വിദേശനാണ്യ കരുതല്‍ ശേഖരമില്ലാത്തതിനാല്‍ ഇറക്കുമതി നിലച്ചു; ശ്രീലങ്ക ഭക്ഷ്യ അടിയന്തരാവസ്ഥയില്‍

വിദേശനാണ്യ കരുതല്‍ ശേഖരമില്ലാത്തതിനാല്‍ ഇറക്കുമതി നിലച്ചു; ശ്രീലങ്ക ഭക്ഷ്യ അടിയന്തരാവസ്ഥയില്‍


കൊളംബോ:വിദേശനാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതു മൂലം ഇറക്കുമതി അസാധ്യമായതോടെ ശ്രീലങ്കയില്‍ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതാബയ രാജപക്‌സ. അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാനുള്ള കടുത്ത നടപടികളാരംഭിച്ചു.

കോവിഡ് വ്യാപകമായ ശേഷം സമ്പദ്‌വ്യവസ്ഥ താറുമാറായ രാജ്യത്ത് മഹാമാരി വീണ്ടും രൂക്ഷമായതിനാല്‍ കര്‍ഫ്യൂ നിലവിലുണ്ട്.വ്യാപാരികളില്‍നിന്ന് ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അവശ്യവിഭവങ്ങള്‍ കൂട്ടിവെക്കുന്നവരെ അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ടാകും.മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ അവശ്യസേവന വിഭാഗം കമീഷണര്‍ ജനറലായി പ്രഖ്യാപിച്ചു. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയടക്കമുള്ളവയുടെ വിതരണം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കും.വിലനിയന്ത്രണം പൂര്‍ണമായി സര്‍ക്കാരിനാകും.



2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നവര്‍ക്ക്അടുത്തിടെ ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. വിദേശ വാഹനങ്ങള്‍, ഭക്ഷ്യ എണ്ണ, മഞ്ഞള്‍ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ചിട്ടുമുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയാണ് അടിയന്തരാവസ്ഥ എത്തിയിരുക്കുന്നത്.2019 നവംബറില്‍ വിദേശ നാണയശേഖരം 750 കോടി ഡോളറായിരുന്നത് കഴിഞ്ഞ ജൂലൈ അവസാനം 280 കോടി ഡോളറായി ചുരുങ്ങി. നാണ്യപ്പെരുപ്പം അനിയന്ത്രിതമായിക്കഴിഞ്ഞു.

ലഭ്യത തീരെ കുറഞ്ഞതോടെ അടുത്തിടെ അരി, പഞ്ചസാര, ഉള്ളി, കിഴങ്ങ് തുടങ്ങിയവയ്ക്ക് വില കുത്തനെ കൂടിയിരുന്നു. പാല്‍പ്പൊടി, മണ്ണെണ്ണ എന്നിവ കിട്ടാതാകുകയും ചെയ്തു. പഞ്ചസാര, അരി തുടങ്ങിയ അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനാണ് നിലവിലെ കടുത്ത നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു. തമിഴ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം കാര്‍ഷിക വൃത്തിയില്‍ പിന്നോക്കം പോയ ശ്രീലങ്കയ്ക്ക് ഭക്ഷ്യ വസ്തുക്കള്‍ക്ക് ഇറക്കുമതി മാത്രമാണ് ആശ്രയം. ടൂറിസമായിരുന്നു പ്രധാന വരുമാന മാര്‍ഗം. കോവിഡ് വന്നതോടെ അതും ഇല്ലാതായി.വിദേശനാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനു കാരണം അതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.