ബുഡാപെസ്റ്റ്: സഭയ്ക്ക് നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നത് തുടരണമെന്നും കര്‍ദ്ദിനാള്‍ ആഞ്ചലോ ബാഗ്നസ്‌കോ. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ആരംഭിച്ച അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യൂറോപ്യന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബാഗ്നസ്‌കോ.
സുവിശേഷത്തിന്റെ മുഖവും ദിവ്യകാരുണ്യത്തിലെ സാന്നിധ്യവുമായ 'യേശു' എന്ന നാമമല്ലാതെ ആദരിക്കുവാനും പ്രഘോഷിക്കുവാനും സഭക്ക് മറ്റൊരു നാമമില്ലെന്നും ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, എല്ലാ എകാന്തതകള്‍ക്കും ദൂരങ്ങള്‍ക്കും അതീതമാണ് വിശുദ്ധ കുര്‍ബാനയെന്നും പറഞ്ഞു.
നിശബ്ദതയിലേക്ക് ചുരുങ്ങുവാന്‍ സഭക്ക് കഴിയുകയില്ല. ഉത്ഥിതനായ ക്രിസ്തുവിന്റെ മഹത്വം ഓരോ മനുഷ്യനിലേക്കും പകരണം. നമ്മുടെ ശബ്ദം ദുര്‍ബ്ബലമായിരിക്കാമെങ്കിലും അത് നമ്മുടെ രക്തസാക്ഷികളുടെ നിണത്താല്‍ അടയാളപ്പെടുത്തപ്പെട്ട നൂറ്റാണ്ടുകളെ പ്രതിധ്വനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'ക്രിസ്തുവാകുന്ന നമ്മുടെ ആനന്ദമാണ് ഏറ്റവും മഹത്തായത്. നിത്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിന്റെ ദാഹത്തോടൊപ്പം നീ ഏകനല്ല, നീ എവിടേയാണെങ്കിലും നീ അദൃശ്യനല്ല, ദൈവം സ്‌നേഹത്തോടെ നിന്നെ നോക്കുന്നുണ്ട്. നീ അനാഥനല്ല, ദൈവമാണ് നിന്റെ പിതാവ്. ലോകത്തിന്റെ രക്ഷകനും നിത്യജീവന്റെ അപ്പവുമായ യേശുവിന്റെ രക്തത്തോളം മൂല്യം നിനക്കുമുണ്ട' ്- ജെനോവയിലെ മുന്‍ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ബാഗ്‌നാസ്‌കോ പറഞ്ഞു.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ നൂറോളം രാജ്യങ്ങളില്‍ നിന്നായി ആയിരങ്ങളാണ് വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടന്ന തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തത്. വിശ്വാസികളും ഹംഗറിയിലെ കത്തോലിക്ക സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അടക്കം ആയിരം പേരടങ്ങുന്ന ഗായക സംഘത്തിന്റെ ഗാനശുശ്രൂഷ വിശുദ്ധ കുര്‍ബാനക്ക് അകമ്പടിയായി.
സെപ്റ്റംബര്‍ 12 ന് ഹീറോസ് സ്‌ക്വയറില്‍ പാപ്പായുടെ ദിവ്യബലിയര്‍പ്പണത്തോടെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിക്കും. 2000 ത്തിനു ശേഷം ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ആദ്യ പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.