ഛത്തീസ്ഗഡില്‍ യുവ വചന പ്രഘോഷകന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ബൈബിളുകള്‍ കീറിയെറിഞ്ഞു

ഛത്തീസ്ഗഡില്‍ യുവ വചന പ്രഘോഷകന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ബൈബിളുകള്‍ കീറിയെറിഞ്ഞു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ യുവ വചന പ്രഘോഷകന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഇരുപത്തിയഞ്ചുകാരനായ കാവല്‍സിംഗ് പരാസ്‌തെയെന്ന വചന പ്രഘോഷകനെ ക്രൂരമായി മര്‍ദ്ദിച്ച സംഘം ബൈബിളുകള്‍ കീറി വലിച്ചെറിഞ്ഞു. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ പൊല്‍മി ഗ്രാമത്തിലാണ് സംഭവം. നൂറോളം വരുന്ന ഹിന്ദുത്വവാദികളാണ് അക്രമത്തിനു പിന്നില്‍.

ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് (ജി.സി.ഐ.സി) പ്രസിഡന്റ് സാജന്‍ കെ ജോര്‍ജിനെ ഉദ്ധരിച്ച് ഏഷ്യ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഹിന്ദുസ്ഥാന്‍ ടൈംസും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാവല്‍സിംഗ് പരാസ്‌തെയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ആരാധനാ സാമഗ്രികളും വീട്ടുപകരണങ്ങളും തകര്‍ക്കുകയും പരാസ്‌തെയെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ക്രൈസ്തവര്‍ക്ക് നേരെ നടന്ന മുന്‍ ആക്രമണങ്ങള്‍ പോലെ തന്നെ ഈ കേസും അവസാനിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികളായ ക്രിസ്ത്യാനികള്‍. ഒരിക്കല്‍ കൂടി ക്രിസ്ത്യാനികള്‍ ആക്രമത്തിനും വിവേചനത്തിനും മതസ്വാതന്ത്ര്യ നിഷേധത്തിനും ഇരയായിരിക്കുന്നുവെന്ന് സാജന്‍ കെ ജോര്‍ജ് പറഞ്ഞു.

വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും വിശുദ്ധ ലിഖിതങ്ങള്‍ വലിച്ച് കീറുകയും ചെയ്ത വര്‍ഗീയ വാദികള്‍ ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊറോണ കാലത്തും ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന വസ്തുത ആശങ്ക ഉളവാക്കുന്നതാണ്. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ജനക്കൂട്ട ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.

ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പോലീസും മാധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ലോകത്തെ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ അന്‍പതു രാജ്യങ്ങളുടെ ഓപ്പണ്‍ഡോഴ്‌സ് പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.