ആറു സംസ്ഥാനങ്ങളില്‍ കൂടി ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നീക്കം

ആറു സംസ്ഥാനങ്ങളില്‍ കൂടി ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നീക്കം


വാഷിങ്ടണ്‍:ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ടെക്‌സസിലെ നിയമം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ആറു സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കള്‍ നിയമത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ഈ നീക്കം.ഫ്‌ളോറിഡ, നോര്‍ത്ത് ഡക്കോട്ട, മിസിസിപ്പി, അര്‍ക്കന്‍സാസ്, സൗത്ത് ഡക്കോട്ട, ഇന്‍ഡ്യാന എന്നി സംസ്ഥാനങ്ങളിലെ നിയമ നിര്‍മ്മാതാക്കള്‍ ടെക്‌സസിലേതിനു സമാനമായ ബില്ലുകള്‍ പാസാക്കാനുള്ള ഉദ്ദേശ്യം വ്യക്തമാക്കിയിട്ടുണ്ട്.

ടെക്‌സസ് സംസ്ഥാനം പാസാക്കിയ നിയമം തടയണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു.ഗര്‍ഭധാരണത്തിന് ആറാഴ്ചകള്‍ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതാണ് വിവാദത്തിനിടയാക്കിയിട്ടുള്ള നിയമം. ബലാത്സംഗം ഉള്‍പ്പെടെയുള്ള കാരണം പറഞ്ഞുള്ള ഗര്‍ഭച്ഛിദ്രവും ക്രമിനല്‍ കുറ്റമായാകും പരിഗണിക്കുക. ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഗര്‍ഭിണി ആശുപത്രിയിലെത്താന്‍ ഉപയോഗിക്കുന്ന ടാക്‌സിയുടെ ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നവര്‍ക്കെതിരേ പരാതി നല്‍കാന്‍ പൊതുജനങ്ങളെ അനുവദിക്കുന്നതാണ് നിയമം. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നു വ്യക്തമായാല്‍ പിഴ നല്‍കേണ്ടിവരും.

അതേസമയം, ടെക്‌സസ് നിയമത്തെ എതിര്‍ക്കാന്‍ ഫെഡറല്‍ സര്‍ക്കാരും നടപടി സ്വീകരിക്കുന്നുണ്ട്. ഫെഡറല്‍ നിയമത്തിലെ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍ക്കൊള്ളുന്ന വനിതാ ആരോഗ്യ സംരക്ഷണ നിയമത്തില്‍ ചേംബര്‍ വോട്ടെടുപ്പ് നടത്തുമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. നിയമത്തിനെതിരെ നിയമപരമായിത്തന്നെ പരിഹാരങ്ങള്‍ തേടുന്നതായും അതു സാധ്യമാണെന്ന് താന്‍ കരുതുന്നതായും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയിന്‍ അറിയിച്ചു.ടെക്‌സസ് നിയമത്തിന് എതിരെ പോരാടാന്‍ 'സര്‍ക്കാരിന്റെ മുഴുവന്‍ ശ്രമവും' ഉണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബിഡന്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.