തൊഴിലാളിക്കു നേരേ കാട്ടുനായ്ക്കളുടെ ആക്രമണം; ഓസ്‌ട്രേലിയയിലെ ഖനന കമ്പനിക്ക് 1,00,000 ഡോളര്‍ പിഴ

തൊഴിലാളിക്കു നേരേ കാട്ടുനായ്ക്കളുടെ ആക്രമണം; ഓസ്‌ട്രേലിയയിലെ ഖനന കമ്പനിക്ക് 1,00,000 ഡോളര്‍ പിഴ

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഖനി തൊഴിലാളിയെ ഡിങ്കോ നായ്ക്കള്‍ ആക്രമിച്ച സംഭവത്തില്‍ ഖനന കമ്പനിക്ക് 100,000 ഡോളറിലധികം പിഴ ചുമത്തി. 2018-ല്‍ പില്‍ബാരയിലെ ടെല്‍ഫര്‍ ഖനിയിലാണ് സംഭവം നടന്നത്. ന്യൂക്രെസ്റ്റ് മൈനിംഗ് കമ്പനിയുടെ കീഴിലുള്ള ഖനിയിലാണ് സ്ത്രീ ജോലി ചെയ്തിരുന്നത്. സാന്‍ഡ്‌വിച്ച് കഴിക്കുന്നതിനിടെ രണ്ട് ഡിങ്കോ നായ്ക്കളാണ് സ്ത്രീയെ ആക്രമിച്ചത്. കാട്ടുനായ്ക്കളുടെ വിഭാഗത്തില്‍പെടുന്ന ഡിങ്കോ നായ്ക്കള്‍ ആക്രമണകാരികളാണ്.

സ്ത്രീയുടെ നിലവിളി കേട്ട മറ്റ് ജീവനക്കാരാണ് നായ്ക്കളുടെ ശ്രദ്ധ തിരിച്ച് അവരെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സ്ത്രീയുടെ കാലിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നീട് മാനസിക പ്രശ്‌നങ്ങളും അനുഭവപ്പെട്ടു.

ഖനി മേഖലയില്‍ നായ്ക്കള്‍ ആക്രമണകാരികളാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലോളം ജീവനക്കാര്‍ക്കു നായ്ക്കളുടെ കടിയേറ്റിരുന്നു.

തൊഴിലുടമകള്‍ അവരുടെ ജീവനക്കാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യവും താമസസ്ഥലവും ഒരുക്കണമെന്ന് മൈന്‍സ്, ഇന്‍ഡസ്ട്രി റെഗുലേഷന്‍ ആന്‍ഡ് സേഫ്റ്റി വകുപ്പില്‍ നിന്നുള്ള സാലി നോര്‍ത്ത് പറഞ്ഞു. ന്യൂക്രെസ്റ്റ് മൈനിംഗ് കമ്പനിക്ക് 105,000 ഡോളര്‍ പിഴയാണ് വകുപ്പ് ചുമത്തിയത്. 6255 ഡോളര്‍ കോടതിച്ചെലവും കെട്ടിവയ്ക്കണം.

കമ്പനി അതിനുശേഷം പ്രദേശത്ത് വേലി കെട്ടി. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ സുരക്ഷിതമാക്കി. ജീവനക്കാര്‍ക്ക് ബോധവല്‍കരണ ക്ലാസുകളും നല്‍കി. തൊഴിലാളികള്‍ നായ്ക്കള്‍ക്ക് ഖനി സൈറ്റില്‍ ഭക്ഷണം നല്‍കരുതെന്നു മുന്നറിയിപ്പു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.