മലയാളിയായ ഫാ. മാത്യു വട്ടമറ്റം ക്ലരീഷ്യൻ സഭാധ്യക്ഷ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

മലയാളിയായ ഫാ. മാത്യു വട്ടമറ്റം ക്ലരീഷ്യൻ  സഭാധ്യക്ഷ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

വത്തിക്കാൻ സിറ്റി: ഏഷ്യൻ സഭയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വൈദികൻ ഫാ. മാത്യു വട്ടമറ്റം സി.എം.എഫ്
ക്ലരീഷ്യൻ സഭയുടെ (അമലോത്ഭവ മാതാവിന്റെ മക്കൾ) സുപ്പീരിയർ ജനറൽ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന പ്രഥമ ഏഷ്യക്കാരനാണ് പാലാ രൂപതാംഗമായ ഫാ. മാത്യു വട്ടമറ്റം.


ക്ലരീഷ്യൻ സഭ അഞ്ച് ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഈ സഭയിൽ സുപ്പീരിയർ ജനറൽ പദവിയിൽ സേവനം അനുഷ്ഠിക്കാൻ രണ്ടാം പ്രാവശ്യമാണ് ഫാ. മാത്യു വട്ടമറ്റത്തിന് ഭാഗ്യം ലഭിക്കുന്നത്. സഭയുടെ 13-ാമത്തെ സുപ്പീരിയർ ജനറലായി 2015ൽ തിരഞ്ഞെടുക്കപ്പെട്ട ഫാ. മാത്യുവിനെ ഓഗസ്റ്റ് 30ന് റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്റർ ആറു വർഷത്തേക്കുകൂടി സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കുകയായിരുന്നു. 1849ൽ വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് സ്ഥാപിച്ച ക്ലരീഷ്യൻ സഭയിൽ ആറ് വർഷം കൂടുമ്പോഴാണ് ജനറൽ ചാപ്റ്റർ സമ്മേളിക്കുക.


കളത്തൂർ സെന്റ് മേരീസ് ഇടവക വട്ടമറ്റം പോളിന്റെയും പരേതയായ അന്നമ്മയുടെയും മകനായി 1959ൽ ഇദ്ദേഹം ജനിച്ചു. 1974 ജൂലൈ മൂന്നിനാണ് കുറവിലങ്ങാട് ക്ലരീഷ്യൻ ഭവനിൽ ചേർന്നത്. 20 ബിഷപ്പുമാരും 2204 വൈദികരും 132 ബ്രദർമാരും ഉൾപ്പെടെ 3000ൽപ്പരം അംഗങ്ങളാണ് ക്ലരീഷ്യൻ സഭയിലുള്ളത്. 1970ൽ പാലാ രൂപതയിലെ കുറവിലങ്ങാടാണ് ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ ഭവനം സ്ഥാപിതമായത്.

ഫാ. മാത്യു വട്ടമറ്റം 1978ൽ പ്രഥമ വ്രതവും 1984ൽ നിത്യവ്രതവും 1986 മേയ് 10ന് തിരുപ്പട്ടവും സ്വീകരിച്ചു. തുടർന്ന് കേരളത്തിലും കർണാടകയിലും ശുശ്രൂഷ ചെയ്തു. 1989 മുതൽ 1994വരെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് രണ്ട് വർഷം ബംഗളൂരുവിലെ ക്ലാരറ്റ് നിവാസ് ധ്യാനകേന്ദ്രം ഡയറക്ടറായും തുടർന്ന് 2003വരെ ബംഗളൂരു പ്രൊവിൻസ് നൊവിസ് മാസ്റ്ററായും സേവനം ചെയ്തു.

2003ൽ റോമിൽ നടന്ന 23-ാം ജനറൽ ചാപ്റ്ററിൽ ജനറൽ കൺസൾട്ടറായും ഫോർമേഷൻ പ്രിഫെക്ടായും തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ നടന്ന 24-ാം ജനറൽ ചാപ്റ്ററിൽ അതേ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2015ൽ നടന്ന 25-ാം ജനറൽ ചാപ്റ്ററിലാണ് 13 -ാമത് സുപ്പീരിയർ ജനറലായി ഫാ. മാത്യു വട്ടമറ്റം തിരഞ്ഞെടുക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.