കേരള ഹൈക്കോടതിയിലേക്ക് എട്ടു പേരെ ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ; നാല് പേര്‍ വനിതകള്‍

കേരള ഹൈക്കോടതിയിലേക്ക് എട്ടു പേരെ ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ; നാല് പേര്‍ വനിതകള്‍


ന്യൂഡല്‍ഹി: ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് ഉള്‍പ്പടെ എട്ടു പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്.

അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പന്‍, ജസ്റ്റിസ് ഡി. ശ്രീദേവിയുടെ മകന്‍ ബസന്ത് ബാലാജി, സഞ്ജീത കെ അറയ്ക്കല്‍, ടി.കെ അരവിന്ദ കുമാര്‍ ബാബു എന്നിവരെയാണ് ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇതിന് പുറമെ ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി അജിത് കുമാര്‍, സി.എസ് സുധ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തു.

കൊളീജിയം ശുപാര്‍ശ ചെയ്ത നാല് അഭിഭാഷകരും വിവിധ കാലഘട്ടങ്ങളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡര്‍മാറായിരുന്നു ശോഭ അന്നമ്മ ഈപ്പനും, സഞ്ജീത കെ അറയ്ക്കലും.

വി.എസ് അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു ബസന്ത് ബാലാജി. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡറായിരുന്ന അരവിന്ദ കുമാര്‍ ബാബു ഒന്നാം പിണറായി സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് നിലവില്‍ സോഫി തോമസ്. ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജില്ലാ ജുഡീഷ്യറി) ആണ് പി.ജി അജിത് കുമാര്‍. സി. ജയചന്ദ്രന്‍ കോട്ടയം ജില്ലാ ജഡ്ജിയും സി.എസ് സുധ എറണാകുളം ജില്ലാ ജഡ്ജിയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.