നാസയുടെ ചാന്ദ്രദൗത്യം: ഓസ്‌ട്രേലിയന്‍ പങ്ക് വെളിപ്പെടുത്തി അപ്പോളോ 11-ന്റെ മാതൃക കാര്‍നാര്‍വോണ്‍ മ്യൂസിയത്തില്‍

നാസയുടെ ചാന്ദ്രദൗത്യം: ഓസ്‌ട്രേലിയന്‍ പങ്ക് വെളിപ്പെടുത്തി അപ്പോളോ 11-ന്റെ മാതൃക കാര്‍നാര്‍വോണ്‍ മ്യൂസിയത്തില്‍

പെര്‍ത്ത്: മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ 11 ദൗത്യത്തിനുപയോഗിച്ച പേടകത്തിന്റെ അതേ വലിപ്പത്തിലുള്ള മാതൃക ഓസ്‌ട്രേലിയയിലെ കാര്‍നാര്‍വോണ്‍ സ്‌പേസ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ അവതരിപ്പിച്ചു. നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരെ വഹിച്ച അപ്പോളോ 11 പേടകത്തിന്റെ ഏഴ് മീറ്റര്‍ ഉയരമുള്ള മോഡലാണ് മ്യൂസിയത്തില്‍ അവതരിപ്പിച്ചത്. ഏകദേശം ഏഴ് മാസമെടുത്താണ് ഇത് നിര്‍മിച്ചത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് ഗാസ്‌കോയിന്‍ മേഖലയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

യു.എസിന്റെ ബഹിരാകാശ പദ്ധതികളുമായി പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പട്ടണമായ കാര്‍നാര്‍വോണിന് ചരിത്രപരമായ ബന്ധമുണ്ട്. യു.എസ്.എയ്ക്ക് പുറമേ സാറ്റ്‌ലൈറ്റുകളുടെ പാത പിന്തുടരുന്ന ഏറ്റവും വലിയ ട്രാക്കിംഗ് സ്റ്റേഷനും കൃത്യമായ റഡാര്‍ സംവിധാനവും ഇവിടെയാണ് ഉണ്ടായിരുന്നത്.

ഓസ്‌ട്രേലിയന്‍, യു.എസ് സര്‍ക്കാരുകള്‍ സംയുക്തമായി സ്ഥാപിച്ച കാര്‍നാര്‍വോണ്‍ ട്രാക്കിംഗ് സ്റ്റേഷന്‍ ഔദ്യോഗികമായി 1964-ലാണ് ആരംഭിച്ചത്. നാസയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ പ്രോജക്ട് മെര്‍ക്കുറിയില്‍ 1961 മുതല്‍ സഹകരിച്ചുകൊണ്ടാണ് നാസയുമായുള്ള പങ്കാളിത്തം ആരംഭിക്കുന്നത്.


കാര്‍നാര്‍വോണ്‍ സ്പേസ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തില്‍ അവതരിപ്പിച്ച അപ്പോളോ 11-ന്റെ മാതൃക

റഷ്യയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധകാലത്തെ ബഹിരാകാശ മല്‍സരം രൂക്ഷമായ സമയത്ത് അമേരിക്ക നേടിയ വിജയമായാണ് അപ്പോളോ 11-നെ കണക്കാക്കുന്നത്. നാസയുടെ ഈ നിര്‍ണായക ദൗത്യത്തില്‍ കാര്‍നാര്‍വോണ്‍ ട്രാക്കിംഗ് സ്റ്റേഷന്‍ പങ്കാളിയായി. 1973 വരെയാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചത്.

അപ്പോളോയിലെ ലൂണാര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ ലോറെയ്ന്‍ സര്‍ട്ടോറി എന്ന യുവതിക്കായിരുന്നു കാര്‍നാര്‍വോണ്‍ ട്രാക്കിംഗ് സ്റ്റേഷന്റെ ചുമതല. മനുഷ്യന്റെ ചന്ദ്രനിലെ ചരിത്രപരമായ കാല്‍വയ്പ്പിന്റെ സമയത്ത് കാര്‍നാര്‍വോണിലെ അപ്പോളോ കണ്‍ട്രോള്‍ റൂമില്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന നാസ ഫിസിഷ്യനരികിലായിരുന്നു ലോറെയ്ന്‍.

പേപ്പറില്‍ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്ന മോണിറ്റര്‍ നിരീക്ഷിക്കുകയായിരുന്നു ലോറെയ്ന്‍. ആംസ്‌ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തിയ നിമിഷം തന്നെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് ഉയരുന്നത് തനിക്കു നേരില്‍ കാണാന്‍ കഴിഞ്ഞതായി ലോറെയ്ന്‍ പറഞ്ഞു.

അന്ന് താന്‍ ചെറുപ്പമായിരുന്നു. ആ സമയത്ത് ഒരു ജോലി എന്നതിനപ്പുറം മറ്റൊന്നും ചിന്തിച്ചിരുന്നില്ല. പ്രായമേറിയപ്പോള്‍ മാത്രമാണ് ആ ജോലിയുടെ പ്രാധാന്യം മനസിലായത്.

ബഹിരാകാശ പദ്ധതികളുമായുള്ള പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ ചരിത്രപരമായ പങ്കാളിത്തം അനാവരണം ചെയ്യുന്നതാണ് അപ്പോളോ 11 മാതൃകയെന്നു കാര്‍നാര്‍വോണ്‍ സ്‌പേസ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ചെയര്‍മാന്‍ ഫില്‍ യൂഡ് പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും കാര്‍ണാര്‍വോണ്‍ എന്ന നഗരത്തില്‍ അമേരിക്കയ്ക്കു പുറമേ ഏറ്റവും വലിയ ട്രാക്കിംഗ് സ്റ്റേഷന്‍ ഉണ്ടായിരുന്നതിനെക്കുറിച്ചും അത് എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിനെക്കുറിച്ചും മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസിലാക്കാനാകും.

അപ്പോളോ 11 മാതൃക നിര്‍മ്മിക്കാന്‍ ഏകദേശം ഏഴ് മാസമെടുത്തതായി മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡെന്‍ഹാം ഡണ്‍സ്റ്റാള്‍ പറഞ്ഞു. ഡെന്‍ഹാമിന്റെ നേതൃത്വത്തില്‍ പെര്‍ത്തില്‍ വച്ചാണ് ഇത് നിര്‍മിച്ചത്. നിര്‍മാണ പ്രക്രിയ സങ്കീര്‍ണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അന്‍പതോളം അലൂമിനിയത്തിന്റെ ഷീറ്റുകള്‍, ഉരുക്ക്, അയ്യായിരത്തിലധികം ആണികള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മാതൃക സൃഷ്ടിച്ചത്. പൂര്‍ണ വലിപ്പത്തില്‍ ബഹിരാകാശ പേടകം കാണാന്‍ കഴിയുന്നതില്‍ സന്ദര്‍ശകരും സന്തോഷത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.