വാഷിംഗ്ടണ്‍: ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് പാറക്കല്ലുകള്‍ കുഴിച്ചെടുക്കാനുള്ള നാസയുടെ പെഴ്സിവിയറന്‍സ് റോവറിന്റെ രണ്ടാമത്തെ ശ്രമം വിജയം. ചൊവ്വയുടെ ഉപരിതലത്തിലെ പാറ ഡ്രില്‍ ചെയ്തുണ്ടാക്കിയ ദ്വാരത്തിന്റെയും സാമ്പിളുകളുടെയും ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു.
ശാസ്ത്രജ്ഞരുടെ വിശകലനത്തിനായി പാറയുടെ സാമ്പിളുകള്‍ കുഴിച്ചെടുക്കാനുള്ള റോവറിന്റെ ആദ്യശ്രമം കഴിഞ്ഞ മാസം പരാജയപ്പെട്ടിരുന്നു. ഒരു കുന്നിന്റെ മധ്യഭാഗത്ത് ദ്വാരമുണ്ടാക്കിയെങ്കിലും അതില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് ഒരു ട്യൂബില്‍ ഇടാനുള്ള ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്.
ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് പാറക്കല്ലുകള്‍ കുഴിച്ചെടുക്കാനുള്ള ആദ്യ ശ്രമത്തില്‍ പാറ പൊടിഞ്ഞ നിലയില്‍
രണ്ടാമത്തെ ശ്രമത്തില്‍ പാറയുടെ സാമ്പിള്‍ സുരക്ഷിതമായി എടുത്തിട്ടുണ്ടെന്ന് കാണിക്കുന്നതാണ് പുതിയ ചിത്രങ്ങള്‍. ഇക്കുറി പെഴ്സിവിയറന്‍സിന്റെ ശ്രമം വിജയിച്ചിട്ടുണ്ടെങ്കില്‍, മറ്റൊരു ഗ്രഹത്തില്‍നിന്ന് ഡ്രില്‍ ചെയ്ത് ശേഖരിച്ച് ഭൂമിയിലേക്ക് അയച്ച പാറയുടെ ആദ്യ സാമ്പിളുകള്‍ ആയിരിക്കുമിത്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതോളം സാമ്പിളുകള്‍ ശേഖരിച്ച് 2030 ആകുമ്പോഴേക്കും ഭൂമിയിലേക്ക് റോവറിനെ തിരികെ കൊണ്ടുവരാനുള്ള ദൗത്യമാണ് നാസ ആസൂത്രണം ചെയ്യുന്നത്.
ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് രണ്ടാമത്തെ ശ്രമത്തില്‍ റോവര്‍ സുരക്ഷിതമായി ശേഖരിച്ച പാറയുടെ സാമ്പിള്‍
പാറകളില്‍ ഉണ്ടാകാനിടയുള്ള പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങള്‍ തേടുക എന്ന ലക്ഷ്യത്തോടെയാണ് നാസ ദൗത്യം ആരംഭിച്ചത്. 3.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ കുഴിയെടുക്കുന്ന ജെസറോ ഗര്‍ത്തത്തില്‍ ആഴമേറിയ തടാകം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇവിടെ സൂക്ഷമജീവികളുടെ തെളിവുകള്‍ അവശേഷിച്ചിട്ടുണ്ടാകുമെന്നു തന്നെയാണ് നാസ കരുതുന്നത്.
ഡ്രില്‍ ഉപയോഗിച്ച് കുഴിച്ചെടുക്കുന്ന ചൊവ്വയിലെ പാറകളും മണ്ണും ടൈറ്റാനിയം ട്യുബുകളിലാണു ശേഖരിക്കുന്നത്. ഇത് സീല്‍ ചെയ്യുന്നതിന് മുമ്പായി റോവര്‍ അതിന്റെ ചിത്രങ്ങള്‍ എടുത്ത് ഭൂമിയിലേക്ക് അയക്കും. ഓഗസ്റ്റ് ആദ്യം നടത്തിയ ഇത്തരമൊരു ശ്രമത്തില്‍ ട്യൂബില്‍ ഒന്നുമില്ലെന്നു ചിത്രങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. പാറയുടെ കട്ടി കുറഞ്ഞ ഭാഗത്ത് ഡ്രില്‍ ചെയ്യുന്നതിനിടെ സാമ്പിള്‍ പൊടിഞ്ഞ് നിലത്തേക്കു വീണതായാണ് നിഗമനം.
പെഴ്സിവിയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങിയ ലൊക്കേഷനില്‍ നിന്ന്, രണ്ടു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് സിറ്റഡെല്ലെ എന്ന് പേരിട്ട ഒരു കുന്നില്‍നിന്നാണ് ഇക്കുറി മികച്ച രീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ചത്. പാറ പൊടിഞ്ഞതിന്റെ ലക്ഷണങ്ങളൊന്നും ചിത്രങ്ങളില്‍ ഇല്ല.
വ്യാഴാഴ്ച്ച ലഭിച്ച ചിത്രങ്ങളില്‍ ട്യൂബിന്റെ പ്രവേശനദ്വാരത്തില്‍ പാറക്കല്ലുകള്‍ വ്യക്തമായി കാണാം. മികച്ച സാമ്പിളാണ് റോവര്‍ ശേഖരിച്ചതെന്ന് പെഴ്സിവിയറന്‍സ് റോവറിന്റെ ചീഫ് എഞ്ചിനീയര്‍ ആദം സ്റ്റെല്‍റ്റ്സ്നര്‍ വിശേഷിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.