കാബൂളില്‍നിന്നു രക്ഷപ്പെടുത്തിയ കുട്ടികള്‍ മാതാപിതാക്കളും കുടുംബാംഗങ്ങളുമില്ലാതെ ഓസ്‌ട്രേലിയയില്‍

കാബൂളില്‍നിന്നു രക്ഷപ്പെടുത്തിയ കുട്ടികള്‍  മാതാപിതാക്കളും കുടുംബാംഗങ്ങളുമില്ലാതെ  ഓസ്‌ട്രേലിയയില്‍

സിഡ്‌നി: താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെടുത്തിയ കുട്ടികള്‍ മാതാപിതാക്കള്‍ ഒപ്പമില്ലാതെ ഓസ്‌ട്രേലിയയില്‍. കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് ഓസ്ട്രേലിയന്‍ സൈന്യം രക്ഷപ്പെടുത്തിയ നിരവധി കുട്ടികെളയാണ് ഹോട്ടല്‍ ക്വാറന്റീനില്‍ പരിചരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പത്തു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളാണ് മുതിര്‍ന്നവരാരും ഒപ്പമില്ലാതെ ഓസ്ട്രേലിയയിലുള്ളതെന്ന് ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കള്‍ അവരുടെ കുട്ടികളെ വിമാനത്താവളത്തിന്റെ ഗേറ്റിലൂടെ സൈനികര്‍ക്കു കൈമാറുന്ന കരളലിയിക്കുന്ന രംഗങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഓസ്ട്രേലിയയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സര്‍ക്കാര്‍ പരിചരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

കാബൂള്‍ വിമാനത്താവളത്തിന്റെ മതിലിനിപ്പുറംനിന്ന് മാതാപിതാക്കള്‍ ചെറിയ കുഞ്ഞുങ്ങളെ പട്ടാളക്കാര്‍ക്ക് കൈമാറുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ പിന്നീട് മാതാപിതാക്കളുമായി ഒന്നിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


നൂറുകണക്കിന് അഫ്ഗാനി പൗരന്മാരാണ് ഓസ്ട്രേലിയയിലെ ഹോട്ടല്‍ ക്വാറന്റീനിലും മിഡില്‍ ഈസ്റ്റേണ്‍ വ്യോമതാവളത്തിലുമായി കഴിയുന്നത്.

ഓസ്ട്രേലിയ കൊണ്ടുവന്ന കുട്ടികളെ മാതാപിതാക്കളുമായി വീണ്ടും ഒന്നിപ്പിക്കുന്നത് അനിശ്ചിതാവസ്ഥയിലാണെന്ന് അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ഉപദേശകയായ പ്രിന്‍സിപ്പല്‍ സോളിസിറ്റര്‍ സാറ ഡെയ്ല്‍ പറഞ്ഞു.

മാതാപിതാക്കള്‍ ഒപ്പമില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്ന പാരമ്പര്യം ഓസ്ട്രേലിയയ്ക്കുണ്ടെങ്കിലും അഭയാര്‍ഥികളുടെ കുടുംബാംഗങ്ങളെ കണ്ടെത്തുന്നതും പുനഃസമാഗമത്തിനു വഴിയൊരുക്കുന്നതും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മിഷണറുടെ (യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ്) നേതൃത്വത്തിലാണ്.

അതേസമയം, ഓസ്ട്രേലിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എത്രപേരെ രക്ഷപ്പെടുത്തി, എത്രപേര്‍ അഫ്ഗാനിസ്ഥാനില്‍ തുടരുന്നു എന്നതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആഭ്യന്തര മന്ത്രി വിസമ്മതിച്ചു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ എത്ര വിദേശ പൗരന്മാര്‍ അവശേഷിക്കുന്നുവെന്ന് താലിബാന്‍ സൂക്ഷ്മമായി നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം വിശദാംശങ്ങള്‍ കൈമാറുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

മാനുഷികമായ പരിഗണനയില്‍ അഫ്ഗാനിസ്ഥാനിലുള്ള കൂടുതല്‍ ആളുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. എന്നാല്‍ ഭീകരാക്രമണ ഭീഷണി ആ ശ്രമങ്ങളെ തകിടംമറിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കള്‍ ഒപ്പമില്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അഫ്ഗാനിസ്ഥാനില്‍നിന്ന് കൊണ്ടുപോകാന്‍ കഴിയില്ലെന്നു ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച്ച അഫ്ഗാനിസ്ഥാനില്‍ നിന്ന് 34 കുട്ടികളെ തിടുക്കത്തില്‍ രക്ഷപ്പെടുത്തേണ്ടി വന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതില്‍ ചില കുട്ടികള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം പിന്നീട് ചേരാനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.