പ്രസിഡന്റിനെ അട്ടിമറിച്ച് ഗിനിയില്‍ സൈന്യം അധികാരം പിടിച്ചു; അതിര്‍ത്തികള്‍ അടച്ചു

പ്രസിഡന്റിനെ അട്ടിമറിച്ച് ഗിനിയില്‍ സൈന്യം അധികാരം പിടിച്ചു; അതിര്‍ത്തികള്‍ അടച്ചു

കൊണാക്രി: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയില്‍ പട്ടാള അട്ടിമറി. ഗിനിയില്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. കേണല്‍ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണു റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക ടിവി ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം സര്‍ക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. രാജ്യാതിര്‍ത്തികള്‍ അടച്ചു.

ഇന്നലെ പ്രസിഡന്റിന്റെ വസതിക്കു സമീപം മണിക്കൂറുകള്‍ നീണ്ട വെടിവയ്പിനു പിന്നാലെ കോണ്ടെ (83) ഇപ്പോള്‍ എവിടെയെന്നതിനെക്കുറിച്ചു വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിന്റെ വസതിക്കു നേരെ നടന്ന ആക്രമണത്തെ പ്രതിരോധിച്ചെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

അതേസമയം ഒരു മുറിയില്‍ കോണ്ടെയ്ക്കു ചുറ്റും സൈനികര്‍ തോക്കുമായി നില്‍ക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അഴിമതിയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഭരണം പിടിച്ചെന്നാണു പട്ടാളം പറയുന്നത്. 1891 മുതല്‍ ഫ്രഞ്ച് അധീനതയിലായിരുന്ന ഗിനി 1958 ലാണു സ്വാതന്ത്ര്യം നേടിയത്. 2010ല്‍ തിരഞ്ഞെടുപ്പു ജയിച്ച് അധികാരത്തില്‍വന്ന കോണ്ടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൂന്നാം തവണയും പ്രസിഡന്റായി. 2011 ല്‍ വധശ്രമത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. അട്ടിമറിയെത്തുടര്‍ന്നു ഗിനിയും മൊറോക്കോയുമായി ഇന്നു നടക്കാനിരുന്ന ലോകകപ്പ് യോഗ്യതാ മത്സരം ഫിഫ മാറ്റിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.