സ്വന്തം പിതാവിനാല്‍ സഹായ മെത്രാനായി വാഴിയ്ക്കപ്പെട്ട വിശുദ്ധ അഗ്രിക്കോളസ്

 സ്വന്തം പിതാവിനാല്‍ സഹായ മെത്രാനായി വാഴിയ്ക്കപ്പെട്ട വിശുദ്ധ അഗ്രിക്കോളസ്

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 02

റോമന്‍ സെനറ്ററായ മാഗ്‌നസിന്റെ മകനായിരുന്നു അഗ്രിക്കോളസ്. പതിനാലാമത്തെ വയസില്‍ അമ്മയുടെ മരണശേഷം അഗ്രിക്കോളസ് സെമിനാരിയില്‍ ചേര്‍ന്ന് ഭക്തിമാര്‍ഗത്തിലും ജ്ഞാന മാര്‍ഗത്തിലും അസാമാന്യ അറിവ് സമ്പാദിച്ചു. ഇതിനിടയില്‍ വിഭാര്യനായ മാഗ്‌നസിന് ഒരു സന്യാസിയാകാനുള്ള തിരുകല്‍പന ലഭിച്ചു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം മാഗ്‌നസ് അവിഗ്‌നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു.

ഈ സ്ഥാനത്തിരിക്കുമ്പോള്‍ വൈദികനായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന സ്വന്തം മകനെ പൊതുഭരണ ചുമതലയില്‍ സഹായ മെത്രാനായി വാഴിക്കുവാനുള്ള അസുലഭ സൗഭാഗ്യവും ആ പിതാവിന് ലഭിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിന്റെ പിന്‍ഗാമിയായി ഉയര്‍ത്തപ്പെട്ട അഗ്രിക്കോളസ് സുവിശേഷ പ്രഘോഷണത്തിലും സാധുജന സംരക്ഷണത്തിലും പ്രസിദ്ധനായിത്തീര്‍ന്നു.

പിശാചിനെതിരെ പടവെട്ടിയതു കൊണ്ടാണ് വിശുദ്ധരായ ജോര്‍ജ്, ഏസേഷ്യസ്, അന്തോക്യയിലെ മാര്‍ഗററ്റ് എന്നിവരെപ്പോലെ ഒരു വ്യാളിയോടൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. ഈ പോരാട്ടത്തില്‍ അദ്ദേഹം വിജയിച്ചത് ബലഹീനമായ സ്വന്തം മാനുഷിക ഇച്ഛാശക്തികൊണ്ടല്ല.

മറിച്ച് ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശുരൂപവും, പ്രാര്‍ത്ഥനയും, ഉപവാസവും, അചഞ്ചലമായ വിശ്വാസവും കൊണ്ടാണ്. അവിഗ്‌നോനിലെ ബിഷപ്പ് എന്ന നിലയില്‍ അഗ്രിക്കോളസ് തന്റെ അജഗണങ്ങള്‍ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത ഇടയ ശ്രേഷ്ഠനായിരുന്നു. 1647 ല്‍ വിശുദ്ധ അഗ്രിക്കോളസ് 'അവിഗ്‌നോനിന്റെ മധ്യസ്ഥനായി' പ്രഖ്യാപിക്കപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോസ്‌കില്‍ഡെയിലെ വില്യം

2. സിറാക്കുസിലെ കല്ലിസ്റ്റാ

3. ഫ്രാന്‍സിലെ കാസ്‌തോര്‍

4. ഫ്രാന്‍സിലെ ബ്രോക്കാര്‍ഡ്

അനുദിന വിശുദ്ധര്‍ എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26