കാലാവസ്ഥയും ചൈനയും ലോകത്തിന് വെല്ലുവിളി; മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാര്‍

കാലാവസ്ഥയും ചൈനയും ലോകത്തിന് വെല്ലുവിളി; മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാര്‍

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനവും ചൈനയുമാണ് നിലവില്‍ ലോകരാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാരായ ജൂലിയ ഗില്ലാര്‍ഡും ജോണ്‍ ഹോവാര്‍ഡും. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുരക്ഷാ ഉടമ്പടിയുടെ (ANZUS Treaty) എഴുപതാം വാര്‍ഷികത്തിലാണ് മുന്‍ പ്രധാനമന്ത്രിമാരുടെ അഭിപ്രായപ്രകടനം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്റ്റഡി സെന്ററാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.

ഓസ്ട്രേലിയയും അമേരിക്കയും അഭിമുഖീകരിക്കുന്ന നിലവിലെ വെല്ലുവിളികളില്‍ ഒന്ന് ചൈനയാണെന്ന് ജോണ്‍ ഹൊവാര്‍ഡ് പറഞ്ഞു. ചൈന തായ് വാനില്‍ വിവിധ രീതികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമ്പോള്‍ അത് കൈകാര്യം ചെയ്യുക ബുദ്ധിമുട്ടേറിയ ജോലിയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സഖ്യം ഏറെ പ്രധാനപ്പെട്ടതാണ്.

യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയുള്‍പ്പെട്ട ക്വാഡ് സഖ്യത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെങ്കിലും ചൈനയുമായുളള ഓസ്‌ട്രേലിയയുടെ വ്യാപാര ബന്ധം നിര്‍ണായകമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സാമ്പത്തിക പങ്കാളിയും ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിലും ചൈന പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.


ജോണ്‍ ഹൊവാര്‍ഡ്

കാലാവസ്ഥാ വ്യതിയാനം വളരെ പ്രധാനപ്പെട്ട സുരക്ഷാ വെല്ലുവിളിയാണെന്ന് ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. ഇക്കാര്യത്തില്‍ ലോക രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ഉറപ്പാക്കേണ്ട ആവശ്യകത വലിയ തോതില്‍ ഉയര്‍ന്നുവരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുരക്ഷാ ഉടമ്പടി (ANZUS treaty) 1951-ലാണ് ഒപ്പുവച്ചത്. അതിനുശേഷം വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെ എണ്ണമറ്റ യുദ്ധങ്ങളിലാണ് ഈ രാജ്യങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചത്.

സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകള്‍ക്കു നേരേ ഭീകരാക്രമണം നടന്നപ്പോള്‍ അന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ഹൊവാര്‍ഡ് വാഷിംഗ്ടണില്‍ ഉണ്ടായിരുന്നു. ആക്രമണത്തിനു കാരണക്കാരായ അല്‍ ഖ്വയ്ദയ്ക്കെതിരായി ഒന്നിച്ചു പോരാടാന്‍ ഈ സുരക്ഷാ ഉടമ്പടി ഉപയോഗിക്കാന്‍ ഹൊവാര്‍ഡ് ആഹ്വാനം ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ 20 വര്‍ഷത്തെ യുദ്ധം പരാജയമല്ലെന്നും എന്നാല്‍ അത് എങ്ങനെ അവസാനിച്ചു എന്നതിന് ഉത്തരം നല്‍കേണ്ടതുണ്ടെന്നും ഹൊവാര്‍ഡ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്നത് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയാണ് അഭികാമ്യമെന്ന് ഹൊവാര്‍ഡ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ ഓസ്ട്രേലിയയുടെ പങ്കിനു മേല്‍നോട്ടം വഹിച്ച മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു ജൂലിയ ഗില്ലാര്‍ഡ്. യുദ്ധം എങ്ങനെ പിന്‍വലിച്ചു എന്നതിനെക്കുറിച്ച് അമേരിക്കയും ഓസ്ട്രേലിയയും ചിന്തിക്കണമെന്ന് അവര്‍ പറഞ്ഞു. എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെക്കറുിച്ച് ചിന്തിക്കണം. അഫ്ഗാനിസ്ഥാനോടുള്ള സമകാലിക ഭാവം എന്തായിരിക്കണം എന്നതും ആലോചിച്ചു തീരുമാനിക്കണം.

അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ അകലെ നിന്ന് എങ്ങനെ പിന്തുണയ്ക്കാമെന്ന് യു.എസും സഖ്യകക്ഷികളും പരിഗണിക്കേണ്ടതുണ്ടെന്ന് ഗില്ലാര്‍ഡ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26