പഞ്ച്ഷിര്‍ കീഴടക്കിയെന്ന് താലിബാന്‍; നിഷേധിച്ച് പ്രതിരോധ സഖ്യം

പഞ്ച്ഷിര്‍ കീഴടക്കിയെന്ന് താലിബാന്‍; നിഷേധിച്ച് പ്രതിരോധ സഖ്യം

കാബൂള്‍: പഞ്ച്ഷിര്‍ പ്രവിശ്യ പൂര്‍ണമായും കീഴടക്കിയെന്ന താലിബാന്റെ അവകാശവാദം നിഷേധിച്ച് പ്രതിരോധ സഖ്യം. കാബൂള്‍ കീഴടക്കി 20 ദിവസത്തിന് ശേഷമാണ് താലിബാന്റെ അവകാശവാദവും ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ച സംയുക്ത സഖ്യത്തിന്റെ നിഷേധവും പുറ്തതുവന്നത്.

താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെയാണ് കീഴടക്കല്‍ നടത്തിയതായി അറിയിച്ചത്. താലിബാന്‍ വിരുദ്ധ സേനയെ പരാജയപ്പെടുത്തി, പഞ്ച്ശിര്‍ പൂര്‍ണമായും പിടിച്ചെടുത്തുവെന്ന് താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യം യുദ്ധത്തിന്റെ കൊടുങ്കാറ്റില്‍ നിന്ന് മുക്തമായെന്നും മുജാഹിദ് ചൂണ്ടിക്കാട്ടി. അതേസമയം താലിബാന്റെ അവകാശവാദങ്ങള്‍ പ്രതിരോധ സഖ്യം പൂര്‍ണ്ണമായി തള്ളി.

'സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടി ശത്രുക്കള്‍ കൈവശം വച്ചിരുന്ന പഞ്ച്ഷിര്‍ പ്രവിശ്യ പൂര്‍ണ്ണമായും വീണ്ടെടുത്തിരിക്കുകയാണ്. ദൈവത്തിന്റേയും നമ്മുടെ രാജ്യത്തിന്റേയും പിന്തുണയില്‍ അഫ്ഗാന്റെ പൂര്‍ണ്ണമായ സുരക്ഷ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുകയാണ്'- താലിബാന്‍ പ്രസ്താവനയില്‍ പറയുന്നു. പഞ്ച്ഷിറിലെ ജനങ്ങളോട് യാതൊരു വിധ വേര്‍തിരിവും ഉണ്ടാകില്ലെന്നും സബിഹുള്ള പറയുന്നു. ' അവരെല്ലാവരും ഞങ്ങളുടെ സഹോദരന്മാരാണ്. രാജ്യത്തെ ഒറ്റക്കെട്ടായി ഒറ്റലക്ഷ്യത്തോടെ സേവിക്കും. ഇപ്പോള്‍ നേടിയ വിജയത്തോടെ രാജ്യം കൊടുങ്കാറ്റില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായെന്ന് പറയാനാകും. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതം ഉറപ്പ് നല്‍കും' താലിബാന്‍ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ താലിബാന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ അടുത്ത അനുയായി പറഞ്ഞു. 'താലിബാന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണ്. പ്രതിരോധ സഖ്യം ഇപ്പോഴും പര്‍വ്വതങ്ങള്‍ക്ക് മുകളില്‍ പഞ്ച്ഷിറിനായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.പക്ഷേ, താലിബാന് സഹായവുമായി പാകിസ്താന്റെ ഡ്രോണുകളും ഹെലികോപ്റ്ററുകളും മേഖലയിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, തങ്ങളുടെ നേതാവായ അഹമ്മദ് മസൂദ് സുരക്ഷിതനാണെന്നും എത്രയും പെട്ടന്ന് തന്നെ അഫ്ഗാന്‍ ജനതയെ അഭിസംബോധന ചെയ്യുമെന്നും എന്‍.ആര്‍.എഫ് സംയുക്ത സഖ്യത്തിന്റെ വക്താവ് അലി നസ്രി അറിയിച്ചു. പഞ്ച്ഷിറില്‍ പതാക ഉയര്‍ത്തിയതായി താലിബാന്‍ നടത്തിയ പ്രസ്താവന അദ്ദേഹവും നിഷേധിച്ചു. പതാക ഉയര്‍ത്തുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് താലിബാന്‍ വിജയം പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോഴും വടക്കന്‍ സഖ്യം തോറ്റതായി സമ്മതിച്ചിട്ടില്ല. തങ്ങളുടെ നേതാക്കളും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയും സുരക്ഷിതരാണെന്നാണ് സേന പറയുന്നത്. പോരാട്ടം തുടരുമെന്നും ട്വീറ്റ് ചെയ്തു. പഞ്ച്ഷിറില്‍ താലിബാന്‍ നടത്തിയ ആക്രമണത്തെ ഇറാന്‍ അപലപിച്ചു. വിദേശകാര്യവകുപ്പ് വക്താവ് സയീദ് ഖത്തീസ്സാദേയാണ് പ്രസ്താവന നടത്തിയത്.

ഞായറാഴ്ച രാത്രി പാക് സൈനിക ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ ആക്രണത്തെ തുടര്‍ന്ന് 8 ജില്ലകള്‍ പിടിച്ചുകൊണ്ടാണ് താലിബാന്‍ ഭീകരര്‍ മേല്‍ക്കൈ നേടിയതെന്ന് സൂചന വിദേശ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. അതിനിടെ വടക്കന്‍ സഖ്യത്തിന്റെ വക്താവ് ഫഹിം ദാസ്തിയെ വധിച്ചതായും വാര്‍ത്ത വന്നിരുന്നു.

അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ട്.പാകിസ്താന്‍, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് താലിബാന്‍ സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.ഇവര്‍ക്ക് പുറമെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഘട്ടങ്ങളല്‍ ഈ രാജ്യങ്ങള്‍ താലിബാന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അഫ്ഗാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യം വിടാതെ തങ്ങളുടെ എംബസി തുറന്ന് പ്രവര്‍ത്തിപ്പിച്ച രാജ്യങ്ങളാണ് റഷ്യയും ചൈനയും പാകിസ്താനും. താലിബാന്‍ അനുകൂല ട്വിറ്റര്‍ പേജിലാണ് ഈ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി പറയുന്നത്.

അമേരിക്കയ്ക്കും താലിബാനും ഇടയില്‍ മദ്ധ്യസ്ഥത വഹിച്ചത് ഖത്തറാണ്. അഫ്ഗാന്‍ അമേരിക്കന്‍ സൈന്യത്തിന്റെ കീഴിലായിരുന്ന സമയത്തും ഖത്തറാണ് പ്രധാന താലിബാന്‍ നേതാക്കള്‍ക്ക് അഭയം നല്‍കിയത്.അതേസമയം ഏത് ദിവസമാണ് ചടങ്ങ് നടക്കുന്നത് എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.ഇക്കാര്യത്തിലെ അനിശ്ചിതത്വം നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

താലിബാന്റെ പരമോന്നത നേതാവായ മൗലവി ഹൈബത്തുള്ള അഖുന്‍സദയായിരിക്കും പുതിയ സര്‍ക്കാരിന്റേയും പരമാധികാരിയെന്നാണു സൂചന. അഖുന്‍സദയുടെ കീഴിലായിരിക്കും സര്‍ക്കാരിലെ മറ്റെല്ലാവരും. മുല്ല അബ്ദുള്‍ ഖനി ബറദര്‍, സിറാജ്ജുദ്ദീന്‍ ഹഖാനി, മുല്ല മുഹമ്മദ് യാക്കൂബ്, കാരി ദിന്‍ മുഹമ്മദ് ഹനീഫ്, മൗലവി അബ്ദുള്‍ സലാം ഹനഫി, മുല്ല അബ്ദുള്‍ ഹഖീം, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റെനക്സായി, കാരി ഫസിഹുദ്ദീന്‍ തുടങ്ങിയ താലിബാന്‍ നേതാക്കളായിരിക്കും പുതിയ സര്‍ക്കാരിലേയും അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.