമോ വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് കരുതപ്പെട്ടിരുന്നത്. 'തായ്വാനില്‍ നിന്നുള്ള ഈ നവീന ശിലായുഗത്തിലെ ആഗമനത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വേട്ടക്കാരിയായ വ്യക്തിയില്‍ ഞങ്ങള്‍ ഈ ഏഷ്യന്‍ വംശജരെ കണ്ടെത്തുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഏഷ്യയില്‍ നിന്നുള്ള ചിലര്‍ ഈ പ്രദേശത്തേക്ക് നാം പ്രതീക്ഷിച്ചതിലും നേരത്തെ സഞ്ചരിച്ചിരുന്നു എന്നാണ്. ബ്രൂം പറയുന്നു.
1500 മുതല്‍ 8,000 വര്‍ഷങ്ങള്‍ക്കു മുമ്പ് തെക്കന്‍ സുലവേസിയില്‍ ജീവിച്ചിരുന്ന ഒരു കൂട്ടം വേട്ടക്കാരായ ടോളിയന്‍ സംസ്‌കാരത്തില്‍ പെട്ടവരില്‍ ആദ്യം കണ്ടെത്തിയ അസ്ഥികൂടമാണ് ബെസ്സെയുടേത്. ശവസംസ്‌കാരം നടക്കുമ്പോള്‍ അവള്‍ക്ക് ഏകദേശം പതിനേഴോ പതിനെട്ടോ വയസ് വരെ പ്രായമുണ്ടായിരുന്നുള്ളു. അവളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ചരിത്രാതീതകാലത്തെ ശിലാ ഉപകരണങ്ങളും കാളിമണ്ണും കണ്ടെത്തി. അവളുടെ ശവക്കുഴിയില്‍ വേട്ടയാടിയ വന്യമൃഗങ്ങളുടെ അസ്ഥികളും ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.