പരസ്യ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ മുഖം നോക്കാതെ നടപടി: അച്ചടക്കത്തിന്റെ വാളോങ്ങി ഹൈക്കമാന്‍ഡ്

പരസ്യ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ മുഖം നോക്കാതെ നടപടി:  അച്ചടക്കത്തിന്റെ വാളോങ്ങി ഹൈക്കമാന്‍ഡ്


ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്ന പരസ്യ പ്രസ്താവനയ്‌ക്കെതിരെ അച്ചടക്ക നടപടി മുന്നറിയിപ്പ് നല്‍കി ഹൈക്കമാന്‍ഡ്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെപിസിസിക്ക് നിര്‍ദേശം നല്‍കി.

പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ.പി അനില്‍ കുമാറിന്റേയും ശിവദാസന്‍ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി.

നേതൃത്വത്തിനെതിരായ നിലപാട് തുടര്‍ന്നാല്‍ മുഖം നോക്കാതെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയില്‍ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിര്‍പ്പ് തുടരുന്ന പക്ഷം ഉമ്മന്‍ചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തിരുത്തിയെഴുതലുകള്‍ക്കും ശേഷം ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്നതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കലുമായി രംഗത്തെത്തിയത്. കൂടിയാലോചനകള്‍ നടത്താതെയാണ് പട്ടികയെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നതോടെയാണ് അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.