ഒമാനിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച് പത്തുവർഷമായിട്ടും ഇൻഷുറൻസ് ഉൾപ്പെടെ ഒരു ധനസഹായവും ലഭിക്കാതെ ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് പെൺമക്കളും. ഒമാനിലെ ഇന്ത്യൻ എംബസിയടക്കമുള്ളവരുമായി പലതവണ ബന്ധപ്പെട്ടിട്ടും മറുപടി പോലും കിട്ടാത്ത അവസ്ഥയിലാണിവർ. മറ്റം നമ്പഴിക്കാട് തീപ്പെട്ടി കമ്പനിക്ക് സമീപത്തെ പുലിക്കോട്ടിൽ ഷിജുവാണ് 2011 മേയ് മൂന്നിന് ഒമാനിലെ ബുറായ്മിയിൽ റോഡിൽ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടത്തിൽ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്നു. 2010ൽ, ഭാര്യ ഷിജി രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴായിരുന്നു ഷിജു ഒമാനിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. നഷ്ടപരിഹാരത്തിനായി വക്കീലിനെ ഏർപ്പെടുത്താൻ പവർ ഓഫ് അറ്റോർണി ആവശ്യപ്പെട്ട് ഭാര്യക്ക് എംബസിയിൽനിന്ന് സന്ദേശമെത്തിയിരുന്നു.
ആവശ്യപ്പെട്ട രേഖകളെല്ലാം ഷിജി നൽകി. എന്നാൽ, കേസ് സംബന്ധിച്ചുള്ള ഒരു വിശദാംശവും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. പിന്നീട് പലതവണ എംബസിയുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല. വക്കീലുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടത്. അപകടം സംബന്ധിച്ച് രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വക്കീൽ നൽകിയ മറുപടി. ഈ മാസം കേസ് കോടതി പരിഗണിക്കുമെന്ന് വക്കീൽ അറിയിച്ചിട്ടുണ്ട്.
ഷിജിക്ക് പാവറട്ടിയിലെ സ്വകാര്യ ലാബിലെ ജോലിയാണ് വിദ്യാർഥികളായ രണ്ട് പെൺമക്കളുള്ള ഈ കുടുംബത്തിന്റെ ആശ്രയം. ഷിജുവിന്റെ പിതാവ് വിമുക്ത ഭടനായ വറുതുണ്ണിയുടെ പെൻഷനും തുണയാകുന്നുണ്ട്. മൂത്ത മകൾ അജീന പ്ലസ് ടുവിനും രണ്ടാമത്തെ മകൾ എയ്ഞ്ചൽ അഞ്ചാം ക്ലാസിലുമാണിപ്പോൾ. വറുതുണ്ണി-പരേതയായ ത്രേസ്യ ദമ്പതികളുടെ ഏക മകനായിരുന്നു ഷിജു. പിതൃസഹോദര പുത്രനായ സേവി പുലിക്കോട്ടിലാണ് പരാതികൾ നൽകാനും അധികൃതരെ ബന്ധപ്പെടാനും സഹായിക്കുന്നത്.
പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. അധികൃതരും പ്രവാസി സംഘടനകളും ഇടപെട്ട് അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഷിജിയും രണ്ട് പെൺമക്കളും വയോധികനായ പിതാവും അടങ്ങുന്ന കുടുംബം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.