ജറുസലേം: ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ആറ് പലസ്തീന്‍ തടവുകാര്‍ ജയിലിനു പുറത്തേക്കു വലിയ തുരങ്കം നിര്‍മിച്ച് ഹോളിവുഡ് സ്‌റ്റൈലില്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ പോലീസും സൈന്യവും കമാണ്ടോകളും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ പോലീസ് അറിയിച്ചു. തടവുകാര്‍ ജയിലിനു പുറത്തെത്താന്‍ ഉപയോഗിച്ച തുരങ്കത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. തടവുകാര്‍ തുരങ്കം വഴി രക്ഷപ്പെട്ടതായി ഒരു ഇസ്രയേലി മാധ്യമമാണു റിപ്പോര്‍ട്ട് ചെയ്തത്.
ജയിലില്‍നിന്നു രക്ഷപ്പെട്ട പ്രതികള്‍
വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ആറ് പലസ്തീന്‍ തടവുകാരാണ് അതിസാഹസികമായി രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരില്‍ പലസ്തീന്‍ പാര്‍ട്ടി ഫത്തയുടെ സൈനിക വിഭാഗത്തിന്റെ കമാന്‍ഡര്‍ സക്കരിയ സുബൈദിയുമുണ്ട്. ഇസ്രായേലിലെ വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്ഫോടനകേസിലെ മുഖ്യപ്രതിയാണ് സക്കരിയ. സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് ജിഹാദ് എന്ന സായുധ സംഘത്തിന്റെ അംഗങ്ങളാണു മറ്റുള്ളവര്‍. ഇവര്‍ ജോര്‍ദാനിലേക്ക് കടക്കാനാണ് സാധ്യതയെന്നാണ് ഇസ്രായേല്‍ സുരക്ഷാ വൃത്തങ്ങള്‍ സംശയിക്കുന്നത്.
ഇസ്രായേലിലെ ഗില്‍ബോവ ജയില്‍
വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെയാണ് ഗില്‍ബോവ ജയില്‍. ഭീകരവാദമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട നാനൂറോളം പലസ്തീന്‍കാരാണ് ഇവിടത്തെ തടവുകാരിലേറെയും. അതീവസുരക്ഷാ ക്രമീകരണങ്ങള്‍ നിലവിലുള്ള ജയിലാണ് ഇത്.
പുലര്‍ച്ചെ ഒന്നര മണിക്കാണ് ജയിലിനു പുറത്തുള്ള ഒരു ഗ്യാസ് സ്റ്റേഷനടുത്ത് നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി ഒരു ടാക്സി ഡ്രൈവര്‍ പോലീസില്‍ അറിയിക്കുന്നതൈന്ന് ഹാരെറ്റ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു മിനിറ്റിനകം പോലീസ് എത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്, മൂന്ന് തടവുപുള്ളികള്‍ രക്ഷപ്പെട്ടതായി അറിയുന്നത്. രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷപ്പെട്ടത് ആറു പേരാണെന്ന് കണ്ടെത്തിയത്. കാലത്ത് അഞ്ചു മണിയോടെയാണ് സെല്ലിനു താഴെയായി ജയിലിനു പുറത്തേക്ക് പണിത തുരങ്കം കണ്ടെത്തിയത്. തുടര്‍ന്ന്, പോലീസും സൈന്യവും ചേര്‍ന്ന് ജയിലും പരിസരവും വ്യാപക തെരച്ചില്‍ നടത്തുകയായിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാര്‍ കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. കുളിമുറിയുടെ സിങ്കിനടിയിലായാണ് തുരങ്കം നിര്‍മിച്ചത്. ഒരേ സെല്ലില്‍ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ജയില്‍ ചാട്ടമെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്. രക്ഷപ്പെട്ടവരെ സഹായിക്കുന്നതിന് ഒരു കാര്‍ പുറത്തുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ജയിലില്‍നിന്നും കൂടുതല്‍ പലസ്തീന്‍ തടവുകാരെ തുരങ്കം വഴി പുറത്തെത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും വിവരങ്ങളുണ്ട്.
എല്ലാ സുരക്ഷാ സന്നാഹങ്ങളും ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട അതീവഗുരുതരമായ സംഭവമാണ് ഇതെന്ന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. പൊതുസുരക്ഷാ മന്ത്രി ഒമാര്‍ ബാര്‍ ലെവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇസ്രായേലി ജയില്‍ വകുപ്പ് പ്രസ്താവനയിറക്കി.
അതിനിടെ, വീരോചിതമായ തടവുചാട്ടമാണ് നടന്നതെന്ന് പലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ പ്രതിരോധ സംവിധാനത്തിനാകെ ഈ സംഭവം നടുക്കം ഉണ്ടാക്കിയെന്നും പ്രസ്താവന വ്യക്തമാക്കി. പലസ്തീന്‍ തടവുകാരുടെ ധീരതയുടെ തെളിവാണ് തടവുചാട്ടമെന്ന് ഹമാസ് വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.