ലോകത്ത് 30 ശതമാനം വൃക്ഷയിനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതായി പഠന റിപ്പോര്‍ട്ട്

ലോകത്ത് 30 ശതമാനം വൃക്ഷയിനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതായി പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: ലോകത്ത് ജീവികളേക്കാള്‍ അധികം വൃക്ഷയിനങ്ങള്‍ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. മുപ്പതു ശതമാനം വൃക്ഷയിനങ്ങളാണ് കാട്ടില്‍ വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഓക്കുമരങ്ങള്‍ മുതല്‍ ഉഷ്ണമേഖലാ തടിമരങ്ങള്‍ വരെ വംശനാശ ഭീഷണി നേരിടുന്നവയില്‍ ഉള്‍പ്പെടും. 17,500 വൃക്ഷ ഇനങ്ങള്‍ ഇത്തരത്തില്‍ അപകട ഭീഷണിയിലാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. വംശനാശ ഭീഷണി നേരിടുന്ന സസ്തനികള്‍, പക്ഷികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ എന്നിവയെല്ലാം ചേരുന്നതിന്റെ ഇരട്ടി വരുമിത്.

വനനശീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികള്‍ വര്‍ധിക്കുമ്പോള്‍ ഈ വൃക്ഷങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഭൂമിയില്‍ ഏകദേശം 60,000 വൃക്ഷ ഇനങ്ങളുണ്ട്. ഇവയില്‍ സംരക്ഷണം ആവശ്യമുള്ളവ ഏതൊക്കെയാണെന്നും അവയ്ക്കുള്ള ഏറ്റവും വലിയ ഭീഷണികള്‍ എന്താണെന്നും തിരിച്ചറിഞ്ഞതായി ലണ്ടനിലെ ക്യൂ ജില്ലയിലെ ചാരിറ്റി ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലിലെ ഡോ. മാലിന്‍ റിവേഴ്‌സ് പറഞ്ഞു.



ആരോഗ്യമുള്ള ലോകത്തിന്, വൃക്ഷ ഇനങ്ങളുടെ വൈവിധ്യം അനിവാര്യമാണെന്ന് പ്രകൃതി സംരക്ഷണത്തിനായുള്ള ഇന്റര്‍നാഷണല്‍ യൂണിയന്റെ ഗ്ലോബല്‍ ട്രീ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് കോ-ചെയര്‍ സാറ ഓള്‍ഡ്ഫീല്‍ഡ് പറഞ്ഞു. ഓരോ വൃക്ഷ ഇനത്തിനും നമ്മുടെ പരിസ്ഥിതിയില്‍ സവിശേഷമായ പങ്കുണ്ട്. ലോകത്തിലെ 30% വൃക്ഷ ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നതിനാല്‍, നാം അടിയന്തരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഓള്‍ഡ്ഫീല്‍ഡ് പറയുന്നു.

തിരിച്ചറിഞ്ഞിട്ടുള്ള 60,000 വൃക്ഷ ഇനങ്ങളില്‍ 30 ശതമാനം എങ്കിലും വംശനാശം നേരിടുന്നതായി 'സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്‌സ് ട്രീസി'ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 142 ഇനം വൃക്ഷങ്ങള്‍ ഇതിനകം തന്നെ കാട്ടില്‍നിന്ന് അപ്രത്യക്ഷമായി, 442 എണ്ണം വംശനാശ ഭീഷണിയിലാണ്. അന്‍പതില്‍ താഴെ വൃക്ഷ ഇനങ്ങളാണ് അവശേഷിക്കുന്നത്. ഉഷ്ണമേഖലാ വനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്.

ആഗോളതലത്തില്‍ മരങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി വിളകള്‍ക്കു വേണ്ടി വനം നശിപ്പിക്കുന്നതാണ്. ഇത് 29 ശതമാനം ഇനങ്ങളെ ബാധിക്കുന്നു. 27 ശതമാനം വൃക്ഷങ്ങള്‍ മുറിച്ചു മാറ്റപ്പെടുന്നു. കന്നുകാലികളെ മേയ്ക്കാനോ അല്ലെങ്കില്‍ കൃഷിക്ക് വേണ്ടിയോ 14 ശതമാനമാണ് നശിപ്പിക്കുന്നത്. വികസനത്തിനു വേണ്ടി 13 ശതമാനവും കാട്ടുതീ മൂലം 13 ശതമാനവും ഇല്ലാതെയാവുന്നു എന്നും കണക്കുകള്‍ പറയുന്നു. അഞ്ചിലൊന്ന് വൃക്ഷ ഇനങ്ങളെ മനുഷ്യര്‍ ഭക്ഷണം, ഇന്ധനം, തടി, മരുന്നുകള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.



കാലാവസ്ഥാ വ്യതിയാനവും തീവ്രമായ കാലാവസ്ഥയും സമുദ്രനിരപ്പ് ഉയരുന്നതും മരങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. പക്ഷേ, മതിയായ സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ ഇവയെ നമുക്ക് രക്ഷിച്ചെടുക്കാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വനസംരക്ഷണത്തിനായി വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്:

നിലവിലുള്ള വനങ്ങള്‍ സംരക്ഷിക്കുകയും സംരക്ഷിത പ്രദേശങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുക.

ഭീഷണി നേരിടുന്ന വൃക്ഷ ഇനങ്ങളെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളിലും വിത്ത് ബാങ്കുകളിലും സൂക്ഷിക്കുക. (നിലവില്‍ ഏകദേശം 30% മരങ്ങളിങ്ങനെ സൂക്ഷിച്ചിട്ടുണ്ട്).

വനവല്‍ക്കരണവും വൃക്ഷത്തൈ നടീല്‍ പദ്ധതികളും ശാസ്ത്രീയമായി നടത്താനുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. ശരിയായ സ്ഥലത്ത് ശരിയായ വൃക്ഷം വച്ചുപിടിപ്പിക്കാനുള്ള ബോധ്യം പകരുക.

മരങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ ഫണ്ട് വകയിരുത്തുക.

10 ലക്ഷം മൃഗങ്ങളും സസ്യജാലങ്ങളും വംശനാശ ഭീഷണിയിലാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 300 വര്‍ഷത്തിനിടയില്‍, ആഗോള വനപ്രദേശം 40 ശതമാനം കുറയുകയും 29 രാജ്യങ്ങള്‍ക്ക് 90 ശതമാനം വനമേഖല നഷ്ടപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.