പെര്‍ത്ത്: ഓസ്‌ട്രേലിയയുടെ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുന്നതു സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാരിന്റെ നിലപാടിനെതിരേ പരസ്യ വിമര്‍ശനവുമായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍. അതിര്‍ത്തികള്‍ തുറക്കാന്‍ സംസ്ഥാനങ്ങള്‍ തയാറെടുക്കണമെന്ന ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരേയാണ് മക്‌ഗോവന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ തന്റെ നിലപാട് അറിയിച്ചത്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഭൂരിപക്ഷം പേരും വാക്‌സിന്‍ സ്വീകരിക്കുന്നതു വരെ അതിര്‍ത്തികള്‍ തുറക്കാന്‍ കാത്തിരിക്കണമെന്നാണ് പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ വ്യക്തമാക്കിയത്. അതിര്‍ത്തികള്‍ നേരത്തെ തുറന്നിരുന്നെങ്കില്‍ നിരവധി ആളുകള്‍ മരിക്കുകയും സമ്പദ്വ്യവസ്ഥയുടെ വലിയ ഭാഗം അടച്ചുപൂട്ടേണ്ടിയും വന്നേനെയെന്ന് പ്രീമിയര്‍ കുറിപ്പില്‍ പറഞ്ഞു.
നിലവിലുള്ള കോവിഡ് സമ്മര്‍ദത്തെ നേരിടാന്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ 90 ശതമാനം പേരും വാക്‌സിന്‍ സ്വീകരിക്കുകയാണ് ഉചിതമായ മാര്‍ഗമെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷനും അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്ത് 70 മുതല്‍ 80 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള പദ്ധതി ദേശീയ മന്ത്രിസഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം മാര്‍ക്ക് മക്‌ഗോവന് ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്.
അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ തുറക്കുന്ന അതേ സമയത്ത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറക്കാനാവില്ലെന്നാണ് പ്രീമിയറുടെ നിലപാട്.
ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചുകഴിഞ്ഞാല്‍ അതിര്‍ത്തികള്‍ തുറക്കുമെന്ന് മക്‌ഗോവന്‍ പോസ്റ്റില്‍ കുറിച്ചു. അതിന് ഏതാനും മാസങ്ങളും കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. കഴിയുന്നിടത്തോളം കാലം കോവിഡിനെ ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. യാത്രാ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കംചെയ്യാന്‍ സംസ്ഥാനങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത് വിചിത്രമാണെന്ന് മക്‌ഗോവന്‍ കുറ്റപ്പെടുത്തി.
അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ വാക്‌സിനേഷന്‍ നിരക്ക് വളരെ പിന്നിലാണ്. ഫെഡറല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തെ ജനസംഖ്യയുടെ 49.8 ശതമാനം പേര്‍ക്കാണ് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. 31.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു.
ദേശീയ തലത്തില്‍ 58 ശതമാനം പേര്‍ക്കാണ് ഒരു ഡോസ് ലഭിച്ചത്. 34.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.
അറിഞ്ഞുകൊണ്ട് വൈറസിനെ സംസ്ഥാനത്തേക്ക് കടത്തി വിടാനും വ്യവസായങ്ങള്‍ അടച്ചുപൂട്ടിയിടാനും തങ്ങള്‍ തീരുമാനിക്കുമെന്ന് വിചാരിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്ന് മക്‌ഗോവന്‍ പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 1,200-ലധികം കേസുകള്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മക്‌ഗോവന്റെ അഭിപ്രായപ്രകടനം. ഒക്ടോബര്‍ മാസം ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും മോശം മാസമായിരിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ ആരോഗ്യ വിദഗ്ധരുടെ ഉപദേശത്തിന് അനുസൃതമായി അതിര്‍ത്തികള്‍ തുറക്കുമെന്ന് മക്‌ഗോവന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.