സഹനം വെറുതെ ആയില്ല: മൂന്നു മക്കളുടെ അമ്മയായ മരിയ ക്രിസ്റ്റീന സെല്ല വിശുദ്ധരുടെ ഗണത്തിലേക്ക്

സഹനം വെറുതെ ആയില്ല: മൂന്നു മക്കളുടെ അമ്മയായ മരിയ ക്രിസ്റ്റീന സെല്ല വിശുദ്ധരുടെ ഗണത്തിലേക്ക്


വത്തിക്കാന്‍: ''പ്രീയ റിച്ചാര്‍ഡോ...നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. നീ ഞങ്ങള്‍ക്ക് നല്‍കപ്പെട്ട സമ്മാനമാണ്. അമ്മേ, എന്നെ ഇത്രമേല്‍ സ്നേഹിക്കുന്നതിന് നന്ദി എന്ന് പലപ്പോഴും ഉദരത്തില്‍ നിന്ന് നീ എന്നോട് പറയുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

എങ്ങനെയാണ് കുഞ്ഞേ, ഞങ്ങള്‍ക്ക് നിന്നെ സ്നേഹിക്കാതിരിക്കാനാവുക? നീ അമൂല്യമാണ്. നിന്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്, മക്കള്‍ക്കു വേണ്ടി സഹിക്കുന്നതൊന്നും വെറുതെയാവില്ല എന്ന്''
- ഇരുപത്താറാം വയസില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച മരിയ ക്രിസ്റ്റീന സെല്ല മോസെല്‍ എന്ന അമ്മ തന്റെ മൂന്നു മക്കളില്‍ ഇളയവനെഴുതിയ കത്തിലെ വാക്കുകളാണിത്.

ഇറ്റാലിക്കാരിയായ മരിയ ക്രിസ്റ്റീന സെല്ല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കാരണം അവളുടെ പുണ്യ ജീവിതത്തിന് മാര്‍പാപ്പായുടെ അംഗീകാരം ലഭിച്ചു. ഇതോടെ വിശുദ്ധരുടെ ഗണത്തിലേക്കുള്ള ഇവരുടെ യാത്ര അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു.

വിശുദ്ധ ജിയാന്ന മോള്ള ബറേത്തയുടെ ജീവിതവുമായി ബന്ധമുള്ളതായിരുന്നു മരിയ ക്രിസ്റ്റീന സെല്ലയുടേയും ജീവിതം. 1969 ആഗസ്റ്റ് 18 ന് മിലാനിലാണ് അവള്‍ ജനിച്ചത്. സന്യാസിനിയാകാനായിരുന്നു ആഗ്രഹം. അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചെങ്കിലും പതിനാറാം വയസില്‍ കാര്‍ലോ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടതോടെ ജീവിതത്തിന്റെ ദിശ മാറി. ഇരുവരും ഇഷ്ടത്തിലായി.

പതിനെട്ടാം വയസില്‍ ഇടതുകാലിനുണ്ടായ സാര്‍ക്കോമാ എന്ന അസുഖത്തെ വകവയ്ക്കാതെ അവള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും 1991 ല്‍ കാര്‍ലോയെ വിവാഹം ചെയ്യുകയും ചെയ്തു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്ത് അവളുടെ അസുഖം തീവ്രമായി. ജീവന്റെ വില നന്നായി അറിയാമായിരുന്ന അവള്‍ കുഞ്ഞിനെ നശിപ്പിക്കാതെ ചികിത്സ തുടര്‍ന്നെങ്കിലും ഇരുപത്താറാമത്തെ വയസില്‍ ക്യാന്‍സര്‍ മരിയ ക്രിസ്റ്റീനയുടെ ജീവനെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.