തൊഴിലിന് മോഡി സര്‍ക്കാര്‍ ഭീഷണി; ജനങ്ങള്‍ സ്വയം പര്യാപ്തത നേടണമെന്ന് രാഹുല്‍ ഗാന്ധി

തൊഴിലിന് മോഡി സര്‍ക്കാര്‍ ഭീഷണി; ജനങ്ങള്‍ സ്വയം പര്യാപ്തത നേടണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ തൊഴിലിന് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി എം.പി. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 15 ലക്ഷം തൊഴിലവസരം കുറഞ്ഞെന്ന കണക്കുകളോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. 'സൗഹൃദ രഹിത' ബിസിനസുകളെയും തൊഴില്‍ ദായകരെയും മോഡി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. തൊഴിലുള്ളവരുടേത് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ് അവര്‍. രാജ്യത്തെ ജനങ്ങളില്‍ നിന്ന് സ്വയം പര്യാപ്തതയാണ് പ്രതീക്ഷിക്കുന്നത്. പൊതുജന താല്‍പര്യാര്‍ഥം പ്രസിദ്ധീകരിക്കുന്നതാണ് ഇതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച നാഷനല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈനടക്കമുള്ള മോഡി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ രാഹുല്‍ കര്‍ശനമായി വിമര്‍ശിച്ചിരുന്നു. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എകണോമി പ്രൈവറ്റ് ലിമിറ്റഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനമാണ്. ജൂലൈയിലെ നിരക്ക് 6.96 ശതമാനമായിരുന്നു. സാമ്പത്തിക വളര്‍ച്ച കുറഞ്ഞതാണ് തൊഴിലവസരം കുറയാന്‍ കാരണം.

ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ രാജ്യത്തെ എട്ടു ജില്ലകളില്‍ തൊഴിലില്ലായ്മ നിരക്ക് കൂടിയിട്ടുണ്ട്. ഹരിയാനയില്‍ 35.7 ശതമാനമാണ് തൊഴിലില്ലായ്മ. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ഭയം രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാറിന്റെ നയങ്ങള്‍ കാരണം സാമ്പത്തിക രംഗം തകരുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുമാണ് ചെയ്തത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ കാരണം 14 കോടി ജനങ്ങള്‍ തൊഴില്‍ രഹിതരായെന്നും രാജ്യത്തെ യുവതക്ക് ജോലി നല്‍കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നതാണ് സത്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.