അഫ്ഗാനില്‍ നിന്ന് അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നു; ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഹ്ലാദിച്ച് താലിബാന്‍

 അഫ്ഗാനില്‍ നിന്ന് അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നു; ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഹ്ലാദിച്ച് താലിബാന്‍

കാബൂള്‍: രണ്ട് പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറി. അമേരിക്കന്‍ സൈന്യത്തിന്റെ അവസാന വ്യോമസേന വിമാനവും കാബൂള്‍ വിട്ടതോടെയാണ് സേനാ പിന്മാറ്റം പൂര്‍ണമായത്.

അമേരിക്കന്‍ അംബാസിഡര്‍ അടക്കമുള്ളവരുമായി അവസാന യു.എസ് വിമാനം ഇ17 ഇന്ത്യന്‍ സമയം രാത്രി 12 .59 നാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. യു.എസിന്റെ അഫ്ഗാന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കം അവസാന വിമാനത്തില്‍ മടങ്ങി.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളില്‍ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം. 1,23,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു. അമേരിക്കന്‍ പിന്മാറ്റം വെടിയുതിര്‍ത്താണ് താലിബാന്‍ ആഘോഷിച്ചത്.

ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 2,461 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനില്‍ മരിച്ചതായാണ് കണക്ക്. ഐ.എസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.