ചുഴലിക്കാറ്റ്, പ്രളയം: അമേരിക്കയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണം 46

ചുഴലിക്കാറ്റ്, പ്രളയം: അമേരിക്കയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണം 46


ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുടനീളം ഐഡ ചുഴലിക്കാറ്റും പേമാരിയും മിന്നല്‍ പ്രളയവും വന്‍ നാശം വിതച്ചു.ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 46 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ 150,000 ത്തിലധികം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു. തെക്കന്‍ ന്യൂജഴ്സിയില്‍ ചുഴലിക്കാറ്റ് ഒട്ടേറെ വീടുകള്‍ തകര്‍ത്തു.

കണക്റ്റിക്കട്ട്, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് മരണമുണ്ടായത്. ലൂസിയാന സംസ്ഥാനത്ത് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കി. വീടുകളിലും കാറുകളിലും വെള്ളക്കെട്ട് മൂലം കുടുങ്ങിയവരാണ് മരിച്ചവരില്‍ അധികവും. ബുധനാഴ്ച അര്‍ദ്ധരാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായാണ് കൂടുതല്‍ മരണങ്ങളുണ്ടായത്.

കണക്ടിക്കട്ട് മുതല്‍ മേരിലാന്‍ഡ് വരെയുള്ള പ്രദേശങ്ങള്‍ വന്‍ അപകടഭീഷണിയിലായി. ന്യൂജേഴ്സിയില്‍ മാത്രം 23 പേരും ന്യൂയോര്‍ക്ക് സിറ്റിയില്‍ 13 പേരും വെള്ളപ്പൊക്കത്തില്‍ മരിച്ചു. രാജ്യത്തെ തന്നെ ഏറ്റവും ജീവിത ചെലവേറിയ പ്രദേശത്ത് കുറഞ്ഞ ചെലവില്‍ താമസ സ്ഥലങ്ങള്‍ ലഭിക്കുന്ന ബേസ്മെന്റ് അപ്പാര്‍ട്ട്മെന്റുകളില്‍ കുടുങ്ങി മരിച്ചവരാണ് ഇതില്‍ പത്തിലധികം ആളുകളും.ക്വീന്‍സിലെ ബേസ്മെന്റ് അപ്പാര്‍ട്ട്മെന്റുകളില്‍ നിയമവിരുദ്ധമായി താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്് പ്രശ്നമായെന്നു പൊലീസ് പറയുന്നു. ചില ലൂസിയാന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തകരാര്‍ അഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. ഗ്യാസ് വിതരണവും പലയിടത്തും തകരാറിലായി.


പെന്‍സില്‍വാനിയയില്‍ ഭാര്യയെ രക്ഷിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയ യുവാവും മരം വീണ് പരിക്കേറ്റയാളും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.കോടികളുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും തകരാറിലായ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്രീന ചുഴലിക്കാറ്റ് നാശം വിതച്ച അതേദിവസമാണ് ഐഡയും രാജ്യത്ത് എത്തിയത്.

മഴ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അരയടിയിലധികം വെള്ളം തെരുവുകളില്‍ ഉയര്‍ത്തി. തെരുവുകളും സബ്വേ പ്ലാറ്റ്ഫോമുകളും നദികളായി. ബോട്ടുകളിലെത്തിയ ക്വിക്ക് റെസ്പോണ്‍സ് ടീം കാറുകളുടെ മുകളില്‍ നിന്ന് ആളുകളെ രക്ഷിച്ചു. ട്രെയിനുകളില്‍ നിന്നും സബ്വേകളില്‍ നിന്നും നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹെന്റി 11 ദിവസം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡുകളാണ് ഇപ്പോഴത്തെ മഴ തകര്‍ത്തത്.

ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ ലൈനുകള്‍ ഭാഗികമായെങ്കിലും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ഈ മേഖലയിലുടനീളമുള്ള റെയില്‍ സേവനവും നിര്‍ത്തേണ്ടിവന്നു. വിമാനത്താവളങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലും നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ന്യൂജഴ്സിയിലും പെന്‍സില്‍വാനിയയിലും ചില നദികള്‍ ഇപ്പോഴും കര കവിഞ്ഞൊഴുകുന്നു.

പതിനായിരക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതിയില്ലാതെ ഫിലഡല്‍ഫിയ പ്രദേശത്ത് കഴിയുന്നു. നഗരമധ്യത്തിലൂടെ ഒഴുകുന്ന പ്രധാന ഹൈവേയുടെ ഒരു ഭാഗം വെള്ളത്തിനടിയിലായി. ഇപ്പോഴും നഗരത്തിലുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഫിലഡല്‍ഫിയ ഫയര്‍ കമ്മീഷണര്‍ ആദം തീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 100 വര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലാത്ത അളവിലാണ് പ്രളയം എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് റെക്കോര്‍ഡ് തകര്‍ത്ത വെള്ളപ്പൊക്കമാണെന്ന് ഫിലഡല്‍ഫിയ മേയര്‍ ജിം കെന്നി പറഞ്ഞു.

എന്‍ജെയിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പാസൈക് നദി തീരങ്ങള്‍ കവിഞ്ഞ് തെരുവുകളിലൂടെ ഒഴുകി. ബുധനാഴ്ച സെന്‍ട്രല്‍ പാര്‍ക്കില്‍ 3.15 ഇഞ്ച് മഴ പെയ്തു. ന്യൂജഴ്സിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ബെര്‍ഗന്‍ കൗണ്ടിയില്‍ വലിയ നാശനമഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മേരിലാന്‍ഡിലും ഫിലഡല്‍ഫിയ പ്രാന്തപ്രദേശങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചു.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ചില പ്രദേശങ്ങള്‍ ഫിലഡല്‍ഫിയ പ്രാന്തപ്രദേശങ്ങളിലാണ്. മോണ്ട്ഗോമറി കൗണ്ടിയില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിന് സമീപം വീശിയടിച്ച ചുഴലിക്കാറ്റ് ഏകദേശം 2500 നിവാസികളെ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുത്തി. മരങ്ങള്‍ വീണു ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.