ഇടുക്കിയില്‍ ബാലവേല നടക്കുന്നുവെന്ന് പരാതി; അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

ഇടുക്കിയില്‍ ബാലവേല നടക്കുന്നുവെന്ന് പരാതി; അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

ഇടുക്കി: ഇടുക്കിയില്‍ ബാലവേല നടക്കുന്നുവെന്ന പരാതിയില്‍ അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കി പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും. പരാതിയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി മേഖലകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന തുടരും. തോട്ടങ്ങളില്‍ നേരിട്ട് എത്തി പരിശോധനകള്‍ നടത്തുമെന്ന് ജില്ല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.

ഇടുക്കിയിലെ ഏല തോട്ടങ്ങളില്‍ ബാലവേല നടക്കുന്നതായി ജില്ല പഞ്ചായത്ത് കണ്ടെത്തിയിരുന്നു. ബാലവേലയുമായി ബന്ധപ്പെട്ട് ഉടുമ്പഞ്ചോലയില്‍ ഇതിനോടകം തന്നെ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളെ വീട്ടില്‍ ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് തോട്ടത്തിലേക്ക് കൊണ്ടു വരുന്നത് എന്നാണ് ചില മാതാപിതാക്കാളുടെ വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ കൊണ്ടുവരുന്ന കുട്ടികള്‍ തോട്ടം ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വ്യക്തമാക്കി.

ഏല തോട്ടത്തില്‍ പണിക്കെത്തുന്ന തൊഴിലാളികള്‍ക്ക് ശരാശരി 300 മുതല്‍ 500 രൂപവരെയാണ് കൂലി. എന്നാല്‍ കുട്ടികള്‍ക്ക് ഇതിന്റെ പകുതി പോലും നല്‍കേണ്ടതില്ല. ഇക്കാരണത്താലാണ് തമിഴ് നാട്ടില്‍ നിന്നും 12ഉം 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഏല തോട്ടങ്ങളില്‍ പണിക്കായി എത്തിക്കുന്നത്. കുട്ടികളെ ജോലിക്കെത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിക്കുന്ന വാഹനങ്ങളും പരിശോധിക്കും. മുതിര്‍ന്ന തോട്ടം തൊഴിലാളികളെ എത്തിക്കുന്ന അതേ വാഹനത്തില്‍ തന്നെയാണ് കുട്ടികളെയും എത്തിക്കുന്നതെന്ന് നേരത്തെ തന്നെ ജില്ലാ പഞ്ചായത്ത് കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയുടെ ഭാഗമായി കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളുമായെത്തിയ വാഹനം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.
പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. എന്നാല്‍ വിഷയത്തില്‍ ഇത് വരെ കേസ് എടുത്തിട്ടില്ല.കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇത്തരം വിഷയങ്ങളില്‍ കേസ് എടുക്കാന്‍ സാധിക്കുവെന്നാണ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.