അക്ഷരം തെളിയാത്ത സ്ലേറ്റുകൾ

അക്ഷരം തെളിയാത്ത സ്ലേറ്റുകൾ

“ 'നരാജഹാര്യം ന ച ചോരഹാര്യം
പ്രയാണകാലേ ന കരോതി ഭാരം
വ്യയേകൃതേ വര്‍ദ്ധത ഏവനിത്യം
വിദ്യാധനം സര്‍വധനാല്‍ പ്രധാനം! "

വിദ്യ എന്ന ധനം ഒരു രാജാവിനും പിടിച്ചെടുക്കാനാവില്ല. വിദ്യ, കള്ളന്മാര്‍ക്കു മോഷ്ടിക്കാനാ വില്ല. വദ്യ കൊടുക്കും തോറും വര്‍ധിച്ചു വരും. വിദ്യയാണ്‌ ഏറ്റവും വലിയ ധനം!

അറിവിന്റെ ശക്തിയേക്കുറിച്ചുള്ള ഋഷിപ്രോക്തമായ ഈ അമുല്യ സൂക്തം മനഃപാഠമാക്കിയവരാണു നല്ല വിദ്യാര്‍ഥികള്‍.
ഇന്ത്യന്‍ പ്രസിഡന്റായ ഡോ. എസ്‌. രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനം അധ്യാപകദിനമായി 1922 സെപ്റ്റംബര്‍ 5 മുതല്‍ നാം ആഘോഷിക്കുന്നു. ഗുരുദേവോ ഭവഃ എന്ന ദര്‍ശനത്തിന്റെ അര്‍ഥം മാഞ്ഞുപോയ വര്‍ത്തമാനകാലത്തിന്റെ ബ്ലാക്ക്‌ ബോര്‍ഡുകളില്‍ ശിഷ്യര്‍ ദൈവങ്ങളായി വിലസുന്ന ദൂരിതദര്‍ശനം കണ്ടുകൊണ്ടാണ്‌ ഈ വര്‍ഷത്തെ അധ്യാപകദിനം കടന്നു വരുന്നത്‌. അധ്യാപകദിനത്തില്‍, അധ്യാപകര്‍ക്ക്‌ പുക്കള്‍ നല്‍കിയതുകൊണ്ടോ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അധ്യാപകവേഷം കെട്ടി ഒരു ദിവസം ക്ലാസ്‌ നയിച്ചതുകൊണ്ടോ ഗുരു എന്ന മഹാസാഗരത്തിന്റെ അര്‍ഥം വ്യാഖ്യാനപ്പെടുമോ?

ഇന്നത്തെ വിദ്യാഭ്യാസനയങ്ങള്‍ വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നതല്ലേ എന്ന സംശയമുയര്‍ന്നു കഴിഞ്ഞു. അധ്യാപകന്‍ സുര്യനായിരുന്ന ഗുരുകുല സ്രമ്പദായം വിദ്യാര്‍ഥി കേന്ദ്രീകൃതമായി ആധുനികമായപ്പോള്‍, വിദ്യാര്‍ഥി സൂര്യനായി വാഴ്ത്തപ്പെടുകയും അധ്യാപകര്‍ വിദ്യാര്‍ഥിസൂര്യന്റെ ഉപഗ്രഹങ്ങളാകുകയും ചെയ്തില്ലേ?

വെളിച്ചം കെട്ടുപോയ കുറേ ഗുരുസുര്യന്മാന്‍ വരുത്തിവച്ച വിനയാണിത്‌. എങ്കിലും, അധ്യാപകര്‍ക്കൊരു പ്രാധാന്യവും നല്‍കാതെ, വിദ്യാര്‍ഥിയെ മാത്രം കേന്ദ്രീകരിക്കുന്ന ഇന്നത്തെ ശിശുസ ഹൃദ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും അറിവിന്റെ വിതരണം വികലമാക്കുകയല്ലേ? ശിശു ക്ഷേമ സമിതികള്‍ ബാലാവകാശങ്ങളെ സംരക്ഷിക്കാനാണെന്നാണു സങ്കല്പം. സര്‍ക്കാര്‍, എയ്ഡഡ്‌ സ്‌കൂളുകളുടെ ഭിത്തികളില്‍ അധ്യാപകര്‍ക്കെതിരേ പരാതികൊടുക്കാനുള്ള ഫോണ്‍ നമ്പര്‍ എഴു തി വച്ച്‌, വിദ്യാര്‍ഥികള്‍ക്ക്‌ തെറ്റായ ഉപദേശം കൊടുത്തു ഗുരുശിഷ്യബന്ധത്തെ തല്ലിത്തകര്‍ക്കുന്ന തിന്റെ നിരവധി അനുഭവങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു, വിദ്യാര്‍ഥികളുടെ ബാലചാപല്യങ്ങളും ഏതു തോന്ന്യാസവും തിരുത്തപ്പെടാന്‍ പാടില്ല എന്നത്‌ വിദ്യാഭ്യാസനയമാക്കുന്നവര്‍ക്ക്‌ അറിവിന്റെ വെട്ടം കെട്ടുപോയോ? തെറ്റുചെയ്താല്‍ ശാസന പാടില്ല. പഠിക്കാതിരുന്നാലും തോൽവി പാടില്ല. ഏത ക്രമം ചെയ്താലും അച്ചടക്ക നടപടി പാടില്ല എന്നു നിയമം പറയുന്നവര്‍, വിദ്യസമ്പന്നരോ വിദ്യാ ഹീനരോ? പടുമുളകള്‍ മുറിച്ചുമാറ്റാത്ത ഫലവൃക്ഷങ്ങളുണ്ടോ? വെറും കളകള്‍ പറിച്ചുമാറ്റാത്ത നെല്‍പ്പാടങ്ങളുണ്ടോ?

വിദ്യാര്‍ഥിയില്‍ വിളയും കളയും ഒന്നിച്ചു വളരണോ? അപ്പോള്‍, ആ പിഞ്ചുമനസുകളില്‍ ഏതു കളയും വിളയുമെന്ന്‌ അവര്‍ തിരിച്ചറിയണമോ? വിളയേണ്ടതാണു വിളയെന്നും, കളയേണ്ടതാണു കളയെന്നും, ഈ ജീവിതം കളകള്‍ കൊണ്ടുള്ള കളിയല്ലെന്നും, വിളകള്‍ക്കുള്ള വിലയാണെന്നും വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക്‌ അവകാശമല്ലേ?
ഓരോ ദിവസവും ക്ലാസിലെത്തുന്നത്‌, നന്നായി തുടച്ചു വൃത്തിയാക്കിയ സ്ലേറ്റുമായിട്ടാവണം എന്നത്‌, പഴയകാല വിദ്യാലയ പാഠമായിരുന്നു. വൃത്തിയുള്ള സ്ലേറ്റിലെ ഗുരുമൊഴികളുടെ അക്ഷരം പതിയു. എന്നാല്‍, ഇന്ന്‌, ഗുരുത്വത്തിന്റെ അനുഗ്രഹാക്ഷരങ്ങള്‍ തെളിയാത്ത സ്ലേറ്റുകളുമായി വിദ്യാര്‍ഥികള്‍ മാറുന്നുണ്ടോ എന്ന ചോദ്യം അധ്യാപകദിനത്തിന്റെ വിചിന്തനമാകുമോ?

അവാര്‍ഡ്‌ കിട്ടാത്ത അധ്യാപകര്‍

“മൂന്നു പതിറ്റാണ്ടുകള്‍ ഞാന്‍ അധ്യാപകനായി സേവനം ചെയ്തു. ആയിരക്കണക്കിനു കൂട്ടികളെ പഠിപ്പിച്ചു. അവരില്‍ പലരും പ്രശസ്തരും പ്രഗത്ഭരും ആയിട്ടുണ്ട്‌. അവരാരെങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. ഞാനും എല്ലാവരെയും ഓര്‍ക്കുന്നില്ല. ഞാന്‍ പഠിപ്പിച്ച എല്ലാ കുട്ടികളുടെയും ഉള്ളില്‍ അവരെ ജീവിക്കാന്‍ എപ്പോഴും പ്രചോദിപ്പിക്കുന്ന ഒരു ഓര്‍മ്മയെങ്കിലും എന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും തീര്‍ച്ച.

നോബല്‍സമ്മാന ജേതാവും ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന സര്‍ സി.വി രാമന്‍ 1968ലെ യുവബിരുദധാരികളെ അഭിസംബോധന ചെയ്തു പറഞ്ഞിതപ്രകാരമാണ്‌. “നിങ്ങളുടെ ജോലിയോട്‌ സാഹസികമായ അര്‍പ്പണ ബോധമുണ്ടെങ്കില്‍ മാത്രമേ വിജയം നേടാനാകു. അജയ്യമായ ആവേശത്തോടെ മുന്നേറിയാല്‍, നമുക്ക്‌ അര്‍ഹമായ സ്ഥാനം നിഷേധിക്കാന്‍ ഒരു ശക്തിക്കും സാധ്യമാവുകയില്ല."

എത്ര പ്രചോദനാത്മകമായ വാക്കുകള്‍ അതെ കൂട്ടുകാരേ, വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന
വരാണ്‌ യഥാര്‍ഥ അധ്യാപകര്‍. നമ്മുടെ എല്ലാ അധ്യാപകരും നമ്മെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന ഓര്‍മ്മയാകണം. അങ്ങനെ വീണ്ടും വീണ്ടും ജീവിക്കാനും അതിജീവിക്കാനും പ്രചോദിപ്പിക്കുന്ന ആ ഗുരുസ്മരണേയ്ക്കാണ്‌ ഗുരുത്വം എന്നു പറയുന്നത്‌. ഗുരു എന്നാല്‍ ഇരുട്ടിനെ അകറ്റുന്ന ആളാണല്ലോ. ഇരുട്ടിനെ അകറ്റുന്നത്‌ പ്രകാശമാണ്‌. അതിനാല്‍ ഗുരു വെളിച്ചമാണ്‌. എല്ലാ ശിഷ്യരിലും കത്തി നില്‍ക്കുന്ന വെളിച്ചം.ആരിലെങ്കിലും ഈ വെളിച്ചം കെട്ടുപോകുമ്പോഴാണ്‌ അവര്‍ ഗുരുത്വം കെട്ടവരാകുന്നത്‌. കുരുത്തക്കേടുകള്‍ ചെയ്തുകൂട്ടുന്നവര്‍ ഈ വെട്ടം കെട്ട വിദ്യാര്‍ത്ഥികളാണ്‌!

നമ്മുടെ രാഷ്ദ്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാമിന്റെ അഭിപ്രായത്തില്‍ ടീച്ചറിന്റെ മുമ്പിലുള്ളത്‌ വെറും വിദ്യാര്‍ത്ഥികളല്ല. ആകാശത്തിനു താഴെയുള്ളതില്‍ ഏറ്റവും ശക്തിയുള്ള വൈഭവസ്രോതസായ ജ്വലിക്കുന്ന യുവമനസുകളാണ്‌. അവരിലെ അഗ്നിയെ ആളിക്കത്തിക്കുന്നവരാണ്‌ മികച്ച അധ്യാപകര്‍. വിജ്ഞാനത്തിന്റെ പ്രകാശം ചുറ്റും പ്രസരിപ്പിച്ചിരുന്ന അധ്യാപകരത്നം, ടി.തോത്താദ്രി അയ്യങ്കാരെപ്പറ്റി ശ്രീ അബ്ദുള്‍ കലാം തന്റെ ജലിക്കുന്ന മനസുകള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌.

ജാതിമത ഭേദങ്ങള്‍ക്കും കക്ഷിരാഷ്രട്രീയത്തിനും അതീതമായി സമഭാവനയോടെ എല്ലാ വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്ന അധ്യാപകരെയാണ്‌ ഇന്നിന്റെ വിദ്യാര്‍ത്ഥികള്‍ കൊതിച്ചു കാത്തി രിക്കുന്നത്‌. കൂട്ടുകാരേ, നമ്മില്‍ പലര്‍ക്കും വിദ്യാലയം വിട്ടിറങ്ങുമ്പാള്‍ നമ്മെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്ത ചില അധ്യാപകരോടെങ്കിലും മനസില്‍ അപ്രിയമുണ്ടായേക്കാം. എന്നാല്‍, ഒരു അധ്യാപകനും തന്റെ ഒരു വിദ്യാര്‍ത്ഥിയോടും മനസില്‍ വിദ്വേഷം സൂക്ഷിക്കാനാവില്ല. വിദ്യാര്‍ത്ഥികളോട്‌ ഉള്ളില്‍ പകയില്ലാത്തവരാണ്‌ അധ്യാപകര്‍! സ്വന്തം മക്കളേപ്പോലെ കരുതി അനേകായിര ങ്ങള്‍ക്ക്‌ ജീവിതപാഠങ്ങളോതിയോതി ആയുസു തീര്‍ക്കുന്ന ഗുരുപാദങ്ങളില്‍ ഈ ദിനത്തില്‍ നമ്മള്‍ വന്ദനമേകണം. ആരുമറിഞ്ഞില്ലെങ്കിലും സ്വകാര്യമായ ഒട്ടനവധി ത്യാഗങ്ങളുടെയും ആത്മനൊമ്പരങ്ങളുടെയും നെരിപ്പോടിനു മുകളിലിരുന്നാണ്‌ നമുക്കു മുന്നില്‍ നിത്യവും അക്ഷരപ്പൂവായി വിരിയുന്നത്‌!

അവാര്‍ഡുകിട്ടിയാലും ഇല്ലെങ്കിലും ആരുമറിയാത്ത അനവധി കഷ്ടപ്പാടുകള്‍ അവര്‍ നമ്മുടെ ജീവിതത്തിനുള്ള പാഥേയമായി നല്‍കുന്നുണ്ട്‌. അച്ചടക്കവും അത്യധ്വാനവും കൊണ്ട്‌ നമ്മള്‍ നേടുന്ന ജീവിതവിജയമാകട്ടെ നമ്മുടെ അധ്യാപകര്‍ക്കായി നാം നല്‍കുന്ന അവാര്‍ഡുകള്‍. എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍ നേര്‍ന്നുകൊണ്ട്‌, ഡോ. രാധാകൃഷ്ണന്റെ പ്രശസ്ത മായ ഒരു വാക്യത്തോടെ ഈ ചിന്തകള്‍ക്കു വിരാമം കുറിക്കട്ടെ: "അധ്യാപകരോടുള്ള ബഹുമാനം ഓർഡർ ചെയ്യാൻ കഴിയില്ല; അത് സമ്പാദിക്കണം."

ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍നിന്ന് എടുത്ത ഭാഗമാണിത്. പത്ത് വർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ചമാനസത്തിന് ലഭിച്ചിട്ടുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.