ഗൂര്‍ഖകള്‍ക്കു പിന്നാലെ അഫ്ഗാനികളും ഇനി ബ്രിട്ടീഷ് സൈന്യത്തില്‍ യോദ്ധാക്കളാകും

 ഗൂര്‍ഖകള്‍ക്കു പിന്നാലെ അഫ്ഗാനികളും ഇനി ബ്രിട്ടീഷ് സൈന്യത്തില്‍ യോദ്ധാക്കളാകും


ലണ്ടന്‍: അഫ്ഗാന്‍ കമാന്‍ഡോകളും വൈകാതെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. യു.കെയിലെ എം.പിമാര്‍ പരിഗണിക്കുന്ന പുതിയ റെജിമെന്റിന്റെ ഭാഗമായാകും അഫ്ഗാനികളെ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖാ വിഭാഗത്തെ ബ്രിട്ടീഷ് സൈന്യത്തിലെടുത്തുവരുന്നുണ്ട്.

യു.കെ സൈനികര്‍ പരിശീലനം നല്‍കിയ നൂറുകണക്കിന് അഫ്ഗാന്‍ കമാന്‍ഡോകള്‍ ആണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിലെത്തിയിട്ടുള്ളത്.ഇവരെ എല്ലാവരെയും ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. യുകെയിലെത്തുന്ന അഫ്ഗാനിസ്ഥാനികള്‍ 'രാജ്യത്തിന്റെ ജീവിതത്തിനും സമ്പദ്വ്യവസ്ഥയ്ക്കും സാധ്യമായ എല്ലാ വിധത്തിലും സംഭാവന നല്‍കുമെന്ന്' പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഫ്ഗാനിസ്ഥാന്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള വീഡിയോ സന്ദേശത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്് ഈ നീക്കം കൂടി മനസില്‍ വച്ചാണെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
.
ബ്രിട്ടനിലേക്കുള്ള അവസാന അഭയാര്‍ഥികളെ ഒഴിപ്പിച്ചശേഷമാണ് അതുവരെ ഒപ്പം പ്രവര്‍ത്തിച്ച അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും യു.കെ സേനാംഗങ്ങളും ഓഗസ്റ്റ് 28 ന് കാബൂളില്‍ നിന്നു വിമാനം കയറിയത്. കാബൂളില്‍ നിന്ന് 15,000 പേരെ ഒഴിപ്പിക്കാനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ വന്‍ ദൗത്യത്തില്‍ അഫ്ഗാന്‍ സൈന്യം നിര്‍ണായക പങ്ക് വഹിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ബ്രിട്ടീഷ് ഒഴിപ്പിക്കലായിരുന്നു ഇത്. അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് 'അന്താരാഷ്ട്ര നിലവാരത്തില്‍ വളരെ മികച്ചതാണ്' എന്ന് ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് മുന്‍ മേധാവി ജനറല്‍ സര്‍ റിച്ചാര്‍ഡ് ബാരണ്‍സ് സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.



അഫ്ഗാന്‍ സൈന്യത്തെ ബ്രിട്ടീഷ് സേനയില്‍ ഉള്‍പ്പെടുത്തുകയോ പ്രത്യേക യൂണിറ്റായി നിലനിര്‍ത്തുകയോ ചെയ്യാമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.അഫ്ഗാന്‍ നാഷണല്‍ ആര്‍മിയില്‍ ചേരാനിരുന്ന നാല് അഫ്ഗാന്‍ ഓഫീസര്‍ കേഡറ്റുകള്‍ ഇതിനകം സാന്‍ഡ്ഹര്‍സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാദമി ചേര്‍ന്നുകഴിഞ്ഞു. അടുത്ത വാരാന്ത്യത്തില്‍ മൂന്ന് പേര്‍ക്കു കൂടി പ്രവേശനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ നാലായിരത്തിലേറെ ഗൂര്‍ഖകളുണ്ട് പല യൂണിറ്റുകളായി യു.കെ സൈന്യത്തില്‍. നേപ്പാള്‍ തങ്ങളുടെ കോളനി ആയിരിക്കവേ മുതല്‍ ഗൂര്‍ഖകളെ പട്ടാളത്തിലേക്ക് എടുത്തുവരുന്ന ബ്രിട്ടന്‍ ഇപ്പോഴും നേപ്പാളില്‍ നിന്നു തന്നെയാണ് അവര്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പ്രാഥമിക പരിശീലനത്തിനും നേപ്പാള്‍ സര്‍ക്കാരിന്റെ അനുമതിയോടെ അവിടെ സംവിധാനമുണ്ട്. യു.കെ സൈന്യത്തിലെ ഗൂര്‍ഖാ ബ്രിഗേഡിന് 200 വയസായത് കഴിഞ്ഞ വര്‍ഷം ആഘോഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.