കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ പഞ്ച്ഷീര്‍ കീഴടക്കാന്‍ വന്ന താലിബാന്‍ ഭീകര സൈന്യത്തിലെ 600 ലധികം പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. 'ആയിരത്തിലധികം താലിബാനികള്‍ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്തു,'- പ്രതിരോധ സേനാ വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.മറ്റ് അഫ്ഗാന്‍ പ്രവിശ്യകളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ ലഭിക്കുന്നതില്‍ താലിബാന് പ്രശ്‌നങ്ങളുണ്ടെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു
പഞ്ച്ഷീര്‍ പ്രതിരോധ സേനയ്ക്കെതിരായ താലിബാന്റെ ആക്രമണത്തിന് മുഖ്യ പ്രതിരോധമാകുന്നത് റോഡിലുടനീളം നേരത്തെ കുഴിച്ചിട്ടിട്ടുള്ള മൈനുകളാണ്.ഈ കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചാണ് ഒട്ടേറെ താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. പഞ്ച്ഷീറില്‍ യുദ്ധം തുടരുകയാണെങ്കിലും തലസ്ഥാനമായ ബസാറാക്കിലേക്കും പ്രവിശ്യാ ഗവര്‍ണറുടെ വസതിയിലേക്കുമുള്ള വഴികളിലെ കുഴിബോംബുകള്‍ മുന്നേറ്റം മന്ദഗതിയിലാക്കിയതായി താലിബാന്‍ വൃത്തങ്ങളും പറഞ്ഞു.
കൊല്ലപ്പെട്ട മുന്‍ അഫ്ഗാന്‍ ഗറില്ലാ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെയും മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെയും നേതൃത്വത്തിലുള്ള നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് പഞ്ച്ഷിര്‍.കാബൂളിന് 90 മൈല്‍ വടക്ക് ഹിന്ദു കുഷ് പര്‍വത നിരകളായ പഞ്ച്ഷിര്‍ താഴ്വര താലിബാന്‍ ഭീകരര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. വടക്കന്‍ സഖ്യം പ്രദേശത്തേക്ക് പ്രവേശിക്കുന്ന ഭീകരരെ ശക്തമായാണ് നേരിടുന്നത്. താലിബാന് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ല എന്ന നിലപാടാണവരുടേത്.
കാബൂള്‍ പിടിച്ചടക്കിയിട്ടും പഞ്ച്ഷിറിലെ ജനങ്ങളെ ഒന്ന് തൊടാന്‍ പോലും സാധിക്കാത്തത് താലിബാന് നാണക്കേടുണ്ടാക്കി. താഴ്വരയിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാതെയും വൈദ്യുതിയും ഇന്റര്‍നെറ്റും റദ്ദാക്കിയും പ്രതിരോധ സേനയെ പിന്തിരിപ്പിക്കാനുള്ള താലിബാന്റെ ശ്രമം പാളി. തുടര്‍ന്ന് ഗോത്ര നേതാക്കളുമായി താലിബാന്‍ ഭീകരര്‍ ചര്‍ച്ച നടത്തുകയുമുണ്ടായി. എന്നാല്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വടക്കന്‍ സഖ്യം താഴ്വരയില്‍ പ്രതിരോധം ശക്തമാക്കി.
അതേസമയം, താലിബാന്‍ വിരുദ്ധ പോരാട്ടം മുറുകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലും മുന്‍ അഫ്ഗാന്‍ സുരക്ഷാ സേന മുഖ്യ ഘടകമായുള്ള നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (എന്‍ആര്‍എഫ്) പോരാളികള്‍ക്ക് എത്ര കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന ചോദ്യമുയര്‍ത്തുന്നു അന്താരാഷ്ട്ര നിരീക്ഷകര്‍.ഏറ്റവും തീവ്രമായ ആക്രമണങ്ങളെ ചെറുക്കാന്‍ തങ്ങള്‍ പോരാടുകയാണെന്നാണ് എന്‍ആര്‍എഫ് ആവര്‍ത്തിക്കുന്നത്. ഇരുപക്ഷത്തിനുമിടയില്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടു.
'താലിബാന് കാര്യമായ നേട്ടം തന്നെ അധികം വൈകാതെ പ്രതീക്ഷിക്കാം '-ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള അഫ്ഗാന്‍ കാര്യ വിദഗ്ധന്‍ നിഷാങ്ക് മോട്വാനി പറഞ്ഞു. അവരുടെ സമീപകാല വിജയങ്ങള്‍ നല്‍കുന്ന ആവേശം തന്നെ അതിപ്രധാനം.അവരുടെ കയ്യില്‍ വളരെ നല്ല ആയുധങ്ങളുണ്ട്്.അതിലേറെ ഗുണകരമാകും അവര്‍ക്ക് അനുകൂലമായ മനഃശാസ്ത്രപരമായ ഘടകം. മുന്‍ സര്‍ക്കാരിന്റെ പെട്ടെന്നുള്ള പതനം ചെറിയ കാര്യമല്ല-- മോട്വാനി ചൂണ്ടിക്കാട്ടി.
തോറ്റുപോയ അഫ്ഗാന്‍ സൈന്യത്തില്‍ നിന്നു കിട്ടിയത് വന്‍ ആയുധ ശേഖരമാണ്. ജയില്‍ മോചിതരായ തടവുകാരുടെ പിന്തുണയും താലിബാന്‍ പിടിച്ചെടുത്തു. താലിബാന്റെ 'ഷോക്ക്' സൈന്യം അപകടമുണ്ടാക്കും. ആത്മഹത്യാ തന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കുന്നതായി മോട്വാനി കൂട്ടിച്ചേര്‍ത്തു. കാബൂളിന് 80 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന താഴ് വരയില്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് പോരാളികളുടെ കൈവശവും കാര്യമായ ആയുധശേഖരമുണ്ടെങ്കിലും താലിബാനോടു കിടപിടിക്കുക അസാധ്യമാകും.
താലിബാനെ മാത്രമല്ല, മുന്‍പും തങ്ങളുടെ ഭൂമിയില്‍ കൊടി നാട്ടാന്‍ എത്തിയവരെ പഞ്ച്ഷീറുകാര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിട്ടുണ്ട്. മുഴുവന്‍ അഫ്ഗാനികള്‍ക്കും വേണ്ടിയാണ് ഈ പോരാട്ടമെന്നാണ് പഞ്ച്ഷീറിന്റെ പ്രഖ്യാപനം.ലോകത്തെ മുഴുവന്‍ അധിനിവേശ ശക്തികള്‍ക്കും പഞ്ച്ഷീര്‍ പാഠമാണ്. ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെ പാഠം. ഇതിന് ചരിത്രവും സാക്ഷിയാണ്. 1980 കളിലെ സോവിയറ്റ് അധിനിവേശത്തോടുള്ള ചെറുത്തു നില്‍പ്പായിരുന്നു പോരാട്ട ചരിത്രത്തിന്റെ ആരംഭം. മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദായിരുന്നു സോവിയറ്റ് യൂണിയനെതിരെ പട നയിച്ചത്.അമേരിക്കയുടെ സഹായത്തോടെ സോവിയറ്റ് യൂണിയനെ അഹമ്മദ് ഷാ മസൂദിന്റെ പോരാളികള്‍ തറപറ്റിച്ചു. അതേ പോരാട്ട വീര്യമാണ് താലിബാനെതിരെ അവരുടെ പിന്മുറ പോരാളികള്‍ക്ക് ഇന്നും ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.