അഫ്ഗാനില്‍ ഭക്ഷണ ശേഖരം തീരുന്നു: ആശങ്ക അറിയിച്ച് യു.എന്‍: അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍

അഫ്ഗാനില്‍ ഭക്ഷണ ശേഖരം തീരുന്നു:  ആശങ്ക അറിയിച്ച് യു.എന്‍: അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍

യുണൈറ്റഡ് നേഷന്‍സ്: അഫ്ഗാനിസ്ഥാനില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തിന്റെ കരുതല്‍ ശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്ര സഭ.

രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ലെന്ന് ആശങ്കപ്പെട്ട യു.എന്‍ കൂടുതല്‍ ഭക്ഷണം ശേഖരിക്കാന്‍ 20 കോടി യു.എസ് ഡോളര്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും യു.എന്‍. ആവശ്യപ്പെട്ടു.

അഞ്ച് വയസിനു താഴെയുള്ള കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്കും അടുത്ത വര്‍ഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു.

'സെപ്റ്റംബര്‍ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തര സഹായവുമായി രാജ്യങ്ങള്‍ മുന്നോട്ടു വരണം. ഇല്ലെങ്കില്‍ പതിനായിരങ്ങള്‍ പട്ടിണിയിലാവും' - അഫ്ഗാനിസ്ഥാനിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് പറഞ്ഞു.

അതേസമയം അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചതോടെ അഫ്ഗാനിസ്ഥാനുമായുള്ള തന്ത്രപ്രധാനമായ ചാമനിലെ അതിര്‍ത്തി ചെക്‌പോസ്റ്റ് പാകിസ്ഥാന്‍ അടച്ചു. സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനാലാണ് അതിര്‍ത്തി അടച്ചിടുന്നതെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു.

എന്നാല്‍, എത്രദിവസം അടച്ചിടല്‍ നീണ്ടുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തിയിലെ സുരക്ഷ പാകിസ്ഥാന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇപ്പോള്‍ പാകിസ്ഥാനിലുണ്ടെന്നാണ് കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.