പെരുവഴിയിലായ പാര്‍ട്ടിയെ നേര്‍വഴിയിലാക്കാന്‍ ഹൈക്കമാന്‍ഡ്; പല വഴിയിലായി കോണ്‍ഗ്രസ്

പെരുവഴിയിലായ പാര്‍ട്ടിയെ നേര്‍വഴിയിലാക്കാന്‍ ഹൈക്കമാന്‍ഡ്; പല വഴിയിലായി കോണ്‍ഗ്രസ്

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയ നേതാക്കളുടെ പേരുകള്‍ എഐസിസി നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. വളയമില്ലാതെ ചാടിയാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കും പണി കിട്ടും എന്നുറപ്പാണ്.

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വന്‍ പരാജയത്തോടെ പെരുവഴിയിലായിപ്പോയ കോണ്‍ഗ്രസിനെ നേര്‍വഴിയിലാക്കാന്‍ ഹൈക്കമാന്‍ഡ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി പാര്‍ട്ടി പലവഴിയിലായി പോകുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ കാണുന്നത്. അഴിക്കും തോറും മുറുകുന്ന കുരുക്കായി മാറുകയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും അധികാര വടം വലിയും.

ഹൈക്കമാന്‍ഡ് ഇനിഷ്യേറ്റീവില്‍ വി.ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തും തൊട്ടു പിന്നാലെ കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലും എത്തിയതോടെ തുടങ്ങിയ അഭിപ്രായ ഭിന്നതകള്‍ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം കൂടി വന്നതോടെ പൂര്‍വ്വാധികം ശക്തമായി. കലാപക്കൊടിയുമായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തിറങ്ങിയത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.

പതിനാല് ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ അമ്പതോളം വരുന്ന കെപിസിസി ഭാരവാഹികളെ തീരുമാനിക്കുമ്പോള്‍ എന്താകും അവസ്ഥയെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. അതിനുള്ള മുന്‍കരുതലുകള്‍ ഹൈക്കമാന്‍ഡ് ഇപ്പോഴേ സ്വീകരിച്ചു തുടങ്ങി എന്നതിന്റെ സൂചനയായിട്ടാണ് അച്ചടക്കത്തിന്റെ വാള്‍ ഉയരുന്നത്.

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയ നേതാക്കളുടെ പേരുകള്‍ എഐസിസി നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. വളയമില്ലാതെ ചാടിയാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കും പണി കിട്ടും എന്നുറപ്പാണ്. കെപിസിസി നേതാക്കളായ എ.ശിവദാസന്‍ നായര്‍ക്കും കെ.പി അനില്‍കുമാറിനും സസ്‌പെന്‍ഷന് പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ്.

എന്നാല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ കോണ്‍ഗ്രസിലെ അധികാര കേന്ദ്രങ്ങളായി മാറിയ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാറിയ സാഹചര്യത്തില്‍ തികച്ചും അസംതൃപ്തരും അസ്വസ്ഥരുമാണ്. തങ്ങളുടെ അഭിപ്രായങ്ങള്‍ തുടര്‍ച്ചയായി മാനിക്കാത്ത പുതിയ സാഹചര്യത്തില്‍ ഇനിയും കാത്തിരുന്നാല്‍ ഗ്രൂപ്പ് നിലനില്‍പ്പ് അപകടത്തിലാകുമെന്ന തിരിച്ചറിവിലാണ് ഇരുവരും പരസ്യ പ്രതികരണത്തിന് തയാറായത്. ഇരു ഗ്രൂപ്പിലെയും ചില നേതാക്കന്‍മാര്‍ കെ.സുധാകരന്റെയും വി.ഡി സതീശന്റെയും 'ഗ്രൂപ്പില്ലാ ഗ്രൂപ്പിലേക്ക്' ചുവടു മാറുന്നതായും സൂചനയുണ്ട്.

ഇതുകൂടി മുന്നില്‍ കണ്ട് ഗ്രൂപ്പ് ചോര്‍ച്ച തടയാനാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയ്‌ക്കെതിരെ പരസ്യ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തിയത്. എന്നാല്‍ അത് അപ്പാടെ തള്ളിയും ഭാരവാഹി, സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ മുന്‍കാല നിലപാടുകള്‍ ഓര്‍മപ്പെടുത്തിയും കെ. സുധാകരനും വി.ഡി. സതീശനും തിരിച്ചടിക്കുകയും ചെയ്തു.

പുതിയ ഡിസിസി പ്രസിഡന്റുമാരില്‍ എ, ഐ ഗ്രൂപ്പുകളുടെ തണലില്‍ വളരാത്ത ആരുമില്ലെന്നതാണ് വസ്തുത. പക്ഷേ, തങ്ങളുടെ ഇഷ്ടക്കാരെ ഒഴിവാക്കി ഗ്രൂപ്പ് വിധേയത്വം ഇല്ലാത്തവരെ നിയമിച്ചതാണ് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും പ്രകോപിപ്പിച്ചത്.

പാര്‍ട്ടിയില്‍ ഇരുവരും ഇതുവരെ കൈയ്യാളിയിരുന്ന അധികാരമാണ് പുതിയ കേന്ദ്രങ്ങളിലേക്ക് പോയത്. അധികാരത്തോടൊപ്പമേ അണികളുണ്ടാകൂ എന്ന തിരിച്ചറിവും ഇരുവരെയും കൂടുതല്‍ അസ്വസ്ഥരാക്കുന്നുണ്ട്. എന്തായാലും മൂന്നു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശുഭ സൂചനകളല്ല കോണ്‍ഗ്രസില്‍ നിന്നും വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.