ഓസ്‌ട്രേലിയയിലെ മൂന്ന് വയസുകാരന്റെ തിരോധാനം: മൂന്നാം ദിവസത്തെ തെരച്ചിലും വിഫലം

ഓസ്‌ട്രേലിയയിലെ മൂന്ന് വയസുകാരന്റെ തിരോധാനം: മൂന്നാം ദിവസത്തെ തെരച്ചിലും വിഫലം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കാണാതായ ഭിന്നശേഷിയുള്ള മൂന്ന് വയസുകാരനു വേണ്ടിയുള്ള തെരച്ചില്‍ മൂന്നാം ദിവസം പിന്നിട്ടു. ഹണ്ടര്‍ മേഖലയിലെ 650 ഏക്കര്‍ വിസ്തൃതിയുള്ള കുട്ടിയുടെ വീടിനും പരിസരത്തും ഇന്നലെ നടത്തിയ തെരച്ചിലും വിഫലമായി. സിംഗിള്‍ട്ടണിലെ പുട്ടി ഗ്രാമീണ മേഖലയിലാണ് ആന്റണി എജെ എല്‍ഫലാക്ക് എന്ന കുട്ടിയെ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെ കാണാതായത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതായുള്ള സംശയം ശക്തിപ്പെടുകയാണ്. വ്യോമ നിരീക്ഷണം ഉള്‍പ്പെടെ വിപുലമായ സന്നാഹങ്ങളോടെയുള്ള തെരച്ചിലാണ് നടത്തുന്നത്.


കാണാതായ കുട്ടിക്കായി തെരച്ചില്‍ നടത്തുന്ന പോലീസ് സേനാംഗങ്ങള്‍.

സംസാരശേഷിയില്ലാത്ത ഓട്ടിസമുള്ള കുട്ടിയെ ഇത്രയും സമയമായിട്ടും കണ്ടെത്താനാകാത്തതില്‍ ബന്ധുക്കള്‍ കടുത്ത ആശങ്കയിലാണ്.

അതേസമയം, കുട്ടിക്കായുള്ള തിരച്ചിലിനിടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു അടച്ചിട്ട വീട്ടില്‍നിന്ന് വെള്ള വാഹനവും മറ്റു നിരവധി വസ്തുക്കളും പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍. അടച്ചിട്ട വീട് ആരോ കൈയേറിയതായി പോലീസ് സംശയിക്കുന്നുണ്ട്. തെരച്ചില്‍ സംഘം ഈ ഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലമായി കണ്ടെത്തുകയും ചെയ്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന ബന്ധുക്കളുടെ സംശയം സംബന്ധിച്ച് പോലീസ് പ്രതികരിച്ചിട്ടില്ല. കാല്‍നടയായും ബൈക്കുകളിലും കുതിരപ്പുറത്തും കാറുകളിലുമായി 150 ലധികം പേരടങ്ങുന്ന സംഘമാണ് കുറ്റിക്കാടുകളിലും മറ്റുമായി ഞായറാഴ്ച്ച തെരച്ചില്‍ നടത്തിയത്.

പ്രദേശത്തെ 15 ഡാമുകളിലും പോലീസ് തെരച്ചില്‍ നടത്തി. അതില്‍ ഒരെണ്ണം എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് വറ്റിക്കുകയും പോലീസിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുകയും ചെയ്‌തെങ്കിലും ഒന്നും കണ്ടെത്തിയില്ല.


കുട്ടിക്കായി വെള്ളത്തില്‍ തെരച്ചില്‍ നടത്തുന്ന പോലീസിലെ മുങ്ങല്‍ വിദഗ്ധര്‍.

ശനിയാഴ്ച്ച രാത്രി സ്ഥലത്ത് എത്തിയ ഫോറന്‍സിക് വിഭാഗം വീട്ടില്‍നിന്ന് ഉള്‍പ്പെടെ വിരലടയാളങ്ങള്‍ ശേഖരിച്ചു. കുട്ടിയെ കാണാതായ അതേ സമയത്ത് വെളുത്ത ടൊയോട്ട ഹിലക്‌സ് വാഹനം സ്വകാര്യ റോഡിലൂടെ പാഞ്ഞുപോയെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

ഹെലികോപ്റ്റര്‍, പോലീസ് ബൈക്കുകള്‍, ഡോഗ് യൂണിറ്റ്, മുങ്ങല്‍ വിദഗ്ധര്‍, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, റൂറല്‍ ഫയര്‍ സര്‍വീസ് എന്നിവ ഏകോപിച്ചുകൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്.

കുട്ടിക്ക് തന്നെ പുറത്തിറങ്ങി നടക്കുന്ന സ്വഭാവമില്ലെന്നു പിതാവ് എല്‍ഫലാക്ക് പറഞ്ഞു. അവനെ ആരോ കൊണ്ടുപോയിട്ടുണ്ട്. അവന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ടെത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുമാസം മുന്‍പാണ് കുടുംബം ഈ സ്ഥലത്തേക്കു മാറിയത്.

എല്ലാ മേഖലയിലും സമഗ്രമായ തെരച്ചിലാണ് നടത്തുന്നതെന്നും കുട്ടിയെ എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് സൂപ്രണ്ട് ട്രേസി ചാപ്മാന്‍ പറഞ്ഞു.

ഭൂമിശാസ്ത്രപരമായി ഏറെ സങ്കീര്‍ണമായ ഗ്രാമപ്രദേശത്താണ് കുട്ടിയെ കാണാതായത്. മഴ പെയ്യുന്നതും തെരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.