മ്യാന്‍മറില്‍ സൈന്യം രണ്ട് പള്ളികള്‍ കയ്യടക്കി മലിനമാക്കി; പൂജ്യവസ്തുക്കള്‍ നശിപ്പിച്ചു

മ്യാന്‍മറില്‍ സൈന്യം രണ്ട് പള്ളികള്‍ കയ്യടക്കി മലിനമാക്കി; പൂജ്യവസ്തുക്കള്‍ നശിപ്പിച്ചു


ഹഖ/ചിന്‍ (മ്യാന്‍മര്‍) : പടിഞ്ഞാറന്‍ മ്യാന്‍മറിലെ രണ്ട് പള്ളികള്‍ സൈന്യം കയ്യടക്കി മലിനപ്പെടുത്തിയതില്‍ ഞെട്ടലോടെ രാജ്യത്തെ ക്രൈസ്തവ സമൂഹം. ചിണ്ട് സംസ്ഥാനത്തെ മിന്‍ഡാറ്റ് മേഖലയിലുള്ള ചാറ്റ് ഗ്രാമത്തിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ പള്ളിയും ഒരു ബാപ്റ്റിസ്റ്റ് പള്ളിയുമാണ് സൈന്യം ഏറ്റെടുത്ത് പൂജ്യവസ്തുക്കളെയും വിശുദ്ധ ഇടങ്ങളെയും മാനിക്കാതെ പാചകവും മദ്യപാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

സെന്റ് ജോണ്‍സ് പള്ളി ഉള്‍പ്പെടുന്ന ഹഖ രൂപതയിലെ സഭാ നേതൃത്വം സംഭവത്തില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യം പള്ളിയില്‍ നിന്നു പുറത്താക്കിയ വികാരി ഫാ. ജോണ്‍ ഓങ് തന്റെ നിസ്സഹായത പ്രകടമാക്കി: 'ഇത് അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. സൈന്യം അവരുടെ ആവശ്യത്തിനായി പള്ളി ആവശ്യപ്പെട്ടു. അതിക്രമിച്ചു കയറി സക്രാരി പോലും കുത്തിത്തുറന്നു. വിശുദ്ധ വസ്തുക്കള്‍ മലിനപ്പെടുത്തി. തിരുവോസ്തി എടുത്തെറിഞ്ഞ് ചവിട്ടിമെതിച്ചു. എല്ലാം കൊള്ളയടിച്ചു. പൂട്ടിയിട്ട എല്ലാ കാബിനറ്റുകളും നശിപ്പിച്ചു. ആരാധനാലയങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്ന് സൈന്യം അറിയണം. ആരാധനാ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനവുമാണിത്. '


ചാറ്റ് ഗ്രാമത്തിലെ 68 കുടുംബങ്ങളില്‍ 42 ഉം കത്തോലിക്കാ മതവിശ്വാസികളാണ്. 20 ഗ്രാമങ്ങളുടെ ഇടവകയാണിത്. പ്രാദേശിക പ്രതിരോധ സേനയിലെ ചില തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയതോടെ, വികാരി ഗ്രാമവാസികളോടൊപ്പം കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ക്രിസ്ത്യാനികളില്‍ ഒരാളായ ഷെയ്ന്‍ ഓങ് മൗങ് പറഞ്ഞു: 'സൈനികര്‍ ഞങ്ങളുടെ ബൈബിളുകളും വിശുദ്ധ ഫര്‍ണിച്ചറുകളും ഇലക്ട്രിക് ജനറേറ്ററുകളും സൗണ്ട് ആംപ്ലിഫയറും നശിപ്പിച്ചു. അവര്‍ പള്ളി കെട്ടിടത്തിനുള്ളില്‍ മദ്യം കുടിക്കുന്നു. കന്നുകാലികളെ അറുത്ത് പള്ളിക്കുള്ളില്‍ മാംസം പാകം ചെയ്യുന്നു. സൈന്യം രാജ്യത്തെ അസ്ഥിരമാക്കുകയാണ്. ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിക്കുന്നു. ആളുകളെ ആക്രമിച്ച് സ്വത്ത് കവരുന്നു. നിരായുധരും സമാധാന പ്രിയരുമായ സിവിലിയന്മാരെ കൊല്ലുന്നു. ഗ്രാമങ്ങളും വീടുകളും കത്തിക്കുന്നു. ഞങ്ങള്‍ ശരിക്കും അമ്പരന്നു നില്‍ക്കുകയാണ്'

ഇത് ശരിക്കും ചിന്തിക്കാനാവാത്തതാണ് - മറ്റൊരു കത്തോലിക്കാ വൈദികനായ ഫാ. ഡേവിഡ് ഹ്യുമാന്‍ പറഞ്ഞു. മ്യാന്‍മറിലെ സൈന്യത്തെ ഇനി ഒരു ജനകീയ സൈന്യമെന്നു പറയാനാകില്ല. ജനങ്ങള്‍ക്കെതിരെ, നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ അക്രമം നടത്തുന്ന ഒരു തീവ്രവാദ ഗ്രൂപ്പായി മാറിയിരിക്കുന്നു അവര്‍. ക്രിസ്ത്യാനികള്‍ കൂടുതലുള്ള ചിന്‍ സംസ്ഥാനത്ത് സൈന്യവും പ്രാദേശിക സിവില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായ ശേഷമാണ് സൈന്യം പള്ളികള്‍ കയ്യടക്കിയതെന്ന് ഫാ. ഹ്യുമാന്‍ അറിയിച്ചു.



മ്യാന്മറിലെ അഞ്ചു കോടി 40 ലക്ഷം വരുന്ന ജനസംഖ്യയില്‍ 6.2 ശതമാനം ആളുകള്‍ മാത്രമാണ് ക്രൈസ്തവ വിശ്വാസികളായുള്ളത്.ഫെബ്രുവരി ഒന്നാം തീയതി രാജ്യഭരണം അട്ടിമറിയിലൂടെ പിടിച്ചെടുത്തതിന് ശേഷം കുറഞ്ഞത് ആറോളം ക്രൈസ്തവ ദേവാലയങ്ങള്‍ പട്ടാളം ആക്രമിച്ചിട്ടുണ്ട്. ഇതില്‍ കായാ സംസ്ഥാനത്തെ തിരുഹൃദയ ദേവാലയവും ഉള്‍പ്പെടുന്നു. ഇവിടെ മെയ് 23നു നടന്ന ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈദികരും പട്ടാളത്തിന്റെ ഇരകളായി. എട്ടോളം വൈദികരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഇതിനിടെ, പടിഞ്ഞാറന്‍ മ്യാന്‍മറിലെ തന്നെ ചിന്‍ സംസ്ഥാനത്തെ ടാല്‍ ഗ്രാമത്തില്‍ പട്ടാളം നശിപ്പിച്ച ബാപ്റ്റിസ്റ്റ് ദേവാലയം വിവിധ ക്രൈസ്തവ നേതാക്കളുടെ സാന്നിധ്യത്തില്‍ പുനര്‍ സമര്‍പ്പിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് മാസങ്ങളായി പട്ടാളം താണ്ഡവമാടിയ ദേവാലയത്തില്‍ ബൈബിളുകള്‍ വലിച്ചെറിയുകയും, പാട്ടുപുസ്തകങ്ങള്‍ അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു. ഭക്ഷണാവശിഷ്ടം അടക്കം ദേവാലയത്തില്‍ വെച്ചിട്ടാണ് സൈന്യം മടങ്ങിയത്. ചിന്‍ സംസ്ഥാനവും ക്രൈസ്തവ ഭൂരിപക്ഷ മേഖലയാണ്. പട്ടാളത്തെ ചെറുത്ത് നില്‍ക്കാന്‍ പ്രാദേശിക സമൂഹം സംഘടിച്ചതിനെ തുടര്‍ന്നാണ് പട്ടാളം ആക്രമണം കടുപ്പിച്ചത്. ഇതിനിടെ അവര്‍ ദേവാലയത്തില്‍ പ്രവേശിച്ചു.

സംഭവത്തെ നഗരത്തിലെ വിവിധ ക്രൈസ്തവ സഭകളും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിന്‍ അഫയേഴ്‌സും സംഭവത്തെ അപലപിച്ചിരുന്നു. ദേവാലയം പിടിച്ചടക്കി, അവിടുത്തെ വസ്തുവകകള്‍ നശിപ്പിച്ചത് ജനീവ ഉടമ്പടിക്ക് വിരുദ്ധമാണെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിന്‍ അഫയേഴ്‌സ് ആവശ്യപ്പെട്ടു. പട്ടാളം ഗ്രാമത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് 150 കുടുംബങ്ങള്‍ക്ക് ഭവനം ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നുവെന്നും, പട്ടാളം നിരവധി ഭവനങ്ങളും, ആളുകളുടെ വസ്തുവകകളും നശിപ്പിച്ചുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.