ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ജഡ്ജി ആയി അഭിഭാഷകനായ കെ.കെ പോളിനെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും മടക്കി. കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ മടക്കിയതിനോടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ നിലപാട് വ്യക്തമല്ല.
2018 ഏപ്രില്‍ 12 നാണ് അക്കാലത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ഉള്ള ഹൈക്കോടതി കൊളീജിയം അഭിഭാഷകനായ കെ.കെ പോളിനെ ജഡ്ജി ആയി നിയമിക്കണം എന്ന ശുപാര്‍ശ സുപ്രീം കോടതി കോളീജിയത്തിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയില്‍ 2019 മാര്‍ച്ച് 25 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഈ ശുപാര്‍ശ അംഗീകരിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു.
എന്നാല്‍ മുഹമ്മദ് നിയാസ്, വിജു ഏബ്രഹാം, കെ.കെ പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. 2021 മാര്‍ച്ച് രണ്ടിന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം തങ്ങളുടെ മുന്‍ ശുപാര്‍ശയില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് വ്യക്തമാക്കി വീണ്ടും ഫയല്‍ കേന്ദ്രസര്‍ക്കാരിന് അയച്ചു. രണ്ട് ആഴ്ച മുമ്പ് മുഹമ്മദ് നിയാസ്, വിജു ഏബ്രഹാം എന്നിവരെ ജഡ്ജിമാരായി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് ഇറക്കി.
ഇതിന് പിന്നാലെയാണ് കെ.കെ പോളിനെ ജഡ്ജി ആയി നിയമിക്കണം എന്ന ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം തിരിച്ചയച്ചത്. എന്ത് കൊണ്ടാണ് കൊളീജിയം ആവര്‍ത്തിച്ച് നല്‍കിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയത് എന്ന് വ്യക്തമല്ല. ശുപാര്‍ശ കൊളീജിയം ആവര്‍ത്തിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഇനി സുപ്രീം കോടതി കൊളീജിയം സ്വീകരിക്കുന്ന നിലപാട് പ്രസക്തമാണ്. കൊളീജിയം രണ്ടാമതും ശുപാര്‍ശ ചെയ്ത കര്‍ണാടകത്തിലെ അഭിഭാഷകന്റെ ഫയലും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചതായാണ് സൂചന.
ഇതിന് പുറമെ മൂന്ന് വനിത അഭിഭാഷകര്‍ ഉള്‍പ്പടെ 12 അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണം എന്ന സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ മടക്കി. കല്‍ക്കട്ട ഹൈക്കോടതിയിലെക്ക് അഞ്ച് പേര്‍, ഡല്‍ഹി ഹൈക്കോടതിയിലേക്ക് നാല് പേര്‍, ജമ്മു കശ്മീര്‍ ഹൈക്കോടതിയിലേക്ക് രണ്ട് പേര്‍, കര്‍ണാടക ഹൈക്കോടതിയിലേക്ക് ഒരാള്‍ എന്നിങ്ങനെ നിയമിക്കാനുള്ള ശുപാര്‍ശ ആണ് കേന്ദ്ര സര്‍ക്കാര്‍ മടക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.