പഞ്ച്ഷീറിലെ പോരാട്ടവീര്യം എത്രനാള്‍?; താലിബാന്‍ തന്നെ കൊടി നാട്ടുമെന്ന് നിരീക്ഷകര്‍

പഞ്ച്ഷീറിലെ പോരാട്ടവീര്യം എത്രനാള്‍?; താലിബാന്‍ തന്നെ കൊടി നാട്ടുമെന്ന് നിരീക്ഷകര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പഞ്ച്ഷീര്‍ താഴ് വരയിലെ താലിബാന്‍ വിരുദ്ധ പോരാട്ടം മുറുകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലും മുന്‍ അഫ്ഗാന്‍ സുരക്ഷാ സേന മുഖ്യ ഘടകമായുള്ള നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (എന്‍ആര്‍എഫ്) പോരാളികള്‍ക്ക് എത്ര കാലം പിടിച്ചുനില്‍ക്കാന്‍ കഴുയുമെന്ന ചോദ്യമുയര്‍ത്തുന്നു അന്താരാഷ്ട്ര നിരീക്ഷകര്‍.അതേസമയം, ഏറ്റവും തീവ്രമായ ആക്രമണങ്ങളെ ചെറുക്കാന്‍ തങ്ങള്‍ പോരാടുകയാണെന്നാണ് എന്‍ആര്‍എഫ് ആവര്‍ത്തിക്കുന്നത്. ഇരുപക്ഷത്തിനുമിടയില്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടു.

'താലിബാന് കാര്യമായ നേട്ടം തന്നെ അധികം വൈകാതെ പ്രതീക്ഷിക്കാം '-ഓസ്ട്രേലിയ ആസ്ഥാനമായുള്ള അഫ്ഗാന്‍ കാര്യ വിദഗ്ധന്‍ നിഷാങ്ക് മോട്വാനി പറഞ്ഞു. അവരുടെ സമീപകാല വിജയങ്ങള്‍ നല്‍കുന്ന ആവേശം തന്നെ അതിപ്രധാനം.അവരുടെ കയ്യില്‍ വളരെ നല്ല ആയുധങ്ങളുണ്ട്്.അതിലേറെ ഗുണകരമാകും അവര്‍ക്ക് അനുകൂലമായ മനഃശാസ്ത്രപരമായ ഘടകം. മുന്‍ സര്‍ക്കാരിന്റെ പെട്ടെന്നുള്ള പതനം ചെറിയ കാര്യമല്ല-- മോട്വാനി ചൂണ്ടിക്കാട്ടി.

തോറ്റുപോയ അഫ്ഗാന്‍ സൈന്യത്തില്‍ നിന്നു കിട്ടിയത് വന്‍ ആയുധ ശേഖരമാണ്. ജയില്‍ മോചിതരായ തടവുകാരുടെ പിന്തുണയും താലിബാന്‍ പിടിച്ചെടുത്തു. താലിബാന്റെ 'ഷോക്ക്' സൈന്യം അപകടമുണ്ടാക്കും. ആത്മഹത്യാ തന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുന്നതായി മോട്വാനി കൂട്ടിച്ചേര്‍ത്തു. കാബൂളിന് 80 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന താഴ് വരയില്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് പോരാളികളുടെ കൈവശവും കാര്യമായ ആയുധശേഖരമുണ്ടെങ്കിലും താലിബാനോടു കിടപിടിക്കുക അസാധ്യമാകും.

ഇതിനോടകം തന്നെ 500 ഓളം താലിബാന്‍ ഭീകരരെയാണ് വടക്കന്‍ സൈന്യം വധിച്ചത്. ആള്‍ നാശം ശക്തമായതോടെ അപേക്ഷയുടെ സ്വരവുമായി താലിബാന്‍ എത്തിയെങ്കിലും കീഴടങ്ങില്ലെന്ന നിലപാടിലാണ് പഞ്ച്ഷീര്‍. ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെയും വടക്കന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുന്നുണ്ട്.

അഫ്ഗാനിലെ വൈസ് പ്രസിഡന്റ് അമറുള്ള സലേയും വടക്കന്‍ സൈന്യത്തിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ ഏത് രീതി ഉപയോഗിച്ചും മേഖല പിടിച്ചടക്കുകയാണ് താലിബാന്‍ ലക്ഷ്യം. ഇതിനായി പ്രദേശത്തെ സൗകര്യങ്ങള്‍ തടസ്സപ്പെടുത്താനും ഇവര്‍ ശ്രമിക്കുന്നുണ്ട്. പഞ്ച്ഷീറിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് ഇതിന് ഉദാഹരണമാണ്. മുഴുവന്‍ അഫ്ഗാനികള്‍ക്കും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നാണ് പഞ്ച്ഷീറിന്റെ പ്രഖ്യാപനം. അഫ്ഗാന്റെ രക്ഷയ്ക്കായി ഇത്തരം ചെറുത്തു നില്‍പ്പുകള്‍ അനിവാര്യമാണെന്നാണു വാദം.

താലിബാന്‍ ഇത്തവണ കൂടുതല്‍ സമാധാന സ്‌നേഹികളാണെന്ന പ്രചാരണത്തോട് പഞ്ച്ഷീറിലെ ജനങ്ങള്‍ക്കു യോജിക്കാനാകുന്നില്ല.അതേസമയം, മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥന്‍ അമീര്‍ ഖാന്‍ മുത്തഖി തങ്ങളുടെ സൈന്യം താഴ് വരയെ വളഞ്ഞിട്ടുണ്ടെന്ന് ഓഡിയോ സന്ദേശത്തില്‍ അറിയിച്ചു. പഞ്ച്ഷീര്‍ ജനത പോരാളികളോട് ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കപീസയിലൂടെ പഞ്ച്ഷീറിന്റെ തെക്ക് ഭാഗത്തുനിന്നും ഖവാക്ക് ചുരം മുതല്‍ പടിഞ്ഞാറ് ഭാഗത്തു നിന്നും താലിബാന്‍ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

അഞ്ച് സിംഹങ്ങളുടെ നാട് എന്നറിയപ്പെടുന്ന പഞ്ച്ഷീറിന് പ്രതിരോധമെന്നു കൂടി ഇന്ന് അര്‍ത്ഥമുണ്ട്. താലിബാനെ മാത്രമല്ല, മുന്‍പും തങ്ങളുടെ ഭൂമിയില്‍ കൊടി നാട്ടാന്‍ എത്തിയവരെ പഞ്ച്ഷീറുകാര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിട്ടുണ്ട്. മുഴുവന്‍ അഫ്ഗാനികള്‍ക്കും വേണ്ടിയാണ് ഈ പോരാട്ടമെന്നാണ് പഞ്ച്ഷീറിന്റെ പ്രഖ്യാപനം.

ലോകത്തെ മുഴുവന്‍ അധിനിവേശ ശക്തികള്‍ക്കും പഞ്ച്ഷീര്‍ പാഠമാണ്. ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെ പാഠം. ഇതിന് ചരിത്രവും സാക്ഷിയാണ്. 1980 കളിലെ സോവിയറ്റ് അധിനിവേശത്തോടുള്ള ചെറുത്തു നില്‍പ്പായിരുന്നു പോരാട്ട ചരിത്രത്തിന്റെ ആരംഭം. മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദായിരുന്നു സോവിയറ്റ് യൂണിയനെതിരെ പട നയിച്ചത്.

അമേരിക്കയുടെ സഹായത്തോടെ സോവിയറ്റ് യൂണിയനെ അഹമ്മദ് ഷാ മസൂദിന്റെ പോരാളികള്‍ തറപറ്റിച്ചു. അതേ പോരാട്ട വീര്യമാണ് താലിബാനെതിരെ അവരുടെ പിന്മുറ പോരാളികള്‍ക്ക് ഇന്നും ഉള്ളത്. ആഗസ്റ്റ് 15 നായിരുന്നു കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാനെ താലിബാന്‍ പൂര്‍ണമായും കീഴടക്കിയത്. എന്നാല്‍ കാബൂള്‍ കീഴടങ്ങിയിട്ടും പഞ്ച്ഷീര്‍ മാത്രം താലിബാന് മുന്‍പില്‍ മുട്ടുമടക്കിയില്ല. ഒരിക്കലും അധിനിവേശത്തിന് ഐക്യപ്പെടാതിരുന്ന പഞ്ച്ഷീര്‍ അടുത്ത ലക്ഷ്യമായി നിശ്ചയിച്ച് താലിബാന്‍ നീങ്ങി.

കീഴടങ്ങാന്‍ വിസമ്മതിച്ച പഞ്ച്ഷീര്‍ ജനതയെ പിടിച്ചു കെട്ടാനായിരുന്നു ആദ്യ ശ്രമം. ഇതിനായി ഭീകരരെ കൂട്ടത്തോടെ അയച്ചെങ്കിലും ഫലമുണ്ടായില്ല. യുദ്ധമുറയായിരുന്നു പിന്നീട് താലിബാന്‍ സ്വീകരിച്ചത്. എന്നാല്‍ പഞ്ച്ഷീര്‍ സമര്‍ത്ഥമായി പ്രതിരോധിച്ചു. സോവിയറ്റ് യൂണിയനെതിരെ അഹമ്മദ് ഷാ മസൂദാണ് പടനയിച്ചിരുന്നതെങ്കില്‍ ഇക്കുറി താലിബാനെ പ്രതിരോധിച്ചത് മകന്‍ അഹമ്മദ് മസൂദാണ്. അഹമ്മദ് ഷാ മസൂദ് രൂപീകരിച്ച വടക്കന്‍ സഖ്യമാണ് താലിബാനെതിരെ യുദ്ധം ചെയ്യുന്നത്. ഗറില്ലാ യുദ്ധമുറകളോട് സമാനമായ ഇവരുടെ പോരാട്ടസാമര്‍ത്ഥ്യത്തിന് മുന്‍പില്‍ താലിബാന്‍ പോരാളികള്‍ വിയര്‍ത്തു.അഹമ്മദ് ഷാ മസൂദിനെ താലിബാന്‍ ഭീകരര്‍ ചതിയിലൂടെ വധിച്ചിട്ടും സഖ്യത്തിന്റെ ശക്തി ചോര്‍ന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.