മലയാളികള്‍ അടക്കമുള്ള 25 പേര്‍ ഐ.എസ് ഖൊറാസനില്‍; വിവരങ്ങള്‍ സ്ഥിരീകരിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍

മലയാളികള്‍ അടക്കമുള്ള 25 പേര്‍ ഐ.എസ് ഖൊറാസനില്‍; വിവരങ്ങള്‍ സ്ഥിരീകരിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനയില്‍ ചേരാനായി നാടുവിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍ (ഐ.എസ് - കെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഐ.എസ് ഭീകര സംഘടനയുടെ അഫ്ഗാനിലെ ഉപവിഭാഗമാണ് ഐ.എസ് ഖൊറാസന്‍.

അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയിലില്‍ നിന്നും തുറന്നു വിട്ടിരുന്നു. ഇതില്‍ മലയാളികള്‍ അടക്കം 25ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രദേശത്തിനടുത്താണെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന വിവരം.

അല്‍ ഖ്വയ്ദ ഭീകര സംഘടനയുടെ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവി അമിന്‍ അല്‍ ഹഖിന്റെ ജന്മദേശത്തിന് സമീപമാണ് നന്‍ഗര്‍ഹാര്‍. പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രദേശം കൂടിയാണിത്. മുമ്പ് അല്‍ ഖ്വയ്ദയുടെ ശക്തികേന്ദ്രമായിരുന്നു ഇവിടെ മലയാളികള്‍ അടക്കമുള്ള ഐ.എസ് ഗ്രൂപ്പ് ഒളിച്ചു താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐ.എസിനായി സമൂഹ മാധ്യമം വഴി റിക്രൂട്ടമെന്റ് നടത്തിയിരുന്ന മുന്‍സിബ് എന്നയാളും ഇവരുടെ ഒപ്പമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതിനിടെ അഫ്ഗാന്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തവരെ ഡ്രോണ്‍ ആക്രമണത്തിലൂടെ വകവരുത്തിയെങ്കിലും അമേരിക്ക ഇനിയും ഐ.എസിനെ ലക്ഷ്യം വച്ചെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി നാല്‍പ്പതംഗ യു.എസ് കമാന്റോ വിഭാഗം പാകിസ്ഥാനില്‍ നിലയുറപ്പിച്ചതായും വാര്‍ത്തകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.